play-sharp-fill
മുത്തൂറ്റ് ഗ്രൂപ്പിനെതിരെ ആക്രമണം: സിഐടിയുവിന്റെ ആക്രമണത്തിന് തെളിവ് പുറത്ത്; അറസ്റ്റിലായത് സി ഐ ടി യു പ്രവർത്തകൻ

മുത്തൂറ്റ് ഗ്രൂപ്പിനെതിരെ ആക്രമണം: സിഐടിയുവിന്റെ ആക്രമണത്തിന് തെളിവ് പുറത്ത്; അറസ്റ്റിലായത് സി ഐ ടി യു പ്രവർത്തകൻ

സ്വന്തം ലേഖകൻ

കൊച്ചി: സിഐടിയു സമരത്തിന്റെ പശ്ചാത്തലത്തിൽ മുത്തൂറ്റ് ഫിനാന്‍സ് എം.ഡി ജോര്‍ജ് അലക്‌സാണ്ടറിനുനെരെ കല്ലെറിഞ്ഞത് സി ഐ ടി യു തന്നെയെന്ന കൃത്യമായ തെളിവുകൾ പുറത്ത്. സംഭവത്തിൽ സിഐടിയു പ്രവര്‍ത്തകന്‍ അറസ്റ്റിലായതോടെയാണ് കേസിൽ ഇടത് തൊഴിലാളി സംഘടനയുടെ പങ്ക് പുറത്തായത്.

കലൂര്‍ സ്വദേശിയും ചുമട്ടുതൊഴിലാളിയുമായ സലീമാണ് സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റിലായത്. കല്ലേറില്‍ തലക്ക് പരുക്കേറ്റ ജോര്‍ജ് അലക്‌സാണ്ടര്‍ ചികില്‍സയിലാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാര്‍ക്ക് ഒപ്പം ഓഫീസിലേക്ക് പോകും വഴിയാണ് ഡിഐജി ഓഫിസിനു സമീപത്തു വച്ച്‌ ജോര്‍ജ് അലക്‌സാണ്ടറിന് നേരെ കല്ലേറുണ്ടായത്. തലയ്ക്ക് പരുക്കേറ്റ ജോര്‍ജ് അലക്‌സാണ്ടറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ മുന്‍സീറ്റില്‍ ഇരുന്ന ജോര്‍ജ് അലക്‌സാണ്ടറിനെ വലിയ കോണ്‍ക്രീറ്റ് കട്ട ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു.

ശാഖകള്‍ അടച്ചു പൂട്ടിയതിനും ജീവനക്കാരെ പിരിച്ചു വിട്ടതിനും എതിരെ കൊച്ചിയിലെ മുത്തൂറ്റ് ഹെഡ് ഓഫിസിനു മുന്നില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം നടക്കുകയാണ്.

കഴിഞ്ഞ ദിവസം ജോലിക്ക് എത്തിയ ജീവനക്കാരെ സമരക്കാര്‍ തടഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശം അനുസരിച്ചു ജീവനക്കാര്‍ ഡിഐജി ഓഫിസിനു സമീപം ഒത്തുചേര്‍ന്നു അവിടെ നിന്ന് ഒരുമിച്ച്‌ ഓഫീസിലേക്ക് പോകാനായിരുന്നു തീരുമാനം. ഇത്തരത്തില്‍ ജീവനക്കാര്‍ക്കൊപ്പം ഓഫിസിലേക്കു പോകാന്‍ എത്തിയപ്പോഴായിരുന്നു മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടറിനു നേരെ ആക്രമണം ഉണ്ടായത്.

തലയ്ക്കു പരുക്കേറ്റ ജോര്‍ജ് അലക്‌സാണ്ടറെ ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോര്‍ജ് അലക്‌സാണ്ടറെ ഡോക്ടര്‍മാരുടെ സംഘം വിദഗ്ധ പരിശോധനകള്‍ക്ക് വിധേയമാക്കി. സിഐടിയു പ്രവര്‍ത്തകര്‍ ജോര്‍ജ് അലക്‌സാണ്ടറെ വധിക്കാന്‍ ആണ് ശ്രമിച്ചതെന്നു മുത്തൂറ്റ് മാനേജ്‌മെന്റ് ആരോപിച്ചു.അതേസമയം ഈ ആരോപണം തള്ളി സിഐടിയുവും രംഗത്തുവന്നു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ തങ്ങളാണെന്ന് വരുത്തി തീര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നാണ് സിഐടിയു വാദിക്കുന്നത്. അതേസമയം മകനെ ആക്രമിച്ച കല്ലുയര്‍ത്തി കാണിച്ചു കൊണ്ട് അലക്സാണ്ടര്‍ ജോര്‍ജ്ജിന്റെ മകന്‍ ഈപ്പന്‍ ജോര്‍ജ്ജും രംഗത്തുവന്നിരുന്നു.

ദൃശ്യങ്ങളടങ്ങിയ ഒരു വീഡിയോ ക്ലിപ്പും മാനേജ്മെന്റ് പുറത്തുവിട്ടിട്ടുണ്ട്. മുന്‍വശത്ത് ഇരുന്ന എംഡി ജോര്‍ജ് അലക്സാണ്ടറിന് പരിക്കേറ്റു. പിന്‍വശത്തെ ഗ്ലാസും തകര്‍ന്നെങ്കിലും പിന്നിലിരുന്ന ഈപ്പന്‍ അലക്സാണ്ടറുടെ ദേഹത്തുകൊണ്ടില്ല. തൊഴിലാളികളെ അന്യായമായി പിരിച്ചുവിട്ടെന്ന് ആരോപിച്ച്‌ സമരം നടത്തുന്ന സിഐടിയുവാണ് ആക്രമണം നടത്തിയത് എന്നാണ് മുത്തൂറ്റ് മാനേജ്മെന്റ് ആരോപിക്കുന്നത്.

തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ ആദ്യം അംഗീകരിച്ച്‌ കരാര്‍ ഒപ്പിട്ട മുത്തൂറ്റ് മാനേജ്‌മെന്റ് പിന്നീട് നിലപാട് മാറ്റി തൊഴിലാളികളെ പിരിച്ചുവിടുകയും ബ്രാഞ്ചുകള്‍ പൂട്ടുകയുമാണ് ചെയ്തതെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചത്. പണിമുടക്ക് ഒഴിവാക്കണമെന്ന് താന്‍ അഭ്യര്‍ത്ഥിച്ചിട്ടും മാനേജ്‌മെന്റ് ഒരു അനുകൂല നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോര്‍ജ് അലക്സാണ്ടറിന് നേരെ കല്ലേറുണ്ടായ സംഭവത്തെ അപലപിക്കുന്നതായിലും തൊഴില്‍ മന്ത്രി പറഞ്ഞു. സംഭവം എന്താണെന്ന് പരിശോധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുത്തൂറ്റ് തൊഴിലാളികളുടെ സമരം ന്യായമാണ്. പ്രകോപനമുണ്ടാക്കിയത് മാനേജ്മെന്റാണ്. ആത്മസംയമനം പാലിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. സര്‍ക്കാറിനെ തന്നെ ഒരു മാനേജ്മെന്റ് വെല്ലുവിളിക്കുകയാണ്. എന്നാല്‍, ഇക്കാര്യത്തെ വൈകാരികമായി എടുക്കാതെ പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മന്ത്രി വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് ഒരു പ്രതിസന്ധിയും സംസ്ഥാനത്തില്ലെന്നും ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം മുത്തൂറ്റ് എംഡിയെ കല്ലെറിഞ്ഞത് പ്രതിഷേധക്കാരല്ലെന്ന് എം സ്വരാജ് എംഎല്‍എയും പ്രതികരിച്ചിരുന്നത്. പ്രതിയുടെ അറസ്റ്റോടെ ഈ വാദം പൊളിയുകയാണ്. പിന്നില്‍ സിഐടിയു പ്രവര്‍ത്തകരെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എം സ്വരാജ് ആരോപിച്ചിരുന്നത്.

തുടര്‍ച്ചയായി സിഐടിയുവിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായെന്ന് മുത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടറുടെ മകന്‍ ഈപ്പന്‍ അലക്സാണ്ടര്‍ പറഞ്ഞു. വലിയ കല്ലെടുത്താണ് എറിഞ്ഞത്. ആ കല്ലെങ്ങാനും തന്റെ അച്ഛന്റെ ദേഹത്തുകൊണ്ടെങ്കില്‍ അദ്ദേഹം ഇപ്പോള്‍ ജീവനോടെ കാണില്ലെന്നും ഈപ്പന്‍ അലക്സാണ്ടര്‍ കൊച്ചിയില്‍ പറഞ്ഞു. ജോര്‍ജ് അലക്സാണ്ടറുടെ ദേഹത്തുള്ള മുറിവുകള്‍ സാരമുള്ളതാണെന്നാണ് ഈപ്പന്‍ അലക്സാണ്ടര്‍ പറയുന്നത്. അദ്ദേഹം ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. കൂടുതല്‍ ചികിത്സ ആവശ്യമാണെന്നും ഈപ്പന്‍ അലക്സാണ്ടര്‍ പറഞ്ഞു.

ഒരു കല്ലെടുത്ത് മാധ്യമപ്രവര്‍ത്തകരെ കാണിച്ച ഈപ്പന്‍ അലക്സാണ്ടര്‍ ഇതുപയോഗിച്ചാണ് ആക്രമണമുണ്ടായതെന്ന് ആരോപിച്ചു. ”ഇതാണ് അവരെറിഞ്ഞ കല്ല്. ഇതെന്റെ ഫാദറിന്റെ ദേഹത്തുകൊണ്ടെങ്കില്‍ ഇന്നെനിക്ക് ഒരു അപ്പനുണ്ടാവില്ലായിരുന്നു. ഇത്തരം ഗുണ്ടായിസമാണ് ഞങ്ങളുടെ ബ്രാഞ്ചുകളിലും ഹെഡ് ഓഫീസുകളിലും കുറച്ച്‌ കാലമായി നടന്നുവരുന്നത്. ഹെഡ് ഓഫീസിലെ ഒരാള്‍ പോലും സമരത്തില്‍ പങ്കെടുക്കുന്നില്ല. സിഐടിയു ഗുണ്ടകള്‍ ഇവരെ ആളെ വിട്ട് തല്ലിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. സ്ഥിതി ഗുരുതരമാണ്. ഞങ്ങളുടെ സ്റ്റാഫിന് ജോലി ചെയ്യാനുള്ള അവസ്ഥ വേണമെന്ന് മാത്രമാണ് ഞങ്ങള്‍ പറയുന്നത്”, എന്ന് ഈപ്പന്‍ അലക്സാണ്ടര്‍ പ്രതികരിച്ചത്.

കഴിഞ്ഞ മാസം രണ്ടാം തീയതി മുതല്‍ ഹെഡ് ഓഫീസിന് മുന്നില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നില്‍ സമരം നടന്നുവരികയായിരുന്നു. സമരത്തെത്തുടര്‍ന്ന്, മുത്തൂറ്റ് ഹെഡ് ഓഫീസിലെ ജീവനക്കാരെല്ലാം രാവിലെ ഒരിടത്ത് ഒത്തുകൂടി പ്രത്യേക വാഹനത്തിലാണ് ഓഫീസിലേക്ക് എത്താറ്. അങ്ങനെ വരുമ്ബോഴാണ് ഹെഡ് ഓഫീസിന് മുന്നില്‍ വച്ച്‌ എംഡിയുടെ വാഹനത്തിന് നേര്‍ക്ക് ആക്രമണമുണ്ടായത്. ഇരുപതോളം പേര്‍ കല്ലെറിഞ്ഞു എന്നാണ് മാനേജ്മെന്റ് പറയുന്നത്.