play-sharp-fill
കോട്ടയം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി വീതം വയ്പ്പിൽ ധാരണ ലംഘിച്ച് കോൺഗ്രസ്: മുന്നണി മര്യാദ ലംഘിച്ചതിനെതിരെ പ്രതിഷേധവുമായി മുസ്ലീം ലീഗ്; പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ പൊട്ടിത്തെറി

കോട്ടയം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി വീതം വയ്പ്പിൽ ധാരണ ലംഘിച്ച് കോൺഗ്രസ്: മുന്നണി മര്യാദ ലംഘിച്ചതിനെതിരെ പ്രതിഷേധവുമായി മുസ്ലീം ലീഗ്; പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ പൊട്ടിത്തെറി

പൊളിറ്റിക്കൽ ഡെസ്‌ക്

കോട്ടയം: നഗരസഭയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി വീതം വയ്പ്പിൽ മുന്നണി മര്യാദ ലംഘിച്ച കോൺഗ്രസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അവസാന ഒന്നര വർഷം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മുസ്ലീം ലീഗിനു നൽകാമെന്ന ധാരണയാണ് കോൺഗ്രസ്് അട്ടിമറിച്ചത്. രേഖാമൂലമുള്ള കരാർ പാലിക്കാത്ത കോൺഗ്രസിനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി മുസ്ലീം ലീഗ് നിസഹകരണം ആരംഭിച്ചു. ഇതോടെ പാർലമെന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോൺഗ്രസിനും – യു.ഡി.എഫിനും ഇത് കനത്ത തിരിച്ചടിയായി മാറി.
യു.ഡി.എഫ് ഭരണം നടത്തുന്ന കോട്ടയം നഗരസഭയിൽ മുസ്ലീംലീഗിന് ഒരു അംഗമാണ് ഉള്ളത്. 47 -ാം വാർഡ് അംഗമായ കുഞ്ഞുമോൻ കെ.മേത്തർ. നഗരസഭയിൽ യുഡിഎഫിന് ഭരണം ലഭിച്ചപ്പോൾ തന്നെ അവസാന ഒന്നര വർഷം മുസ്ലീം ലീഗിന് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷ സ്ഥാനം നൽകണമെന്ന് ധാരണയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബർ ആറിന് മുസ്ലീം ലീഗിന് സ്ഥാനം കൈമാറേണ്ടതായിരുന്നു. എന്നാൽ, ഈ ധാരണ കോൺഗ്രസ് ലംഘിച്ചതായാണ് ആരോപണം. നിലവിൽ കോൺഗ്രസിലെ കെ.കെ പ്രസാദാണ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ.
ഒരു വർഷം മുൻപ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ജോഷി ഫിലിപ്പും, മു്സ്ലീം ലീഗ് ജില്ലാ പ്രസിഡന്റും രണ്ട് പാർട്ടിയുടെ മണ്ഡലം പ്രസിഡന്റുമാരും ചേർന്ന് കോട്ടയം ടിബിയിൽ നടത്തിയ യോഗത്തിൽ ഡിസംബർ ആറിന് മുസ്ലീം ലീഗിന് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനം നൽകാമെന്ന് രേഖാമൂലം ധാരണയിൽ എത്തിയിരുന്നു. എന്നാൽ, ഈ ധാരണ പാലിക്കാൻ കോൺഗ്രസ് നേതൃത്വം ഇനിയും തയ്യാറായിട്ടില്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ നിസഹകരണ സമരവുമായി മുസ്ലീം ലീഗ് നേതൃത്വം രംഗത്ത് എത്തിയിരിക്കുന്നത്.
നിലവിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് നടത്തിയ നീതി നിഷേധം ചർച്ചയാക്കി പാർട്ടിയെയും യുഡിഎഫിനെയും സമ്മർദത്തിലാക്കാനാണ് മുസ്ലീം ലീഗ് നേതൃത്വം ശ്രമിക്കുന്നത്. ഇത് തങ്ങൾക്ക് അനുകൂലമായ വികാരം ഉണ്ടാക്കുന്നതിന് ഉപകരിക്കുമെന്നാണ് മുസ്ലീം ലീഗ് നേതൃത്വം ആലോചിക്കുന്നത്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ലഭിക്കുന്നത് വരെ സമ്മർദം ചെലുത്താനും, നിസഹകരണം തുടരാനുമാണ് ലീഗ് നേതൃത്വത്തിന്റെ ആലോചന.