
മങ്കിപോക്സ് ഇനി മുതല്‍ എംപോക്സ്; പേര് മാറ്റിയ വിവരം പരസ്യമാക്കി ലോകാരോഗ്യ സംഘടന; അറിയാം പേര് മാറ്റത്തിന് പിന്നിലെ കാരണങ്ങൾ
സ്വന്തം ലേഖകൻ
ദില്ലി: മങ്കിപോക്സ് ഇനി മുതല്‍ എംപോക്സ് (mpox) എന്ന പേരിൽ അറിയപ്പെടുമെന്ന് പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന. മങ്കിപോക്സ് എന്ന പേരിന് പിന്നിലെ വംശീയത ചൂണ്ടിക്കാട്ടി വിവിധഭാഗങ്ങളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. ഇതോടെ ആണ് പേരുമാറ്റുന്നതിനെക്കുറിച്ച് ലോകാരോഗ്യസംഘടന ചർച്ചകൾ ആരംഭിച്ചത്. ഒടുവിൽ തിങ്കളാഴ്ച്ച പേരുമാറ്റിയ വിവരം ലോകാരോഗ്യസംഘടന പരസ്യമാക്കുകയായിരുന്നു.
പേരുമാറ്റാൻ പ്രധാനമായും രണ്ട് കാരണങ്ങളാണ് വിദഗ്ധർ ചൂണ്ടിക്കാട്ടിയത്. ഒന്ന് മങ്കിപോക്സ് എന്ന പേര് കറുത്ത വർഗക്കാരെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്നു എന്ന വാദമാണ്. മറ്റൊന്ന് ഈ പേര് തുടരുന്നതോടെ കുരങ്ങുകൾ മാത്രമാണ് രോഗത്തിന് കാരണക്കാർ എന്ന തെറ്റിദ്ധാരണ ഉണ്ടാകും എന്നതുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ്. വ്യാപനം വർധിച്ചതോടെ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ച രോഗമാണ് മങ്കിപോക്സ്.
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് മങ്കി പോക്സ് പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ മങ്കി പോക്സ് വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.