അടിമുടി അനാസ്ഥ,നയനാ സൂര്യയുടെ അന്വേഷണത്തില്‍ പിഴവിന് തെളിവുകള്‍ ഏറെ; പ്രിന്‍സിപ്പല്‍ എസ് ഐ നോക്കി നില്‍ക്കേ എഎസ്‌ഐ ഇന്‍ക്വിസ്റ്റ് തയ്യാറാക്കി; അന്വേഷണ വീഴ്ചയ്ക്ക് തെളിവായുള്ള ഫോട്ടോ ക്രൈംബ്രാഞ്ചിന്; ഡിവൈഎസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ വീഴ്ചയും പരിശോധിക്കുന്നു; നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമോ നല്‍കും; ലെനിന്‍ രാജേന്ദ്രന്റെ സുഹൃത്തുക്കളും നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: യുവ സംവിധായിക നയനാ സൂര്യയുടെ ദുരൂഹ മരണത്തിൽ പോലീസിന് അടിമുടി അനാസ്ഥ.തുടക്കത്തിൽ കേസ് അന്വേഷിച്ച തിരുവനന്തപുരം മ്യൂസിയം പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ച ഉണ്ടായതായി ക്രൈം ബ്രാഞ്ച് എസ്പി: മധുസൂദനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിലയിരുത്തി.
നയനയുടെ മൃതദേഹത്തിന്റെ ഇൻക്വിസ്റ്റ് തയ്യാറാക്കുന്ന വേളയിൽ അന്നത്തെ പ്രിൻസിപ്പൽ എസ്ഐ നോക്കി നിൽക്കവേ എഎസ്ഐയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇതു സംബന്ധിച്ച ഫോട്ടോഗ്രാഫ്സ് പ്രത്യേക സംഘത്തിന് ലഭിച്ചു. പ്രിൻസിപ്പൽ എസ്ഐ
സംഭവസ്ഥലത്തുണ്ടായിട്ടും എന്തുകൊണ്ട് എഎസ്ഐ ഇൻക്വിസ്റ്റ് തയ്യാറാക്കി എന്ന ചോദ്യമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് ഉന്നതരോട് ചോദിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരമൊരു മരണത്തിൽ പൊലീസ് പ്രാഥമികമായി ചെയ്യേണ്ടിയിരുന്ന കാര്യങ്ങളിൽ പോലും വീഴ്ചയുണ്ടായി.ലാപ്ടോപ്പിലെ ഡേറ്റ പൂർണമായും നശിപ്പിച്ച നിലയിലും മൊബൈൽഫോണിലെ സന്ദേശങ്ങൾ മായ്ച്ച നിലയിലുമായിരുന്നു വീട്ടുകാർക്ക് മടക്കി നൽകിയത്.മരണം നടന്ന് മാസങ്ങൾക്കുശേഷം ഒരു വൻ തുകയുടെ ചെക്ക് കേസുമായി ബന്ധപ്പെട്ട് വീട്ടുകാർക്ക് വക്കീൽ നോട്ടീസ് ലഭിച്ചിരുന്നു.എന്നാൽ വീട്ടുകാർ അത് കാര്യമായി എടുത്തില്ല.നയനയുടെ പേരിൽ തിരുവനന്തപുരത്ത് വസ്തു ഇടപാടുകളോ മറ്റ് പണമിടപാടുകളോ നടന്നിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
ഇതിനിടെ, നയനാ സൂര്യയുടെ മരണവും പരേതനായ സംവിധായകന്റെ ചികിത്സാ ചെലവിനായി ലഭിച്ച 40 ലക്ഷം രൂപയുടെ ഫണ്ടിനും തമ്മിൽ ബന്ധമുണ്ടോയെന്ന് ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. ഫണ്ട് വിനിയോഗത്തെ തുടർന്നു ചില തർക്കങ്ങളും വഴക്കും നടന്നതായി ക്രൈം ബ്രാഞ്ചിന് വിവരം ലഭിച്ചു. ഫണ്ട് ചിലവഴിച്ച രീതിയെ കുറിച്ച് മരണപ്പെട്ട നയന സൂര്യയ്ക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
മരണപ്പെടുന്നതിന് ഒരാഴ്ച മുൻപ് നയനാ സൂര്യയ്ക്ക് മർദനമേറ്റിരുന്നു. മുഖത്ത് അടിയേറ്റതിന്റെ കറുത്ത പാട് ഉണ്ടായിരുന്നതായി അടുത്ത സുഹൃത്തുകൾ ഓർമ്മിക്കുന്നു. സംവിധായകൻ ലെനിൻ രാജേന്ദ്രനുമായി വളരെ
അടുപ്പമുള്ളവരായിരുന്നു മർദ്ദിച്ചത്. ഫണ്ട് വിനിയോഗവുമായി നടന്ന സാമ്പത്തിക
ക്രമക്കേട് ചർച്ചയാക്കിയതാണ് കാരണം. നയനയുടെ സുഹൃത്തുക്കൾ അന്ന് ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല
മുഖം നീലിച്ചതിന്റെ പാട് ശ്രദ്ധയിൽപ്പെട്ട സുഹൃത്ത് ഇക്കാര്യം ചോദിച്ചപ്പോൾ ഒരുവശം ചരിഞ്ഞ് കിടന്നപ്പോൾ സംഭവിച്ചതാണെന്ന് പറഞ്ഞ് ആദ്യം നയന ഒഴിഞ്ഞുമാറി. പിന്നീട് ഇതേ സുഹൃത്തിനോട് തന്നെ ഒരാൾ
അടിക്കുകയായിരുന്നുവെന്ന് പറഞ്ഞു. നയന അവസാനം താമസിച്ചിരുന്ന
വീട്ടിലെത്തിയായിരുന്നു മർദനം. ആൽത്തറ ജങ്ഷന് സമീപത്തെ ഈ വാടക
വീട്ടിലായിരുന്നു നയനയെ 2019 ഫെബ്രുവരി ഇരുപത്തിനാലിന് മരിച്ച നിലയിൽ
കണ്ടെത്തിയത്.
മാനവീയം വീഥി കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ട്.
ഇതിലുള്ള ചിലരുമായി നയന അവസാന ദിവസങ്ങളിൽ പിണങ്ങിയിരുന്നു. മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് ഫോണിൽ വിളിച്ച് ഒരാൾ ഭീഷണിപ്പെടുത്തിയ കാര്യവും നയന ഉറ്റ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു.
സംവിധായകൻ ലെനിൻ രാജേന്ദ്രനുമായി ബന്ധപ്പെട്ടതാണ് മറ്റൊരു സംഭവം.ലെനിൻ അസുഖബാധിതനായി ആശുപത്രിയിലായ സമയത്ത് ചികിത്സച്ചെലവിനായി സുഹൃത്തുക്കളും സിനിമാ പ്രേമികളും ചേർന്ന് പണം സ്വരൂപിച്ചിരുന്നു.
ലെനിൻ രാജേന്ദ്രന്റെ മരണശേഷം ഈ പണപ്പിരിവിന്റെ കണക്ക് ആവശ്യപ്പെട്ട് നയന പലരുമായും വഴക്കിട്ടിരുന്നതായും വിവരമുണ്ട്. നയനയുടെ ഫോൺകോളുകൾ പോലും പരിശോധിക്കാതെയാണ് മ്യൂസിയം പൊലീസ്കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചത്.
അതേ സമയം, തന്നെ വന്നു കണ്ട കുടുംബാംഗങ്ങളോട്
നയനയുടെ മരണം ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.അതിനാൽത്തന്നെ മരണത്തിനുത്തരവാദികളെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയായി സർക്കാർ കാണുന്നു.
ലോക്കൽ പൊലീസിന്റെ കള്ളക്കളി പൊളിച്ചു കൊണ്ട് സംഭവത്തെ കുറിച്ച് പ്രാഥമികന്വേഷണം നടത്തിയ തിരുവനന്തപുരം ഡി.സി.ആർ.ബി അസി.കമ്മിഷണർ ജെ.കെ.ദിനിലിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ കൈവശം ഉണ്ട്. വിദേശ വനിതയുടെ ദുരൂഹ മരണം അടക്കം തെളിവില്ലാത്ത അൻപതിലധികം കേസുകൾ സമർത്ഥമായി തെളിയിച്ച ഡിവൈ.എസ്പിയാണ് ജെ.കെ.ദിനിൽ.
ശാസ്ത്രീയ തെളിവുകൾ നശിപ്പിക്കപ്പെട്ട കേസിന്റെ അന്വേഷണമാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. എന്നാൽ, സങ്കീർണമായ പല കേസുകളും നിഷ്പ്രയാസം തെളിയിച്ച ചരിത്രമാണ് ക്രൈംബ്രാഞ്ചിനുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ എസ്പി അടക്കമുള്ള ഉദ്യോഗസ്ഥർ കേസ് തെളിയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചതും ഇതേ വിശ്വാസത്തിലാണ്.
ക്രൈം ബ്രാഞ്ച് ഇക്കാര്യത്തിൽ ഇഴയുകയാണെങ്കിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കുമെന്നും സിബിഐ വരുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്നും ഉന്നത വൃത്തങ്ങൾ പറഞ്ഞു.