play-sharp-fill
കലാപത്തെ കുറിച്ച് എന്തിന് കുട്ടികളെ പഠിപ്പിക്കണം? വിദ്വേഷവും ഹിംസയും സ്കൂളിൽ പഠിപ്പിക്കേണ്ട വിഷയങ്ങളല്ല, അപ്രധാനമായത് മാറ്റേണ്ടി വരും, പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയ നടപടിയിൽ പ്രതികരണവുമായി എൻ.സി.ഇ.ആർ.ടി ഡയറക്ടർ

കലാപത്തെ കുറിച്ച് എന്തിന് കുട്ടികളെ പഠിപ്പിക്കണം? വിദ്വേഷവും ഹിംസയും സ്കൂളിൽ പഠിപ്പിക്കേണ്ട വിഷയങ്ങളല്ല, അപ്രധാനമായത് മാറ്റേണ്ടി വരും, പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയ നടപടിയിൽ പ്രതികരണവുമായി എൻ.സി.ഇ.ആർ.ടി ഡയറക്ടർ

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തില്‍നിന്ന് ബാബറി മസ്ജിദെന്ന പേര് ഒഴിവാക്കുകയും രാമജന്മഭൂമി ആവശ്യവും അടങ്ങിയ പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയ നടപടി വിവാദമായതോടെ വിശദീകരണവുമായി എൻ.സി.ഇ.ആർ.ടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനി.

പാഠ്യപദ്ധതിയെ കാവി വൽക്കരിക്കാനുള്ള ഒരു നീക്കവും ഇല്ലെന്നും, മാറ്റം തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണെന്നും സക്ലാനി പറഞ്ഞു. കുട്ടികളെ കലാപത്തെക്കുറിച്ച് പഠിപ്പിക്കുന്നത് എന്തിനാണെന്നും ഡയറക്ടർ ചൂണ്ടിക്കാട്ടി.


“എന്തിനാണ് കുട്ടികളെ കലാപത്തെ കുറിച്ച് പഠിപ്പിക്കുന്നത്‍? അക്രമകാരികളോ അടിച്ചമർത്തപ്പെട്ടവരോ ആയ പൗരന്മാരെ സൃഷ്ടിക്കലല്ല പാഠപുസ്തകത്തിന്‍റെ ഉദ്ദേശ്യം. വസ്തുതകളാണ് ചരിത്രത്തിൽ പഠിപ്പിക്കേണ്ടത്. വിദ്വേഷവും ഹിംസയും സ്കൂളിൽ പഠിപ്പിക്കേണ്ട വിഷയങ്ങളല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാഠപുസ്തകങ്ങൾ പരിഷ്കരിക്കുകയെന്നത് ലോകത്ത് എല്ലായിടത്തും നടക്കുന്ന കാര്യമാണ്. അപ്രധാനമായത് എന്തെങ്കിലും ഉണ്ടെങ്കിൽ അത് മാറ്റേണ്ടിവരും. ഓരോ വിഷയത്തിലും വൈദഗ്ധ്യവും പരിചയസമ്പത്തും ഉള്ളവരാണ് മാറ്റം വരുത്തുന്നത്. പാഠ്യപദ്ധതിയെ കാവി വൽക്കരിക്കാനുള്ള ഒരു നീക്കവുമില്ല” -വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സക്ലാനി പറഞ്ഞു.

ബാബറി മസ്ജിദ് തകർത്തും രാമജന്മഭൂമി ആവശ്യവും അടങ്ങിയ പാഠഭാഗങ്ങളിൽ മാറ്റമുണ്ടാകുമെന്ന് നേരത്തെ എൻ.സി.ഇ.ആർ.ടി വ്യക്തമാക്കിയിരുന്നെങ്കിലും എത്രത്തോളം വെട്ടിമാറ്റിയെന്ന് ഇപ്പോഴാണ് പുറത്തുവരുന്നത്.16-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ബാബറിന്‍റെ ജനറൽ മിർ ബാഖി പണികഴിപ്പിച്ച മസ്ജിദ് എന്നാണ് പഴയ പാഠപുസ്തകം ബാബറി മസ്ജിദിനെ പരിചയപ്പെടുത്തിയിരുന്നത്.

ഇപ്പോൾ, ‘ശ്രീരാമന്‍റെ ജന്മസ്ഥലത്ത് 1528ൽ നിർമ്മിച്ച മൂന്ന് താഴികക്കുട നിർമ്മിതി. ഘടനയിൽ ഹിന്ദു ചിഹ്നങ്ങളുടെയും അവശിഷ്ടങ്ങളുടെയും ദൃശ്യമായ പ്രദർശനങ്ങൾ അതിന്‍റെ അകത്തളങ്ങളിലും ബാഹ്യ ഭാഗങ്ങളിലും ഉണ്ടായിരുന്നു’ -എന്നാക്കി മാറ്റിയിരിക്കുന്നു.

ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് ബി.ജെ.പി നടത്തിയ രഥയാത്ര, കർസേവകരുടെ പങ്ക്, ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തതിന് പിന്നാലെയുണ്ടായ വർഗീയ കലാപം, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്, അയോധ്യയിലെ സംഭവങ്ങളിൽ ബി.ജെ.പി നടത്തിയ ഖേദ പ്രകടനം എന്നിവ വെട്ടിമാറ്റിയണ് പുസ്തകം ഇറക്കിയിരിക്കുന്നത്.