പെരിയ ഇരട്ടക്കൊലപാതകം: യൂത്ത് കോൺഗ്രസിന്റെ ജില്ലാ പൊലീസ് മേധാവി ഓഫിസ് മാർച്ച് ചൊവ്വാഴ്ച; കോട്ടയം നഗരത്തിൽ  ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം

പെരിയ ഇരട്ടക്കൊലപാതകം: യൂത്ത് കോൺഗ്രസിന്റെ ജില്ലാ പൊലീസ് മേധാവി ഓഫിസ് മാർച്ച് ചൊവ്വാഴ്ച; കോട്ടയം നഗരത്തിൽ ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ

കോട്ടയം: പെരിയ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും, പൊലീസ് അതിക്രമങ്ങളിൽ ശക്തമായ ഇടപെടലുണ്ടാകണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തിന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേയ്ക്ക് മാർച്ച് നടത്തും. ഗാന്ധിസ്‌ക്വയറിൽ നിന്നും ആരംഭിക്കുന്ന പ്രകടനത്തിൽ ആയിരക്കണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കും. തുടർന്ന് കളക്ടറേറ്റിന് സമീപത്ത് ചേരുന്ന യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോബി അഗസ്റ്റിൻ എന്നിവർ അടക്കം നിരവധി നേതാക്കൾ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കും. 
പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ 11 മുതൽ നഗരത്തിൽ ജില്ലാ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഗാന്ധി സ്‌ക്വയറിൽ നിന്നും ആരംഭിക്കുന്ന മാർച്ച് ബസേലിയക് കോളേജ് ഭാഗത്ത് എത്തുവരെ കഞ്ഞിക്കുഴിയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കെകെ റോഡിൽ ബസേലിയസ് കോളേജ്, ജനറൽ ആശുപത്രി ഭാഗത്തേയ്ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഈ വാഹനങ്ങൾ കളക്ടറ്റേറ്റിനു മുന്നിലൂടെ ട്രാഫിക് ഐലന്റ്ചുറ്റി ലോഗോസ് ജംഗ്ഷൻ, ശാസ്ത്രി റോഡ്, ടി.എംഎസ്  ജംഗ്ഷൻ വഴി നഗരത്തിലേയ്ക്കും നാഗമ്പടം ഭാഗത്തേയ്ക്കും പോകേണ്ടതാണ്. കളക്ടറേറ്റിനു മുന്നിൽ ബാരിക്കേഡ് ഉയർത്തി പ്രകടനം പൊലീസ് തടയും. ഇതിനോട് അടുത്ത് പ്രകടനം എത്തുമ്പോൾ, കെകെ റോഡിൽ കഞ്ഞിക്കുഴിയിൽ നിന്നും വരുന്ന വാഹനങ്ങൾ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഭാഗത്തു നിന്നും തിരിഞ്ഞ് പൊലീസ് ക്ലബ് റോഡിലൂടെ നഗരത്തിലേയ്ക്ക് പ്രവേശിക്കേണ്ടതാണ്. നഗരത്തിൽ നിന്നും വരുന്ന വാഹനങ്ങൾ ലോഗോസ് ജംഗ്ഷനിലൂടെ തിരിഞ്ഞ്, റബർ ബോർഡ് റോഡ് വഴി കഞ്ഞിക്കുഴിയിൽ എത്തി യാത്ര തുടരേണ്ടതാണ്.