
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ബുധനാഴ്ച രാത്രി ദുബായില്‍നിന്ന് എത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍നിന്ന് 6.7 കിലോ സ്വര്‍ണം പിടിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു. ആറുപേരെ ഡി.ആര്‍.ഐ. കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.
വിമാനത്തില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം പൊതിഞ്ഞ് സീറ്റിനടിയില്‍ വെച്ചിരിക്കുകയായിരുന്നു. ദുബായില്‍നിന്ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വിമാനം ഡല്‍ഹിക്കാണ് പോകുന്നത്. ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിക്കൊണ്ടുവന്ന മൂന്നുപേരെയും കൊച്ചിയില്‍നിന്ന് ഡല്‍ഹിക്ക് പോകാനായി വിമാനത്തില്‍ കയറിയ മൂന്നുപേരെയുമാണ് ഡി.ആര്‍.ഐ. കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ആറ് പേരും മലപ്പുറം സ്വദേശികളാണ്.
ദുബായില്‍നിന്ന് സ്വര്‍ണവുമായി കയറുന്നവര്‍ വിമാനത്തിലെ സീറ്റിനടിയില്‍ സ്വര്‍ണം ഒളിപ്പിക്കും. കൊച്ചിയില്‍നിന്ന് ആഭ്യന്തര യാത്രക്കാരായി കയറുന്ന സ്വര്‍ണക്കടത്ത് സംഘാംഗങ്ങള്‍ ഈ സ്വര്‍ണം എടുത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിക്കും. കള്ളക്കടത്ത് സംഘങ്ങള്‍ പതിവായി നടത്താറുള്ള രീതിയാണിത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് മൂന്നരക്കോടിയിലധികം രൂപ വില വരും. പിടിയിലായവരില്‍ ചിലര്‍ മുന്‍പും ഇത്തരത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് സൂചന.

Whatsapp Group 1 | Whatsapp Group 2 |Telegram Group