
തേർഡ് ഐ ബ്യൂറോ
കോട്ടയം: താഴത്തങ്ങാടിയിൽ ദമ്പതിമാരെ അതിക്രൂരമായി തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് ബിലാലിനു വധശിക്ഷ ഏതാണ്ട് ഉറപ്പായി. ബിലാലിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് നാൽപ്പതു ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലി (65) വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ മരിച്ചതോടെയാണ് താഴത്തങ്ങാടിയിലെ കൊലപാതകം കൊടുംക്രൂരതയുടെ പട്ടികയിൽ വന്നത്.
നേരത്തെ പ്രതിയായ താഴത്തങ്ങാടി പാറപ്പാടം വേളൂർ കരയിൽ മാലിയിൽ പറമ്പിൽ വീട്ടിൽ മുഹമ്മദ് ബിലാലിനെ(23) തിരെ ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരം കൊലപാതകം, 307 പ്രകാരം വധശ്രമം, 394, 397 – മോഷണം, കവർ്ച്ച, 301 പ്രകാരം തെളിവ് നശിപ്പിക്കുക, 449 പ്രകാരം അതിക്രമിച്ചു കയറിൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്് നിലവിലുണ്ടായിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഹമ്മദ് സാലിയുടെ ഭാര്യ ഷീബയെ (60) കൊലപ്പെടുത്തിയതിനു 302 പ്രകാരം കൊലപാതകവും, സാലിയെ ആക്രമിച്ചതിനു 307 പ്രകാരം വധശ്രമത്തിനും വീട്ടിൽ നിന്നും വസ്തുക്കൾ മോഷ്ടിച്ചതിനു മറ്റു വകുപ്പ് പ്രകാരമവുമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ഇരട്ട ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുമെന്നാണ് പൊലീസും പ്രോസിക്യൂഷനും വിശ്വസിച്ചിരുന്നത്. എന്നാൽ, സാലി കൂടി മരിച്ചതോടെ കേസ് അപൂർവങ്ങളിൽ അപൂർവങ്ങളുടെ പട്ടികയിൽ വരും. ഈ സാഹചര്യത്തിൽ പ്രോസിക്യൂഷൻ നിർണ്ണായകമായ സാക്ഷികളെ കൂടി നിരത്തിയാൽ പ്രതിയ്ക്കു വധ ശിക്ഷ വരെ ലഭിക്കാമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.
കുടുംബവുമായി ഏറെ അടുപ്പമുള്ള ബിലാൽ, നാട് വിടുന്നതിനായി വീട്ടിലെത്തി കുടുംബത്തോടു പണം ആവശ്യപ്പെടുകയും ഇത് നിരസിച്ചപ്പോൾ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ഇരുവരെയും അടിച്ചു വീഴ്ത്തിയ ശേഷം പണം മോഷ്ടിച്ച് മുഹമ്മദ് ബിലാൽ നാട് വിട്ടതായും പ്രോസിക്യൂഷൻ വാദിക്കുന്നു.
കോടതി നിർദേശ പ്രകാരം പ്രതിയായ മുഹമ്മദ് ബിലാലിന്റെ മാനസിക നില പരിശോധിക്കാൻ തീരുമാനം എടുത്തിരുന്നു.
പ്രതിയായ ബിലാലിനു മാനസിക അസ്വസ്ഥമുണ്ടെന്നും, മാനസിക രോഗത്തിനു ബിലാൽ ചികിത്സ തേടിയിരുന്നതാണെന്നുമായിരുന്നു കുടുംബത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദം. ഈ സാഹചര്യത്തിലാണ് ബിലാലിന്റെ മാനസിക നില പരിശോധിക്കണമെന്നു പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടത്.
പ്രതി വിചാരണ നേരിടാൻ മാനസിക ശേഷിയുള്ളയാളാണോ എന്നു പരിശോധിക്കണമെന്നാണ് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ജയിലിൽ പ്രതിയുടെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ് എന്നും, പ്രതിയുടെ മാനസിക നില മെഡിക്കൽ ബോർഡിനെ കൊണ്ടു പരിശോധിപ്പിക്കണമെന്നുമായിരുന്നു പ്രതി ഭാഗം അഭിഭാഷകൻ വിവേക് മാത്യു വർക്കിയുടെ ആവശ്യം. ഈ ആവശ്യം അംഗീകരിച്ച കോടതി പ്രതിയുടെ മാനസിക നില സംബന്ധിച്ചുള്ള റിപ്പോർട്ട് ജയിൽ അധികൃതരിൽ നിന്നും കൈപ്പറ്റിയിരുന്നു.. ഇതിനു ശേഷമാണ് മാനസിക നില സീനിയർ ഡോക്ടറെ ഉപയോഗിച്ചു പരിശോധിപ്പിച്ച് റിപ്പോർട്ട് നൽകണമെന്നു നിർദേശിച്ചത്.



