
ബന്ധുവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്തു ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ
സ്വന്തം ലേഖകൻ
മലപ്പുറം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിനെ കുത്തി കൊലപ്പെടുത്തിയകേസിലെ പ്രതി ആത്മഹത്യാ കുറിപ്പും എഴുതി വെച്ച് ആത്മഹത്യചെയ്തു. തന്റെ കുടുംബത്തെ നശിപ്പിച്ച ആര്‍ക്കും മാപ്പില്ലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നത്. വിഷം മദ്യത്തില്‍ കലര്‍ത്തി കഴിച്ചാണ് സലീം ആത്മഹത്യ ചെയ്‌തത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെയാണ് കൊലക്കേസ് പ്രതിയെ വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ മൈലാടി സ്വദേശി പഴംകുളത്ത് സലീമിന്റെ മൃതദേഹമാണ് നിലമ്പൂര്‍ പൂക്കോട്ടുംപാടം റോഡിന് സമീപം നിലംപതി പാടശേഖരത്തിന് സമീപം കണ്ടെത്തിയത്. ഇതുവഴി നടന്ന് വന്ന കുട്ടികളാണ് ഇയാള്‍ മരിച്ചു കിടക്കുന്നത് കണ്ടത്. 2017 ഫെബ്രുവരി 24ന് ഐ.എന്‍ ടി.യു.സി നേതാവും ബന്ധുവും ഓട്ടോറിക്ഷഡ്രൈവറുമായിരുന്ന പൂക്കോട്ടുംപാടം കൂറ്റമ്പാറ ചെറായി സ്വദേശി മുണ്ടമ്പ്ര മുഹമ്മദാലിയെ സാമ്പത്തിക ഇടപ്പെട്ട തര്‍ക്കവുമായി ബന്ധപ്പെട്ട് ഇയാള്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിന്റെ വിചാരണ നടന്നു വരികയുമായിരുന്നു. മുഹമ്മദാലി നല്‍കാനുള്ള പണം കുടുബം നല്‍കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു, എന്നാല്‍ കേസ് നടക്കുന്നതിനാല്‍ കേസ് വിധിയാകാതെ പണം നല്‍കാന്‍ കഴിയില്ലെന്ന നിലപാട് മുഹമ്മദാലിയുടെ കുടുംബം പൊലീസിനെ അറിയിച്ചിരുന്നു. മുഹമ്മദാലിയുടെ വീട്ടില്‍ പണം ആവശ്യപ്പെട്ട് എത്തിയതാണോ ഇയാള്‍ എന്നും സംശയമുണ്ട്.
ബന്ധുവായ മുഹമ്മദലിക്ക് സലീം നാലര ലക്ഷം രൂപ കടമായി നല്‍കിയിരുന്നു. ഇത് തിരിച്ച് നല്‍കാത്തതിലുള്ള വിരോധം മൂലം മുഹമ്മദലിയെ കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസിന്റെ വിചാരണ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് സലീമിന്റെ അസ്വാഭാവിക മരണം. കൊല്ലപ്പെട്ട മുഹമ്മദലിയുടെ വീട്ടുപരിസരത്താണ് സലീമിന്റെ മൃതദേഹം കാണപ്പെട്ടത്. ഇതില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. ഫോറന്‍സിക് ഫിംഗര്‍ പ്രിന്റ് വിഭാഗം പരിശോധന നടത്തി. മദ്യവും വിഷകുപ്പിയും, വെള്ളവും സമീപത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്.ഇയാളുടെ ബൈക്ക് റോഡരികില്‍ തട്ടുകടയോട് ചേര്‍ന്നു കണ്ടെത്തി. പോക്കറ്റില്‍നിന്നും കണ്ടെത്തിയ എഴുത്തില്‍ തന്റെ കുടുംബത്തെ നശിപ്പിച്ച ആര്‍ക്കും മാപ്പില്ല എന്ന് എഴുതിയിട്ടുണ്ട്. മറുപുറത്ത് കുറെ കണക്കുകളും ഉണ്ട്. ഭാര്യയുടെ ഫോട്ടോയുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
