തിരുവല്ലത്തെ ജാന്‍ബീവിയുടെ മരണം കൊലപാതകം: പരിചാരകയുടെ 20വയസ്സുള്ള കൊച്ചുമകന്‍ പിടിയില്‍; പ്രതി ബിരുദ വിദ്യാര്‍ത്ഥി
സ്വന്തം ലേഖകന്‍
തിരുവല്ലം: തിരുവല്ലത്ത് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. കൊല്ലപ്പെട്ട ജാന്‍ബീവി(78)യുടെ പരിചാരകയുടെ കൊച്ചുമകനും അയല്‍വാസിയുമായ അലക്‌സ് ഗോപന്‍ (20)ആണ് പൊലീസ് പിടിയിലായത്.
പിടിയിലായ പ്രതി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. ഇയാള്‍ ജാന്‍ബീവിയുമായി അടുപ്പം സ്ഥാപിക്കുകയും പലപ്പോഴായി 65000 രൂപയിലധികം ഇവരില്‍ നിന്ന് കവര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. വിശ്വസ്തനായതിനാല്‍ ജാന്‍ബീവി അലക്‌സിനെ സഹായങ്ങള്‍ക്കായി വിളിക്കുകയും വീട്ടില്‍ വരാന്‍ അനുവദിക്കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് 2.30ഓടെ കവര്‍ച്ച ലക്ഷ്യമിട്ട് ഹെല്‍മറ്റ് ധരിച്ച് ഇയാള്‍ വീട്ടിലെത്തി. മുന്‍വശത്തെ കതക് അടച്ചിരുന്നതിനാല്‍ നീളമുള്ള കമ്പി ഉപയോഗിച്ച് ജനാല വഴി കുറ്റി തുറന്നു. ശബ്ദം കേട്ട് ജാന്‍ബീവി ഹാളിലേക്ക് വന്നപ്പോള്‍ സ്വര്‍ണമാല പിടിച്ച് പറിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇവര്‍ അലക്‌സിനെ തിരിച്ചറിയുകയും മോനേ.. അലക്‌സേ എന്ന് വിളിക്കുകയും ചെയ്തു. തന്നെ തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയതോടെ നിലത്ത് തള്ളിയിട്ടു. ശേഷം വീണ്ടും തല നിലത്തിടിപ്പിച്ച് മരണം ഉറപ്പ് വരുത്തി.
ഫോര്‍ട്ട് എസി പ്രതാപന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം ജാന്‍ബീവിയുടെ വീട്ടിലെത്തുന്നവരുടെ ലിസ്റ്റ് തയ്യാറക്കിയിരുന്നു. ഇതില്‍ ഉള്ളവരെ ചോദ്യം ചെയ്തപ്പോഴാണ് അലക്‌സ് കുറ്റം സമ്മതിച്ചത്. കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ പ്രതിയുടെ വീടിന്റെ സണ്‍ഷെയ്ഡില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പണയം വച്ച് കിട്ടിയ ഒരു ലക്ഷം രൂപയും കണ്ടെടുത്തു.
പരിചാരിക പതിവനുസരിച്ച് വൈകിട്ട് എത്തിയപ്പോഴാണ് ചാന്‍ബീവിയെ മുറിയില്‍ തറയില്‍ മരിച്ച നിലയില്‍ കണ്ടത്. ജനാല തുറന്നു കിടന്നിരുന്നു. മുന്‍ വശത്തെ വാതില്‍ തുറക്കാവുന്ന സ്ഥിതിയിലും ആയിരുന്നു. പുറത്ത് നിന്ന് വിളിച്ചാല്‍ ജനലിലൂടെ നോക്കി ആളെ തിരിച്ചറിഞ്ഞ ശേഷമാണ് ചാന്‍ബീവി മുന്‍ വാതില്‍ തുറക്കാറ്. സെക്രട്ടേറിയറ്റില്‍ അണ്ടര്‍ സെക്രട്ടറിയായ അന്‍വര്‍ ഹുസൈന്‍ മകനാണ്.
ഫോര്‍ട്ട് അസി. കമ്മിഷണര്‍ ആര്‍.പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ ആയിരുന്നു ഇന്‍ക്വസ്റ്റ് നടപടികള്‍.
മകന്‍ രാവിലെ ജോലിക്ക് പോകും. രാവിലെയും വൈകിട്ടും വേലക്കാരി വരുന്നത് ഒഴികെ ഉള്ള സമയങ്ങളില്‍ ചാന്‍ബീവി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഈ സമയത്താണ് ഇവര്‍ കൊല്ലപ്പെടുന്നത്.