സ്വന്തം ലേഖകൻ
കോട്ടയം: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുക്കിംങ് ഓട്ടത്തിനെത്തിയ ഡ്രൈവർമാർക്കു നേരെ ടാക്‌സി ഡ്രൈവർമാഫിയയുടെ ഗുണ്ടായിസം. കോട്ടയം അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മുൻകൂട്ടി ബുക്ക് ചെയ്‌തെത്തുന്നവരെയാണ്, ഇവിടുത്തെ ടാക്‌സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തുന്നത്.
ലോക്ക് ഡൗണിനു ശേഷം വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിവിധ ജില്ലകളിൽ നിന്നുള്ള ആളുകൾ നെടുമ്പാശേരിയിൽ എത്താൻ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ എത്തുന്നവരിൽ പലരും മുൻകൂട്ടി ബുക്ക് ചെയ്ത ശേഷമാണ് എത്തുന്നത്. ഇത്തരത്തിൽ ബുക്ക് ചെയ്ത ആളുകളെ വീടുകളിലും ക്വാറന്റൈൻ കേന്ദ്രങ്ങളിലും എത്തിക്കുന്നതിനായാണ് ടാക്‌സി ഡ്രൈവർമാർ അടക്കമുള്ളവർ സർവീസ് നടത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ആദ്യ ഘട്ടങ്ങളിൽ ടാക്‌സി ഡ്രൈവർമാർ നെടുമ്പാശേരി വിമാനത്താവളങ്ങളിൽ എത്തുമ്പോൾ ഇവിടുത്തെ പ്രീ പെയ്ഡ് ടാക്‌സി ഡ്രൈവർമാർക്കു പ്രശ്‌നങ്ങൾ ഒന്നുമില്ലായിരുന്നു. എന്നാൽ, ലോക്ക് ഡൗണിലെ ഇളവുകൾ ലഭിക്കുകയും കൂടുതൽ ടാക്‌സികൾ സർവീസിനായി എത്തുകയും ചെയ്തതോടെയാണ് ടാക്‌സി ഡ്രൈവർമാർ ഗുണ്ടായിസവുമായി രംഗത്ത് എത്തിയത്.
മുൻകൂട്ടി ബുക്ക് ചെയ്തു, സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് തന്നെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്നവരെ പോലും യാതൊരു മാനദണ്ഡവുമില്ലാതെ ഭീഷണിപ്പെടുത്തുകയാണ് ഇപ്പോൾ ടാക്‌സി ഡ്രൈവർമാർ. ഞങ്ങൾക്കു മാത്രമാണ് ഇവിടെ ഓടാൻ അവകാശമെന്ന ഭീഷണിയാണ് ഇവർ ഉയർത്തുന്നത്. മറ്റുള്ള ആരെയും ഓടാൻ അനുവദിക്കില്ലെന്നും ഇവർ ഭീഷണി മുഴക്കുന്നു.
ഭീഷണിയും ശല്യവും അസഹ്യമായതോടെ ഒരു വിഭാഗം ടാക്‌സി ഡ്രൈവർമാർ ചേർന്നു നെടുമ്പാശേരിയിലെ പ്രീപെയ്ഡ് ടാക്‌സി ഡ്രൈവർമാരുടെ ഗുണ്ടായിസത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. നെടുമ്പാശേരി പൊലീസിലാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. ഈ പരാതിയിന്മേൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും സ്വതന്ത്രമായി വാഹനം ഓടിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കി നൽകണമെന്നും ഇവർ പൊലീസിനോട് അഭ്യർത്ഥിക്കുന്നു.