ക്യാമ്പസുകളിൽ വ്യാജ റിക്രൂട്ട്‌മെന്റ്; ദമ്പതികൾ അറസ്റ്റിൽ

ക്യാമ്പസുകളിൽ വ്യാജ റിക്രൂട്ട്‌മെന്റ്; ദമ്പതികൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊച്ചി: ക്യാമ്പസ് ഇന്റർവ്യൂ നടത്തി ജോലി വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് നടത്തിയ ദമ്പതികൾ അറസ്റ്റിൽ. തിരുവനന്തപുരം നേമം മുക്കുനട ശാന്തിവിള ആശുപത്രിക്കു സമീപത്തെ രജനി നിവാസിൽ ശങ്കർ, ഭാര്യ രേഷ്മ എന്നിവരാണു സെൻട്രൽ പോലീസിൻറെ പിടിയിലായത്. എറണാകുളം എംജി റോഡിലെ ആലപ്പാട്ട് ഹെറിറ്റേജ് എന്ന കെട്ടിടത്തിൽ എറണാകുളം ജില്ലയിലെ വിവിധ എൻജിനീയറിംഗ് കോളജുകളിൽ കാമ്പസ് ഇൻറർവ്യൂ നടത്തി ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നു 1000 രൂപ വീതം തട്ടിയെടുക്കുകയായിരുന്നു. പ്രതികൾ വ്യാജ പേരിലാണ് തട്ടിപ്പ് നടത്തിയിരുന്നത്.

കൺസെപ്റ്റീവ് എന്നപേരിൽ സ്ഥാപനം തുടങ്ങി ജോലി വാഗ്ദാനം ചെയ്ത് ഒഎൽഎക്‌സിൽ പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. ജോലിക്കായി ഓൺ ലൈൻ ആക്കൗണ്ട് തുടങ്ങാനാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഇത്തരത്തിൽ പണം വാങ്ങി ഒളിവിൽ പോകുകയായിരുന്നു. പ്രതികൾ തമ്മനത്തു സമാനരീതിയിലുള്ള തട്ടിപ്പിനു ശ്രമം നടത്തുന്നതിനിടയിലാണ് സെൻട്രൽ പോലീസ് പിടികൂടിയത്. കൂത്താട്ടുകുളത്തു 38 പേരിൽനിന്നും ഇടത്തലയിൽ 50 പേരിൽനിന്നും ആരക്കുന്നത്ത് 64 പേരിൽനിന്നും 1000 രൂപ വീതം പ്രതികൾ വാങ്ങിയതായി കണ്ടെത്തി. ഇവരെ കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group