ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നതെന്ന് അവകാശപ്പെട്ട് തുടങ്ങിയ മുസ്ലീ പവര്‍ എക്സ്ട്ര കെസി എബ്രഹാമിന് നല്‍കിയത് ശതകോടികള്‍; കുന്നത്ത് ഫാര്‍മസ്യൂട്ടിക്കലിനെ വമ്പൻ സ്ഥാപനമാക്കി മാറ്റിയത് പരസ്യ പിന്തുണകൊണ്ട് മാത്രം ; ഒടുവിൽ വിടവാങ്ങിയത് കോവിഡ് ബാധിച്ച്
സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമയും ഒളിമ്പ്യന്‍ റോസകുട്ടിയുടെ സഹോദരന് കൂടിയായ മൂവാറ്റുപുഴ വാഴപ്പിള്ളി കുന്നത്ത് ഡോ. കെ.സി.ഏബ്രഹാം (68) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ചു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേ ഇന്നലെ പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നതെന്ന് അവകാശപ്പെട്ട് തുടങ്ങിയ മുസ്ലീ പവര്‍ എക്സ്ട്ര ഏബ്രഹാമിന് നല്‍കിയത് ശതകോടികളുടെ ആസ്തിയാണ്. യാതൊരുവിധ ആയുര്‍വേദ പാരമ്പര്യത്തിന്റെയും പിന്തുണ ഇല്ലാതെ വെറും പരസ്യ പിന്തുണയോടെ മാത്രമാണ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കലിനെ എബ്രഹാം വമ്പന്‍ സ്ഥാപനമാക്കി മാറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വളർച്ചയ്ക്കൊപ്പം ഇതിനിടെ പലവിധ വിവാദങ്ങളും കമ്പനിയെ തേടി എത്തി. നടി ശ്വേതാ മേനോന്റെ കേസ് കൂടാതെ ചതിക്കപ്പെട്ടവര്‍ അനേകം പരസ്യമായി രംഗത്ത് വരികെയും ചെയ്തതോടെ.മുസ്ലീ പവറിന് ഒരിക്കല്‍ വിലക്കും നേരിടേണ്ടി വന്നിരുന്നു.
‘ഇപ്പോഴും ചെറുപ്പമാണെന്നാ വിചാരം’ എന്ന വാചകത്തില്‍ തുടങ്ങുന്ന ആ പരസ്യ വാചകമായിരുന്നു മുസ്ലി പവര്‍ എസ്ക്ട്രാ എന്ന ലൈംഗിക ഉത്തേജക മരുന്നിനെ ഹിറ്റാക്കിയത്. 2008 ജൂലൈ ഒമ്പതിന് ഹിന്ദു ദിനപത്രമായിരുന്നു മുസ്ലി പവറിനെതിരെ ആദ്യ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വിജയവാഡയില്‍ നടത്തിയ റെയ്ഡില്‍ മുസ്ലി പവര്‍ എക്സ്ട്രാ എന്ന ലൈംഗിക ഉത്തേജക മരുന്ന് ഡ്രഗ് കണ്ട്രോളര് ഇന്‍സ്പെക്ടര്‍ റെയ്ഡ് ചെയ്തു പിടിച്ചു എന്നായിരുന്നു ആ വാര്‍ത്ത. .
നിരോധനത്തിന് ശേഷം ‘മുസ്ലി പവര്‍ എക്സ്ട്ര’ വീണ്ടും വിപണിയിലെത്തുകയും ചെയ്തിരുന്നു. 2019ലായിരുന്നു പുതിയ പ്രഖ്യാപനം.മുസ്ലി പവര്‍ എക്സ്ട്രയ്ക്കെതിരേ ആയുര്‍വേദ ഡ്രഗ് ഇന്‍സ്പെക്ടര്‍ ചാര്‍ജ് ചെയ്ത കേസില്‍ ഉത്പന്നത്തിനെതിരായ നിരോധനം മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയ സാഹചര്യത്തിലായിരുന്നു ഇത്.
വിലക്ക് വന്നതോടെ ഏഴു കോടിയോളം രൂപ വരുന്ന മരുന്നുകളുടെ കാലാവധി തീരുകയും ഭീമമായ നഷ്ടം കമ്പനിയ്ക്ക് സംഭവിക്കുകയും ചെയ്തു. ഈ ബാധ്യതകൾ തീര്‍ത്ത ശേഷം പോയ വര്‍ഷങ്ങളിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വീടും സ്ഥലവും നഷ്ടപ്പെട്ട നൂറുപേര്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കുമെന്നും കെ.സി. എബ്രഹാം പറഞ്ഞിരുന്നു. അങ്ങനെ വീണ്ടും മുസ്ലീ പവറിലൂടെ എബ്രഹാം മുന്നോട്ട് പോയി.
മുസ്ലി പവര്‍ എക്സ്ട്രയുടെ പരസ്യത്തില്‍ തന്റെ ചിത്രം ഉള്‍പ്പെടുത്തിയതിന് നടി ശ്വേതാ അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനു പരാതി നല്കി്. ‘ജീവിതം ആസ്വാദ്യമാക്കാന്‍ മുസ്ലി പവര്‍ എക്സ്ട്ര ഉപയോഗിക്കൂ’ എന്നാണ് പരസ്യത്തിലെ വാചകം. ഇങ്ങനെയൊരു പരസ്യം വന്നത് തന്നെ അശ്ലീലക്കാരിയാക്കുന്നതിന് തുല്യമാണെന്നും സ്ത്രീയെന്ന നിലയിലും കലാകാരിയെന്ന നിലയിലും തന്നെ അപമാനിക്കുന്ന നടപടിയാണ് ഇതെന്നും ശ്വേത അന്ന് ആരോപിച്ചിരുന്നു.
പൊലീസില്‍ പരാതി നല്‍കിയതിനൊപ്പം വനിതാ കമ്മീഷനിലും താര സംഘടനയായ അമ്മയിലും നടി പരാതി നല്കി. സമ്മതം കൂടാതെയാണ് തന്റെ ചിത്രത്തിനൊപ്പം ലൈംഗികോത്തേജന മരുന്നിന്റെ പരസ്യം ചേര്‍ത്തതെന്ന് ശ്വേത പരാതിയില്‍ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് കേസ് അവസാനിക്കുകയും ചെയ്തു.
ലൈംഗിക ഉത്തേജനം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് കേരളത്തിനകത്തും പുറത്തും വ്യാപകമായി വിറ്റഴിച്ചുവെന്ന് ആരോപിച്ച് എബ്രഹാമിനെ എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ആജ് സുദര്ശന് ആണ് 2016ല്‍ ശിക്ഷിച്ചത്. 5000 രൂപ പിഴയും അടക്കണം. കേസിൽ വിധി പറയുമ്പോള്‍ ഹാജരാവാതിരുന്ന എബ്രഹാമിനെതിരെ കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു.
ആയുര്‍വേദ ഉല്‍പ്പന്നമെന്ന നിലയില്‍ പരസ്യം നല്കിയ മുസ്ലീ പവറില്‍ ഉപയോഗിച്ചിരുന്നത് തഡാലഫിന്‍ എന്ന ഉല്‍പ്പന്നമായിരുന്നു. ആരോഗ്യമുള്ള പുരുഷന്‍പോലും ഇരുപത് ഗ്രാമിന്റെ ഒരു തഡാലഫില്‍ ഗുളിക മാത്രമേ കഴിക്കാവൂ. എന്നാൽ മുപ്പത്തിരണ്ട് മില്ലിഗ്രാം തഡാലഫിലാണ് മുസ്ലി പവറില്‍ നിന്ന് കണ്ടെത്തിയത്.
ഇതേ തുടര്‍ന്നാണ് ഉല്‍പ്പന്നം നിരോധിച്ചത്. കമ്പനിയുടെ ഉടമ കെ .സി എബ്രഹാമിന്റേത് വ്യാജ ഡോക്ടറേറ്റ് ആണെന്ന തെളിവ് സഹിതമുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഒരു കാലത്ത് പത്രങ്ങളുടെ മുന്‍പേജ് പരസ്യങ്ങളില്‍ പ്രധാനമായിരുന്നത് മുസ്ലി പവര്‍ എക്സ്ട്രയായിരുന്നു.