പ്രസവശസ്‌ത്രക്രിയയ്‌ക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധത്തിന് പിന്നാലെ നടപടി; ഡോക്‌ടറെ സ്ഥലം മാറ്റി

Spread the love

തിരുവനന്തപുരം: പ്രസവശസ്‌ത്രക്രിയയ്‌ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെ സ്ഥലംമാറ്റി.

video
play-sharp-fill

നിലവില്‍ ഡോ. ബിന്ദു സുന്ദറിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച്‌ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞിന്റെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധസമരം ആരംഭിച്ചതിനെത്തുടർന്നാണ് നടപടി.ഇതേ ഡോക്‌ടർക്കെതിരെ നേരത്തെയും ചികിത്സാപ്പിഴവ് സംബന്ധിച്ചുള്ള ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് അന്വേഷണം പ്രഖ്യാപിച്ചതല്ലാതെ മറ്റ് നടപടികളിലേക്കൊന്നും ആരോഗ്യ വകുപ്പ് കടന്നിരുന്നില്ല.

കഴിഞ്ഞ ദിവസമാണ് പ്രസവശസ്‌ത്രക്രിയയ്‌ക്കിടെ പാലോട് സ്വദേശി രഞ്ജനയുടെ കുഞ്ഞ് മരിച്ചത്. ബന്ധുക്കള്‍ പ്രതിഷേധിച്ചതിനെ തുടർന്ന് നിർബന്ധിത അവധിയില്‍ പോകണമെന്ന് ഡോക്‌ടർക്ക് ആരോഗ്യ വകുപ്പ് ഡയറക്‌ടർ നിർദേശം നല്‍കിയിരുന്നു. ഇവരെ തിരികെ ആശുപത്രിയില്‍ പ്രവേശിപ്പിക്കില്ലെന്നും ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍, ഈ നടപടി തൃപ്‌തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പ്രതിഷേധം തുടരുകയായിരുന്നു. ഡോക്‌ടറെ സസ്‌പെൻഡ് ചെയ്യാതെ കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ നിലപാടെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

കഴിഞ്ഞ ദിവസമാണ് പൂർണഗർഭിണിയായ രഞ്ജനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്‌ക്കായി എത്തിയപ്പോള്‍ പ്രസവത്തിനായി അഡ്‌മിറ്റാകാൻ നിർദേശിക്കുകയായിരുന്നു.

രാവിലെ നാല് മണിയോടെ ലേബർ റൂമില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്‌ക്ക് രണ്ട് മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും പിന്നാലെ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നു.

ശസ്‌ത്രക്രിയ നടത്താൻ താമസം നേരിട്ടതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. കുഞ്ഞിന്റെ മരണത്തില്‍ വിശദീകരണം നല്‍കാതെ ഡോ. ബിന്ദു സ്ഥലംവിടുകയായിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.