play-sharp-fill
മാങ്ങാനം സ്വദേശിയെ റിസോർട്ടിൽ വെടിവച്ച് കൊന്ന സംഭവം: കൊലനടത്തിയത് പണത്തിനു വേണ്ടി; കൊലനടത്തിയ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ

മാങ്ങാനം സ്വദേശിയെ റിസോർട്ടിൽ വെടിവച്ച് കൊന്ന സംഭവം: കൊലനടത്തിയത് പണത്തിനു വേണ്ടി; കൊലനടത്തിയ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഇടുക്കി: നടുപ്പാറയിൽ എസ്റ്റേറ്റിനുള്ളിലെ റിസോർട്ടിൽ മാങ്ങാനം സ്വദേശിയെ വെടിവച്ച് കൊന്ന കേസ് നിർണ്ണായക വഴിത്തിരിവിൽ. എസ്‌റ്റേറ്റിനുള്ളിൽ ഇരട്ടക്കൊലപാതകം നടത്തിയത് ഒളിവിലുള്ള ജീവനക്കാരൻ തന്നെയെന്ന് കസ്റ്റഡിയിലുള്ള ദമ്പതികൾ. കൊലയ്ക്ക് ശേഷം ബോബിൻ താമസിച്ചത് തങ്ങളുടെ വീട്ടിലാണെന്നും, എസ്റ്റേറ്റിൽ നിന്ന് മോഷ്ടിച്ച ഏലം വിൽക്കാൻ സഹായിച്ചുവെന്നും ഇവർ പൊലീസിനോട് സമ്മതിച്ചു. ദമ്പതികളുടെ അറസ്റ്റ് ബുധനാഴ്ച രാവിലെ പൊലീസ് രേഖപ്പെടുത്തും.
ചേരിയാർ സ്വദേശികളായ ഇസ്രവേൽ, ഭാര്യ കബില എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കൊല നടത്തിയ ശേഷം ബോബിനെത്തിയത് ഇവരുടെ വീട്ടിലേക്കാണ്. മോഷ്ടിച്ച 200 കിലോയോളം ഏലവും ബോബിന്റെ പക്കലുണ്ടായിരുന്നു.
ഇത് വിൽക്കാൻ സഹായിച്ചത് ഇസ്രവേലാണ്. 25000 രൂപയും ഇതിനായി പ്രതിഫലം കിട്ടി. അതേസമയം വിവിധ സംഘങ്ങളായി ബോബിനായുള്ള തെരച്ചിൽ പൊലീസ് തുടരുകയാണ്. ഇയാൾ സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് സൂചന.
അതിനിടെ എസ്റ്റേറ്റിൽ നിന്ന് രണ്ട് തോക്കുകൾ കണ്ടെത്തി. ഇതിൽ ഒന്ന് ഉപയോഗിച്ചാണ് എസ്റ്റേറ്റ് ഉടമ ജേക്കബ് വർഗീസിനെ വെടിവച്ചതെന്നാണ് പൊലീസ് കരുതുന്നത്. മോഷണം പോയ കാറും, കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കഴിഞ്ഞ ദിവസം മുരിക്കുംതൊടിയിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.