video
play-sharp-fill
നെടുങ്കണ്ടം ഉരുട്ടിക്കൊല : സിബിഐ അന്വേഷണത്തിന് ഉത്തരവ് ; മുൻ എസ്പി അടക്കം കുടുങ്ങും

നെടുങ്കണ്ടം ഉരുട്ടിക്കൊല : സിബിഐ അന്വേഷണത്തിന് ഉത്തരവ് ; മുൻ എസ്പി അടക്കം കുടുങ്ങും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ അന്വേഷണം സി.ബി.ഐക്കു വിടാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് കൊല്ലപ്പെട്ട രാജ്കുമാറിന്റെ ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കണ്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇക്കാര്യത്തിലെ അന്വേഷണം സി.ബി.ഐയ്ക്ക് വിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതെന്നാണ് വിവരം.? രാജ്കുമാറിനെ ജൂൺ 12 മുതൽ 16 വരെ അന്യായമായി കസ്റ്റഡിയിൽവച്ചു പീഡിപ്പിച്ചെന്നും ക്രൂരവും പൈശാചികവുമായ മർദ്ദനത്തിനിരയാക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസിൽ പീരുമേട് ജയിലിൽ റിമാൻഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാർ ജൂൺ 21നാണ് മരിച്ചത്. രാജ്കുമാറിന് കസ്റ്റഡി മർദ്ദനം ഏറ്റിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സംഭവത്തിൽ പ്രതികളെന്ന് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പിന്നാലെ സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. തുടർന്ന് വാഗമൺ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ അടക്കിയിരുന്ന രാജ്കുമാറിന്റെ മൃതദേഹം ജുഡിഷ്യൽ അന്വേഷണ കമ്മിഷന്റെ നിർദ്ദേശാനുസരണം 37 ദിവസത്തിന് ശേഷം പുറത്തെടുത്ത് റീ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കി. ജുഡിഷ്യൽ കമ്മിഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ്, ഇടുക്കി ആർ.ഡി.ഒ അതുൽ എസ്. നാഥ്, മുൻ ആർ.ഡി.ഒ എൻ.വിനോദ്, പീരുമേട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കൃഷ്ണപ്രഭൻ, കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ് മോഹൻ, കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തലവൻ ജോൺസൺ ജോസഫ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു നടപടികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വീഴ്ചകളുണ്ടെന്ന വിലയിരുത്തലിലാണ് ജുഡിഷ്യൽ കമ്മിഷൻ റീ പോസ്റ്റുമോർട്ടം ആവശ്യപ്പെട്ടത്. ആദ്യം മുറിവുകളുടെ പഴക്കം കണ്ടെത്തുകയോ ആന്തരികാവയവങ്ങൾ പരിശോധിക്കുകയോ ചെയ്തിരുന്നില്ല. വാരിയെല്ലുകൾ പൊട്ടിയതെങ്ങനെയെന്നും കണ്ടെത്തിയിരുന്നില്ല. ന്യുമോണിയ തന്നെയാണോ മരണകാരണമെന്നും സ്ഥിരീകരിക്കേണ്ടിയിരുന്നു. രാജ്കുമാറിന് പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദ്ദനമേറ്റെന്ന് റീ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ആദ്യ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താതെ പോയ ചില പരിക്കുകളും ഈ അവസരത്തിൽ കണ്ടെത്തിയിരുന്നു.