നിർണ്ണായക കൗൺസിൽ യോഗത്തിൽ അംഗങ്ങൾ എത്തിയില്ല: കോറം തികയാതെ കൗൺസിൽ വൈകിയത് ഒരു മണിക്കൂർ; അംഗങ്ങൾ വിട്ടു നിന്നത് ഏറ്റുമാനൂർ നഗരസഭയിൽ വിവാദമാകുന്നു

നിർണ്ണായക കൗൺസിൽ യോഗത്തിൽ അംഗങ്ങൾ എത്തിയില്ല: കോറം തികയാതെ കൗൺസിൽ വൈകിയത് ഒരു മണിക്കൂർ; അംഗങ്ങൾ വിട്ടു നിന്നത് ഏറ്റുമാനൂർ നഗരസഭയിൽ വിവാദമാകുന്നു

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: നിർണ്ണായക ചർച്ചകൾക്കായി വിളിച്ചു ചേർന്ന അടിയന്തിര നഗരസഭ കൗൺസിൽ യോഗത്തിൽ കോറം തികഞ്ഞില്ല. കോറം തികയാതെ വന്നതോടെ ഒരു മണിക്കൂർ വൈകിയാണ് കൗൺസിൽ യോഗം ആരംഭിച്ചത്. ഏറ്റുമാനൂർ നഗരസഭയുടെ അടിയന്തിര കൗൺസിൽ യോഗത്തിൽ നിന്നാണ് ഭൂരിപക്ഷം കൗൺസിലർമാരും വിട്ടു നിന്നത്. ഏറ്റുമാനൂർ .നഗരസഭയിലെ ക്ഷേമ പെൻഷനുകൾ പാസാക്കുന്നതിനായാണ് കഴിഞ്ഞ ദിവസം അടിയന്തിര കൗൺസിൽ യോഗം വിളിച്ചു ചേർത്തത്. യോഗത്തിൽ ക്വാറം തികയാഞതിനാൽ 1 മണികൂർ വൈകിയാണ് ആരംഭിക്കാനായത് .ആരംഭിച്ചപ്പോഴാവട്ടെ 35 കൗൺസിലർമാരിൽ 17 പേർ മാത്രമാണ് എത്തിയത്. തിങ്കളാഴ്ച 11 മണിക്ക് വിളിച്ച് ചേർത്ത കൗൺസിലിലെ ഏക അജണ്ടയാകട്ടെ ക്ഷേമ പെൻഷൻ വിതരണവുമായിരുന്നു.
പ്രളയാനന്തര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആക്ഷേപം വികസന കാര്യ ചെയർമാൻ പി.എസ് വിനോദ് ഉയർത്തിയത് അൽപ്പനേരം കൗൺസിലിൽ ബഹളത്തിന് കാരണമായി. ഇടതുപക്ഷത്തുനിന്ന് 2 കൗൺസിലർമാർ മാത്രം യോഗത്തിൽ പങ്കെടുത്തപ്പോൾ ബി.ജെപി പ്രതിനിധികൾ ആരും പങ്കെടുക്കാഞ്ഞതും ചർച്ചയായി. കൂടാതെ വിധവാ പെൻഷൻ അടക്കമുള്ള മറ്റു പെൻഷനുകൾ 15 പേരുടേത് നിരസിച്ചു. 680 അപേക്ഷകളിൽ 30-ാം തീയതിക്കകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ചെയർപേഴ്‌സൺ യോഗത്തെ അറിയിച്ചു .യോഗത്തിൽ നഗരസഭാ ചെയർമാൻ ജോയി ഊന്നു കല്ലേൽ അദ്ധ്യക്ഷനായിരുന്നു. വൈസ് ചെയർപേഴ്‌സൺ ജയശ്രീ ഗോപി കുട്ടൻ ,കൗൺസിലർമാരായ ജോർജ്ജ് പുല്ലാട്ട് ,ബോബൻ ദേവസ്യാ ,ബീനാ ഷാജി ,വാസന്തി മണി എന്നിവർ സംസാരിച്ചു. 30-ാം തീയതിക്കകം പെൻഷൻ അപേക്ഷകളിൽ തീർപ്പുണ്ടാക്കണം എന്ന സർക്കാർ ഉത്തരവുള്ളപ്പോഴാണ് ഭരണകക്ഷി അംഗങ്ങൾ അടക്കം വിട്ടുനിന്നത് .എന്നാൽ കൗൺസിൽ യോഗ സമയത്ത് തന്നെ പാർട്ടിയുടെ സമരം ഉണ്ടായിരുന്ന തിനാലാണ് കൗൺസിലർമാർ പങ്കെടുക്കാതിരുന്നതെന്ന് ബിജെപി പ്രതിനിധികൾ അറിയിച്ചു.
ജനങ്ങളുടെ അടിയന്തിര ജീവൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ട ജനപ്രതിനിധികൾ ആരോടും യാതൊരു പ്രതിബന്ധതയുമില്ലാതെ ഇത്രപ്രധാനപ്പെട്ട കൗൺസിൽ യോഗത്തിൽ നിന്നും വിട്ടുനിന്നത് ശരിയോ എന്ന് ആത്മപരിശോദന നടത്തണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ റ്റോമി കുരുവിള ആവശ്യപ്പെട്ടു.
ക്ഷേമകാര്യ ചെയർപേഴ്‌സൺ ശ്രീമതി സൂസൻ തോമസ് അവതരിപ്പിച്ചു ലിസ്റ്റിൽ നിന്നും വാർദ്ധക്യകാല പെൻഷൻ 267 പേരുടെ പാസാക്കുകയും .37 അപേക്ഷകൾ നിരസിക്കുകയും ചെയ്തു .