
ഷോർട്ട് ഫിലിം എഡിറ്ററും നിർമ്മാതാവും മരിച്ചത് ഒറ്റത്തുണിയിൽ തൂങ്ങി: ആത്മഹത്യയുടെ കാരണം വ്യക്തമാകാതെ പൊലീസ്; ഭാര്യയും കുട്ടിയുമുള്ള യുവാവ് യുവതിയ്‌ക്കൊപ്പം മരിച്ചതിന് പിന്നിലെ രഹസ്യം തേടി പൊലീസ്
ക്രൈം ഡെസ്‌ക്
കൊച്ചി: ഷോട്ട് ഫിലിം നിർമ്മിതാവും എഡിറ്ററും ആലുവയിലെ വീട്ടിൽ ജീവനൊടുക്കിയത് ഒരു വസ്ത്രത്തിന്റെ രണ്ടറ്റത്ത് തൂങ്ങിയെന്ന് കണ്ടെത്തൽ. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും പൊലീസിന് ലഭിച്ച പ്രാഥമീക പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച് സൂചനയുള്ളത്. എന്നാൽ, മരണകാരണം എന്താണെന്നതു സംബന്ധിച്ചു പൊലീസിനു ഇനിയും സൂചനകളൊന്നും ലഭിച്ചിട്ടില്ല.
ശിവരാത്രി രാത്രി മണപ്പുറത്തിന് സമീപം അക്കാട്ട് ലെയ്നിലെ ഫ്ളാറ്റിലെ താമസക്കാരായിരുന്ന പാലക്കാട് സ്വദേശി സതീശിന്റെ ഭാര്യ മോനിഷ ഒപ്പം താമസിച്ചിരുന്ന രമേശ് എന്നിവരെ ഫ്‌ലാറ്റിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ദിവസം മുമ്പ് ദുർഗന്ധം വമിച്ചിരുന്ന നിലയിൽ കണ്ടെത്തിയ മൃതദ്ദേഹം കഴിഞ്ഞ ദിവസമാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയത്. സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും രാസപരിശോധന റിപ്പോർട്ടുകൂടി ലഭിച്ചാലെ മരണകാരണം പൂർണ്ണമായും സ്ഥിരീകരിക്കാനാവു എന്നും ആലുവ റൂറൽ എസ് പി കെ കാർത്തിക് അറിയിച്ചു.
മരണപ്പെട്ടവരെക്കുറിച്ചും ഇവരുമായി അടുത്ത് ഇടപഴകിയിരുന്നവരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. പ്രാഥമീക പോസ്റ്റുമോർട്ടം റിപ്പോർട്ട് ആത്മഹത്യയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നതെങ്കിലും മരണം സംബന്ധിച്ച് ഉയർന്നിട്ടുള്ള ദുരൂഹതകളുടെ ചുരുളഴിക്കാൻ പൊലീസിനായിട്ടില്ല. മുറിയുടെ വാതിൽ തുറന്നുകിടന്നതും മൃതദ്ദേഹങ്ങൾ കിടന്നിരുന്ന രീതിയും മുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ കാണപ്പെട്ടതുമെല്ലാമാണ് സംശയങ്ങൾക്കിടയാക്കിയത്.
ഇവർക്കൊപ്പം താമസിച്ചിരുന്ന മൂന്നാമന്റെ തിരോധാനവും ദുരൂഹത വർദ്ധിപ്പിട്ടുണ്ട്. ആത്മഹത്യ ചെയ്തവരുടെ മൃതദ്ദേഹങ്ങൾ വസ്ത്രം കീറിയതിനെത്തുടർന്നാവാം നിലം പതിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
മോനീഷയുടെ ശരീരത്തിന് മുകളിലേയ്ക്ക് വീണ നിലയിലാണ് രമേശിന്റെ മൃതദ്ദേഹം കാണപ്പെട്ടത്. ഇയാളുടെ മുഖം ഭിത്തിയിലിടിച്ച് ഉരഞ്ഞിറങ്ങിയ നിലയിലാണ്.
കട്ടിലിനടിയിലേക്ക് കയറിയ നിലയിലായിരുന്നു മോനിഷയുടെ ജഡം കാണപ്പെട്ടത്. ഇവരുടെ മൊബെലുകളും കാമറയും മുറിയിൽ കണ്ടെത്തിയിരുന്നു. ഷോർട്ട് ഫിലിം നിർമ്മാണം – എഡിറ്റിങ് ആവശ്യത്തിലേയ്ക്കായി ഫ്‌ലാറ്റ് വേണമെന്നാവശ്യപ്പെട്ട് സതീശും മോനീഷയുമാണ് ആദ്യം തന്നെ സമീപിച്ചതെന്നാണ് കെട്ടിട ഉടമ പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.
രണ്ട് പേർ കൂടി താമസിക്കാൻ എത്തുമെന്നും ഇവർ കെട്ടിട ഉടമയെ അറിയിച്ചിരുന്നു. ആദ്യം ഇത് പറ്റില്ലന്നാണ് താൻ ഇവരെ അറിയിച്ചതെന്നും പിന്നെ ആധാർ കാർഡും മറ്റ് തിരിച്ചറിയൽ രേഖകളുമെല്ലാം നൽകാമെന്നും താമസിക്കാനെത്തുന്നവർ പ്രശ്‌നക്കാരല്ലന്നും ഉറപ്പു നൽകിയ സാഹചര്യത്തിലാണ് മറ്റുള്ളവരെക്കൂടി ഫ്‌ലാറ്റിൽ തങ്ങാൻ അനുവദിച്ചതെന്നും കെട്ടിട ഉടമ പൊലീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൂലിപ്പണിക്കാരനായ തന്നെ രാവിലെ മിക്ക ദിവസങ്ങളിലും ഭാര്യയായിരുന്നു മൊബൈലിൽ വിളിച്ച് ഉണർത്തിയിരുന്നതെന്നും എന്താണ് യഥാർത്ഥത്തിൽ നടന്നത് എന്ന് അറിയില്ലെന്നും ഫ്‌ലാറ്റിലെത്തി മൃതദ്ദേഹങ്ങൾ കണ്ട ശേഷം സതീശ് പ്രതികരിച്ചിരുന്നു.
ഇവർക്ക് ഒപ്പം ഇവിടെയുണ്ടായിരുന്ന ഷിബുവിനെ പൊലീസ് തിരയുന്നുണ്ട്. മുറിയിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട താഴത്തെ താമസക്കാർ കെട്ടിട ഉടമയായ ഇക്ബാലിനെ വിവരം അറിയിക്കുകയായിരുന്നു. ഇക്ബാൽ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.