കോട്ടയം നഗരം അനാശാസ്യ സംഘങ്ങളുടെ പിടിയിൽ: ഭർത്താവിനൊപ്പം എത്തിയ യുവതിയെ പരസ്യമായി അനാശാസ്യത്തിനു ക്ഷണിച്ചു; കോട്ടയം നഗരമധ്യത്തിൽ സംഘർഷം: തടയാനെത്തിയ പൊതുപ്രവർത്തകനെ കേസിൽ കുടുക്കാനും ശ്രമം
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോട്ടയം നഗരവും ടിബി റോഡും കെഎസ്ആർടിസി പരിസരവും സ്ന്ധ്യമയങ്ങിയാൽ കഞ്ചാവ്, അനാശാസ്യ സംഘങ്ങളുടെ പിടിയിൽ. കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് കുടുംബത്തോടൊപ്പം എത്തിയ യുവതിയെ പരസ്യമായി അനാശാസ്യത്തിന് സംഘം ക്ഷണിച്ചതോടെയാണ് സംഭവം വിവാദമായത്. പരസ്യമായി യുവതിയെ കടന്ന് പിടിച്ച അനാശാസ്യ സംഘത്തിലെ സ്ത്രീയുമായി ഇവർ തമ്മിൽ വാക്ക് തർക്കവും കയ്യേറ്റവും ഉണ്ടാകുകയും ചെയ്തു. ഒടുവിൽ പ്രശ്‌നത്തിൽ പൊതുപ്രവർത്തകനായ യുവാവ് ഇടപെട്ടതോടെയാണ് സംഘർഷം ലഘൂകരിച്ചത്. എന്നാൽ, സംഘർഷം ലഘൂകരിക്കാൻ ഇടപെട്ട പൊതുപ്രവർത്തകനായ യുവാവിനെ അസഭ്യം പറഞ്ഞ അനാശാസ്യ പ്രവർത്തകരായ യുവതികൾ, ഇയാൾക്കെതിരെ പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
കഴിഞ്ഞ ദിവസം സന്ധ്യമയങ്ങിയപ്പോഴായിരുന്നു നഗരമധ്യത്തിൽ സംഭവമുണ്ടായത്. ബിഗ്ബസാറിൽ സാധനങ്ങൾ വാങ്ങുന്നതിനായാണ് യുവതിയും കുടുംബവും എത്തിയത്. ഭർത്താവിനോടും കുട്ടികളോടും ഒപ്പം എത്തിയ യുവതി ബിഗ്ബസാറിലേയ്ക്ക് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു വശത്ത് തനിച്ചായി പോയി. റോഡ് മുറിച്ച് കടക്കാൻ ഇവർ ശ്രമിക്കുന്നതിനിടെ റോഡരികിൽ നിന്ന അനാശാസ്യ പ്രവർത്തകയായ യുവതി ഇവരുടെ കയ്യിൽ കടന്നു പിടിക്കുകയായിരുന്നു. പണം എത്രവേണമെങ്കിലും നൽകാമെന്നും, തങ്ങളുടെ കൂടെ വരണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ, നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല താനെന്ന് യുവതി പറഞ്ഞെങ്കിലും ഇവർ വിടാൻ തയ്യാറായില്ല. കയ്യിൽ മുറുകെ പിടിക്കാനും സമീപത്തെ ഓട്ടോറിക്ഷയിലേയ്ക്ക് വലിച്ചു കയറ്റാനും ഇവർ ശ്രമിച്ചു. ഇതോടെ യുവതി കുതറി രക്ഷപെടാൻ ശ്രമിച്ചു. സംഭവം കണ്ട് യുവതിയുടെ ഭർത്താവ് ഓടിയെത്തി. ഇതോടെ ഭർത്താവും അനാശാസ്യക്കാരായ യുവതികളും തമ്മിലായി വാക്ക് തർക്കം. തർക്കം രൂക്ഷമായതോടെ അനാശാസ്യ സംഘത്തിലെ പുരുഷൻമാരും യുവതികളും ഒപ്പം കൂടി. ആളു കൂടിയതോടെ കുടുംബം നാണക്കേട് ഒഴിവാക്കാൻ പെട്ടന്ന് ഇവിടെ നിന്ന് പോകാൻ തുടങ്ങി. ഇതോടെ പിന്നാലെ നടന്ന ഇവരെ അസഭ്യം പറയുകയായിരുന്നു അനാശാസ്യ സംഘം. ഇത് കണ്ടാണ് നഗരത്തിലെ പൊതുപ്രവർത്തകനായ യുവാവ് സംഭവത്തിൽ ഇടപെട്ടത്.
കുടുംബത്തെ സംഭവ സ്ഥലത്തു നിന്നും രക്ഷപെടുത്തിയ ഈ യുവാവ് അനാശാസ്യ പ്രവർത്തകരായ സ്ത്രീകളെ തുരത്തി ഓടിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ അനാശാസ്യ സംഘം സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടു. തുടർന്ന് പിറ്റേന്ന് രാവിലെ ഇവർ വനിതാ പൊലീസ് സ്റ്റേഷനിലെത്തി പൊതുപ്രവർത്തകനെതിരെ കേസ് നൽകുകയായിരുന്നു. ഇതേ തുടർന്ന് വനിതാ പൊലീസ് സ്റ്റേഷനിൽ നിന്നും ഈ പൊതുപ്രവർത്തകനെ വിളിപ്പിക്കുകയും ചെയ്തു.
നഗരത്തിൽ കഞ്ചാവ് – അനാശാസ്യ പ്രവർത്തകർ വ്യാപകമായിട്ടും പൊലീസ് സംഘം കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ല. നഗരത്തിൽ പട്ടാപ്പകൽ പോലും അനാശാസ്യ സംഘങ്ങൾ അഴിഞ്ഞാടുകയാണ് ഇപ്പോൾ ചെയ്യുന്നത്.