എ.കെ ശ്രീകുമാർ
കോട്ടയം: വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന ജനത്തിന് ഒന്നും നല്കാതെ നവകേരളസദസ് നടത്തി ജനങ്ങളെ വിഡ്ഢികളാക്കി മാറ്റിയ കാഴ്ചയാണ് 2023 അവസാനിച്ചപ്പോൾ നമ്മൾ കണ്ടത്. കാനം രാജേന്ദ്രന്റെ മരണത്തേ തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നവകേരള സദസ് ഇന്ന് നടക്കും. എന്നാൽ പ്രത്യേകിച്ച് നാടിന് ഗുണമുള്ളത് ഒന്നും ഉണ്ടാകില്ല എന്ന് ഉറപ്പാണ്.
അഴിമതിയും അക്രമവും കൊണ്ട് നിരാശരായ ജനങ്ങൾക്കൊപ്പം നില്ക്കാനോ, ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനോ പരിഹാരം കാണാനോ പ്രതിപക്ഷത്തിനും കഴിഞ്ഞില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നവകേരള യാത്രയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാർക്ക് ഡിവൈഎഫ്ഐ ക്കാരുടെ പൊരിഞ്ഞ അടി കിട്ടിയതാണ് യാത്ര കൊണ്ടുണ്ടായ ഗുണം .
യൂത്ത് കോൺഗ്രസുകാരേയും യുവമോർച്ചക്കാരേയും പൊലീസും ഡിവൈഎഫ്ഐയും വളഞ്ഞിട്ട് തല്ലിയിട്ടും പ്രതിപക്ഷവും ബിജെപിയും കാര്യമായ പ്രതിഷേധം സംഘടിപ്പിക്കാത്തതും ശ്രദ്ധേയമാണ്. ആർക്കൊക്കെയോ വേണ്ടി എന്തൊക്കെയോ വിളിച്ചു പറഞ്ഞു എന്നാല്ലാതെ ഒരിടത്തും കാര്യമായ ഒരു എതിർപ്പും, പ്രയോജനവും ഇല്ലാതെയാണ് നവകേരള യാത്ര കടന്ന് പോയത്.
എന്നാൽ യഥാർത്ഥ പ്രതിപക്ഷമായി പ്രവർത്തിച്ചത് ഇടുക്കിയിലെ മറിയക്കുട്ടി ചേച്ചിയാണ്. പിണറായി വിജയനേ നവകേരള യാത്രയുടെ തുടക്കം മുതൽ നിർത്തി പൊരിച്ചു കളഞ്ഞു മറിയക്കുട്ടി .
മറിയക്കുട്ടി ചേച്ചിയുടെ ഏഴയലത്ത് വരാൻ വി ഡി സതീശനും, കെ.സുരേന്ദ്രനും കഴിഞ്ഞില്ല. വി ഡി സതീശനെ ഇറക്കിവിട്ട് മറിയക്കുട്ടി ചേച്ചിയെ പ്രതിപക്ഷ നേതാവാക്കുകയാണ് യുഡിഎഫ് നേതൃത്വം ചെയ്യേണ്ടത്.
എന്തും വെട്ടിത്തുറന്നു പറയാനുള്ള ചങ്കുറ്റമാണ് മറിയക്കുട്ടിക്കുള്ളത്.
ആരുടെയോ പ്രേരണയാലാണ് മറിയക്കുട്ടി പ്രവർത്തിക്കുന്നതെന്നായിരുന്നു ഭരണപക്ഷത്തിന്റെ ആരോപണം. എന്നാൽ തനിക്ക് പെൻഷൻ കിട്ടാത്തതിനാലാണ് പ്രതിഷേധിക്കുന്നതെന്ന കാര്യം ആവർത്തിച്ചു വ്യക്തമാക്കുകയാണ് മറിയക്കട്ടി. ഒടുവിൽ ഹൈക്കോടതിയും മറിയക്കുട്ടി ചേച്ചിക്ക് ഒപ്പം നിന്നു.
എല്ലാവർക്കും രാഷ്ട്രീയമാകാമെങ്കിൽ തനിക്കും ആയിക്കൂടെ എന്ന ചോദ്യവും മറിയക്കുട്ടി ചേച്ചി ഉന്നയിക്കുന്നു.
സമരം നടത്തിയതിന് പിന്നില്‍ പെൻഷൻ ലഭിക്കണമെന്നത് മാത്രമായിരുന്നു . അതിന് ഏതറ്റം വരെയും പോകാന്‍ തയാറാണ് . തന്റെ പിന്നില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട് .
കോണ്‍ഗ്രസിന്റെയും ബിജെപിയുടേയുമടക്കം എല്ലാ പാര്‍ട്ടിക്കാരുടെയും പിന്തുണയുണ്ട്. മെത്രാനും മുഖ്യമന്ത്രിക്കും രാഷ്ട്രീയമുണ്ട്. ഞാന്‍ ഇന്ത്യന്‍ പൗരനല്ലേ? എനിക്കും രാഷ്ട്രീയമുണ്ട്. അതില്‍ എന്താണ് തെറ്റ്? എന്ന മറിയക്കുട്ടിയുടെ ചോദ്യം ഏറെ വൈറലായി.
മറിയക്കുട്ടിയെ പോലുള്ള സാധുക്കൾ ഒന്നും മിണ്ടാതെ എല്ലാം സഹിച്ചോണമെന്ന പാർട്ടിക്കാരുടെ ആഗ്രഹം ഇനി നടപ്പോവില്ലന്നും മറിയക്കുട്ടി ചേച്ചി തുറന്നടിക്കുന്നു. അതാണ്
മറിയക്കുട്ടി നല്കുന്ന സന്ദേശം.
ആർഹതപ്പെട്ട ആനുകൂല്യം നിഷേധിച്ചാൽ ഇനിയും നിരവധി മറിയക്കുട്ടിമാർ ഇതുപോലെ രംഗത്തു വരും.
കോടതി പോലും മറിയക്കുട്ടി ഉയർത്തിയ വിഷയം ശരിയാണന്ന് സമ്മതിക്കേണ്ടി വന്നതും അതുകൊണ്ടാണ്.
ജനോപകാരപ്രദമായ ഒന്നും ഈ സര്‍ക്കാര്‍ ചെയ്തിട്ടില്ല എന്നും ഭരണത്തിന്റെ അഹങ്കാരമാണ് സര്‍ക്കാരിനുള്ളത് എന്നും മറിയക്കുട്ടി പറഞ്ഞപ്പോൾ അത് ജനങ്ങളുടെ ശബ്ദമായി മാറി.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു പോലും പറയാൻ കഴിയാത്ത കാര്യമാണ് മറിയക്കുട്ടി ഒറ്റയ്ക്ക് പറഞ്ഞതും നേടിയതും. സർക്കാർ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് സ്വപ്നക്കും സരിതയ്ക്കും വേണ്ടി മാത്രമാണ് എന്ന് മറിയക്കുട്ടി പറഞ്ഞപ്പോൾ ഒരു മറുപടി പോലും നല്കാൻ ഭരണപക്ഷത്തിനായില്ല. ഇക്കാര്യം ഉയത്തികൊണ്ടുവരാൻ ശ്രമിക്കാതെ ബോധപൂർവം ഒഴിഞ്ഞുമാറുകയായിരുന്നു പ്രതിപക്ഷം.
അതായത് എന്തൊക്കെയോ സംഭവിക്കും എന്നു പ്രചരിപ്പിച്ച് ഊതി വീർപ്പിച്ചു കൊണ്ടുവന്നതാണ് നവകേരള സദസ്.എന്നാൽ ഒന്നും നടന്നില്ല എന്ന് മാത്രമല്ല ഖജനാവിന് കോടികളുടെ നഷ്ടവും ഉണ്ടായി.