നെടുങ്കണ്ടം ഉരുട്ടിക്കൊല : പൊലീസ് സർജനും പ്രതിപ്പിട്ടികയിലേക്ക് ; തിരിമറി നടത്തിയതാരൊക്കെ ?
സ്വന്തം ലേഖകൻ
തൊടുപുഴ : രാജ് കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തപ്പോഴുള്ള പുതിയ കണ്ടെത്തലുകൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഗതി മാറ്റും. കേസിൽ കൂടുതൽ പൊലീസുകാർ പ്രതികളാകുമെന്നു സൂചന. മൃതദേഹം ആദ്യം പോസ്റ്റ്മോർട്ടം ചെയ്ത പൊലീസ് സർജൻ ഉൾപ്പെടെയുള്ളവർ വകുപ്പുതല നടപടി നേരിടേണ്ടി വരുമെന്നതും ഉറപ്പായി.
കുമാറിന്റെ മൃതദേഹം, കോട്ടയം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം അസി. പ്രഫസറും പിജി വിദ്യാർഥിയും ചേർന്നാണ് ആദ്യം പോസ്റ്റ്മോർട്ടം ചെയ്തത്. മൃതദേഹത്തിലെ മുറിവുകളുടെ പഴക്കം രേഖപ്പെടുത്താത്തതും, ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി അയയ്ക്കാത്തതും ഏറെ വിമർശനത്തിനിടയാക്കി. തുടർന്നാണു മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ ജുഡീഷ്യൽ കമ്മിഷൻ ഉത്തരവിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തള്ളി ജുഡീഷ്യൽ കമ്മിഷൻ ശക്തമായി രംഗത്തെത്തിയതോടെ ക്രൈംബ്രാഞ്ചും കേസ് അന്വേഷണത്തിന്റെ ഗതി മാറ്റുന്നതിന്റെ ആലോചനയിലാണ്. കസ്റ്റഡി മരണക്കേസിൽ മുൻ നെടുങ്കണ്ടം എസ്ഐ ഉൾപ്പെടെ 7 പേരെ മാത്രമാണു ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.ഇടുക്കി മുൻ എസ്പി, കട്ടപ്പന മുൻ ഡിവൈഎസ്പി എന്നിവരുടെ പങ്ക് സംബന്ധിച്ച്, അറസ്റ്റിലായ ഉദ്യോഗസ്ഥർ എല്ലാവരും മൊഴി നൽകിയെങ്കിലും, ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തയാറായിട്ടില്ല.
ആദ്യ പോസ്റ്റ്മോർട്ടത്തെക്കാൾ കൂടുതൽ മുറിവുകൾ കുമാറിന്റെ മൃതദേഹത്തിൽ ഉണ്ടെന്നും ചതവുകളാണു ഏറെയുമെന്നാണു കസ്റ്റഡി മരണം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് അറിയിച്ചത്. വിശദമായ റിപ്പോർട്ട് 2 ആഴ്ചയ്ക്കുള്ളിൽ, വിദഗ്ധ സംഘം ജുഡീഷ്യൽ കമ്മിഷനു കൈമാറും.