play-sharp-fill
രാത്രിയിൽ നഗരത്തിൽ കറങ്ങിനടന്ന് മോഷണം; ജില്ലാ പോലീസിന്റെ ക്ലീൻ നാഗമ്പടത്തിൽ കുടുങ്ങിയത് അസം സ്വദേശി; പ്രതിയുടെ കൈയ്യിൽനിന്നും മൊബൈൽ ഫോണുകളും കണ്ടെടുത്തു

രാത്രിയിൽ നഗരത്തിൽ കറങ്ങിനടന്ന് മോഷണം; ജില്ലാ പോലീസിന്റെ ക്ലീൻ നാഗമ്പടത്തിൽ കുടുങ്ങിയത് അസം സ്വദേശി; പ്രതിയുടെ കൈയ്യിൽനിന്നും മൊബൈൽ ഫോണുകളും കണ്ടെടുത്തു

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിൽ രാത്രി കാലത്ത് കറങ്ങി നടന്ന് മോഷണം നടത്തുന്ന യുവാവിനെ ഈസ്റ്റ് പോലീസ് സാഹസികമായി പിടികൂടി. രണ്ട് തവണ പോലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച ഇയാളെ ഒരു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് പിടികൂടിയത്. നാഗമ്പടത്തെ സാമൂഹ്യവിരുദ്ധരെ അമർച്ച ചെയ്യുന്നതിനുള്ള ജില്ലാപോലീസിന്റെ ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായാണ് നടപടി. കേസിൽ പിടിയിലായ അസം സ്വദേശി ബിട്ടു മണ്ടലിന്റെ കൈയ്യിൽനിന്നും രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തു.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ നാഗമ്പടം ഭാഗത്ത് പോലീസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് നാഗമ്പടം ബസ് സ്റ്റാന്റിനുള്ളിലെ കടയുടെ പൂട്ട് തുറക്കാൻ ശ്രമിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയെ കണ്ടെത്തിയത്. തുടർന്ന് ബൈക്ക് പെട്രോളിംഗ് സംഘത്തിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർമാരായ ബാലഗോപാൽ, സുരേഷ് എന്നിവർ ബൈക്കുമായി ബസ് സ്റ്റാൻഡിനുള്ളിലേക്ക് കയറി. പോലീസുകാരെത്തുന്നതുകണ്ട് ഇവിടെനിന്നും പ്രതി എഴുന്നേറ്റ് നാഗമ്പടത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വില്പനശാലയുടെ സമീപത്തേക്ക് ഓടി. പിന്നാലെ ഓടിയെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് രാത്രി പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഈസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർ ടി ആർ ജിജുവിനെ വിവരം അറിയിച്ചു. ജിജുവും എഎസ്‌ഐ കെ ജി അനീഷും സിവിൽ പോലീസ് ഓഫീസർ ജിജിയും അടങ്ങുന്ന സംഘം വിവരമറിഞ്ഞ് നാഗമ്പടത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നാഗമ്പടത്തും പരിസര പ്രദേശത്തും തിരച്ചിൽ നടത്തുന്നതിനിടെ ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവെ സ്റ്റേഷനിലേക്കുള്ള ഇടവഴിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ നില്ക്കുന്നതു കണ്ടു. ബൈക്ക് പെട്രോളിംഗ് സംഘത്തിലെ സുരേഷും ബാലഗോപാലും ഇയാൾക്ക് പിന്നാലെയെത്തി. ഇവർ എത്തുന്നത് കണ്ട് പ്രതി റെയിൽവെ ട്രാക്കിലേക്ക് കയറി ഓടി. 15 മിനിറ്റോളം പിന്നാലെ ഓടിയാണ് ഇയാളെ കീഴ്‌പെടുത്തിയത്. ഇയാളുടെ കൈയ്യിൽനിന്നും 2 മൊബൈൽഫോണും കണ്ടെത്തി. ഈ മൊബൈൽ ഫോണിന്റെ ഉടമസ്ഥനെ ബന്ധപ്പെട്ടപ്പോൾ ഇത് മോഷണം പോയതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മൊബൈൽ ഫോണുകൾ മോഷ്ടിച്ചതിന് ഇയാൾക്കെതിരെ റെയിൽവെ പോലീസ് കേസെടുത്തിട്ടുണ്ട്. നാഗമ്പടത്തെ കട തകർക്കാൻ ശ്രമിച്ചതിന് മറ്റൊരുകേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.മൂന്നുമാസം മുൻപ് പാലാ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന അടൂർ സ്വദേശിയുടെ മൊബൈൽ മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്.
പ്രതി കൂടുതൽ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.