video
play-sharp-fill
നൈജീരിയൻ സംഘം റിസോർട്ട് വാങ്ങാൻ കേരളത്തിലെത്തി ; മുതലാളിയുമായി കച്ചവടം പറഞ്ഞുറപ്പിച്ചു ; പിന്നീട് വില്യം മുങ്ങിയത് ലക്ഷങ്ങളുമായി

നൈജീരിയൻ സംഘം റിസോർട്ട് വാങ്ങാൻ കേരളത്തിലെത്തി ; മുതലാളിയുമായി കച്ചവടം പറഞ്ഞുറപ്പിച്ചു ; പിന്നീട് വില്യം മുങ്ങിയത് ലക്ഷങ്ങളുമായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റിസോർട്ട് വാങ്ങാനെന്ന പേരിലെത്തി ഉടമയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് നൈജീരിയൻ സംഘം മുങ്ങി. വർക്കലയിലെ റിസോർട്ട് വിൽക്കാനുണ്ടെന്ന് കാണിച്ച് ഉടമ ഓൺലൈനിലും പത്രങ്ങളിലും പരസ്യം നൽകിയിരുന്നു. ഇതുകണ്ട് എത്തിയ നൈജീരിയക്കാരായ ജൂഡ്, വില്യം ലോംഗ് എന്നിവർ അതിവിദഗ്ദ്ധമായി തട്ടിപ്പ് നടത്തി 15ലക്ഷവുമായി കടന്നു. റിസോർട്ട് ഉടമ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ കരമന പൊലീസ് അന്വേഷണം തുടങ്ങി.

തട്ടിപ്പിന് ശേഷം മുംബയിലേക്ക് കടന്ന സംഘം ഇന്ത്യ വിട്ടോയെന്ന് വ്യക്തമായിട്ടില്ല. സമാന നിലയിൽ മറ്റ് പലരെയും ഇവർ തട്ടിപ്പിനിരയാക്കിയതായാണ് വിവരം. ഇവർക്കായി തിരുവനന്തപുരം സിറ്റി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിപ്പിനെക്കുറിച്ച് പൊലീസ് പറയുന്നത്: പരസ്യത്തിൽ നൽകിയിരുന്ന ഇ- മെയിൽ ഐ.ഡിയിൽ അന്വേഷണങ്ങൾ നടത്തിയശേഷം റിസോർട്ട് വാങ്ങാനെന്ന വ്യാജേന ജൂഡ് നൈജീരിയയിൽ നിന്ന് ഇന്ത്യയിലെത്തി. സെക്രട്ടേറിയറ്റിന് സമീപത്തെ ആഡംബര ഹോട്ടലിൽ താമസമാക്കി. വർക്കലയിലെത്തി റിസോർട്ട് നേരിൽകണ്ടു. 20 കോടി രൂപ വിലയായി നൽകാമെന്ന് ധാരണയായി. പണം ഇടപാട് നടത്താൻ മുംബയിലുള്ള നൈജീരിയൻ സുഹൃത്ത് തിരുവനന്തപുരത്തെത്തണമെന്നും വിമാനടിക്കറ്റ് തരപ്പെടുത്തി അയാളെ സ്ഥലത്തെത്താൻ സഹായിക്കണമെന്നും ജൂഡ് റിസോർട്ട് ഉടമയോട് അഭ്യർത്ഥിച്ചു. ഇതനുസരിച്ച് റിസോർട്ട് ഉടമ തരപ്പെടുത്തി നൽകിയ ടിക്കറ്റിൽ വില്യം ലോങ്ങെന്ന സുഹൃത്ത് എത്തി. സ്റ്റാച്യുവിലെ ഹോട്ടലിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കച്ചവടം ഉറപ്പിച്ച സംഘം ഏതാനും ദിവസങ്ങൾക്കകം പണം ഇടപാട് നടത്താമെന്ന് ഉറപ്പ് നൽകി.

നൈജീരിയൻ സംഘത്തിന്റെ വാക്ക് വിശ്വസിച്ച് റിസോർട്ട് ഉടമ മടങ്ങിയതിന് പിന്നാലെ ഹോട്ടൽ ഒഴിഞ്ഞ ഇവർ നിറമൺകരയിലെ ഒരു വീട്ടിലേക്ക് താമസം മാറ്റി. രണ്ട് ദിവസത്തിനുശേഷം നിറമൺകരയിലെ വീട്ടിലേക്ക് റിസോർട്ട് ഉടമയെ വിളിച്ചുവരുത്തിയ സംഘം റിസോർട്ടിന്റെ വിലയായി കൊണ്ടുവന്ന ഡോളറെന്ന പേരിൽ സ്യൂട്ട് കേയ്‌സിൽ അടുക്കിവച്ച നോട്ടുകൾ കാണിച്ചു.

എന്നാൽ, കുറച്ച് പണം കൂടി ബാങ്കിൽ നിന്ന് കിട്ടാനുണ്ടെന്നും ഇടപാടുകൾ ക്‌ളിയർ ചെയ്യാനായി ഇരുപത് ലക്ഷത്തോളം ഇന്ത്യൻ കറൻസി വേണമെന്നും വെളിപ്പെടുത്തി. സംസാരത്തിലോ പെരുമാറ്റത്തിലോ സംശയം തോന്നാതിരുന്ന റിസോർട്ട് ഉടമ പതിനഞ്ച് ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ചു. അഞ്ച് ലക്ഷം രൂപ മറ്റൊരു സുഹൃത്ത് മുഖാന്തിരം തരപ്പെടുത്താമെന്ന് പറഞ്ഞ നൈജീരിയൻ സ്വദേശികൾ റിസോർട്ട് ഉടമയിൽ നിന്ന് കൈക്കലാക്കിയ പണവുമായി ബാങ്കിലേക്കെന്ന വ്യാജേന പോയി. ഏറെ നേരമായിട്ടും ഇവർ തിരികെ വന്നില്ല. ഫോൺ കോളുകൾക്കോ ഇ- മെയിലുകൾക്കോ പ്രതികരണവും ഉണ്ടായില്ല.

മറ്റു ചിലരേയും..

ഇംഗ്ലീഷ് പത്രങ്ങളിലും ഓൺലൈനുകളിലും പരസ്യം നൽകിയ നിരവധി റിയൽ എസ്റ്റേറ്റ് ഇടപാടുകാരെയും സംഘം പറ്റിച്ചതായ വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ സമാന നിലയിൽ ഇവർ തട്ടിപ്പുകൾ നടത്തിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഫോർട്ട് അസി. കമ്മിഷണറുടെ നിർദ്ദേശപ്രകാരം കരമന എസ്.ഐ ശിവകുമാറിന്റെ നേതൃത്വത്തിലാണ് ഇവർക്കായി അന്വേഷണം പുരോഗമിക്കുന്നത്. മുംബൈയ്, ബംഗളുരു എന്നിവിടങ്ങളിലെ ഹോട്ടലുകളിലും മറ്റും ഇവർക്കായി തെരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.