കളിക്കൂട്ടുകാരി കൊച്ചുറാണിയെ കോടാലി കൊണ്ട് വെട്ടിവീഴ്ത്തിയപ്പോഴും ആന്റണിക്ക് കൈ വിറച്ചില്ല; ചുവരിൽ രക്തംകൊണ്ടെഴുതിയ അമ്പും വില്ലും വരച്ചതാരെന്നും രക്തം പുരണ്ട പത്തോളം കാൽപ്പാടുകൾ ആരുടേതെന്നും ഇന്നും അറിയില്ല ; ആലുവ കൂട്ടക്കൊലയുടെ നാൾ വഴികൾ
സ്വന്തം ലേഖകൻ
ആലുവ: ആലുവ കൂട്ടക്കൊലക്കേസിലെ ഏകപ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ച് ജസ്റ്റിസ് മദൻ ബി. ലോകൂർ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. ആന്റണി നൽകിയ പുനഃപരിശോധനാ ഹർജിയിൽ നേരത്തേ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. 2001 ജനുവരി ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജെയ്മോൻ (14), ദിവ്യ (12), അഗസ്റ്റിന്റെ മാതാവ് ക്ളാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ് കൊലചെയ്യപ്പെട്ടത്. അന്ന് പൊലീസിന് ഏറെ തലവേദന ഉണ്ടാക്കിയ കേസായിരുന്നു ഇത്. ഏറെ നാളത്തെ വിവാദത്തിനും അന്വേഷണത്തിനുമൊടുവിലാണ് ആന്റണിയെ പിടികൂടാൻ ആയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ച് ആന്റണിയെ കുറ്റക്കാരനായി കണ്ടെത്തിയത്. പിന്നീട് സി ബി ഐയും കേസ് അന്വേഷിച്ചു. സി ബി ഐ സ്പെഷ്യൽ കോടതി ജഡ്ജിയായിരുന്ന കമാൽ പാഷയാണ് വധശിക്ഷ വിധിച്ചത്.
മാഞ്ഞൂരാൻ കുടുംബത്തിലെ ഡ്രൈവറായിരുന്നു പ്രതിയായ ആന്റണി. വിവാഹബന്ധം വേർപ്പെട്ട് കഴിഞ്ഞിരുന്ന കൊച്ചുറാണിയുടെ ബാല്യകാല സുഹൃത്തുകൂടിയായിരുന്നു ആന്റണി. ആന്റണിക്ക് സൗദിയിലേക്ക് പോകാൻ വിസ തരപ്പെട്ടപ്പോൾ അതിനുവേണ്ടിയുള്ള പണം നൽകാമെന്ന് കൊച്ചുറാണി പറഞ്ഞിരുന്നു. എന്നാൽ, അവസാന സമയം കൊച്ചുറാണി പണം നൽകാൻ തയാറായില്ല. ഇതേ തുടർന്ന് ഇവരുമായി വാക്ക് തർക്കങ്ങൾ ഉണ്ടായെങ്കിലും പണം തരാനാകില്ലെന്ന് തന്നെ കൊച്ചുറാണി ഉറപ്പിച്ചു പറഞ്ഞു. ഇതോടെ പക മൂത്ത ആന്റണി കൊച്ചുറാണിയെ മാത്രം കൊല്ലുക എന്ന ഉദ്ദേശത്തോടെയായിരുന്നു വീട്ടിലെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സമയം കൊച്ചുറാണിയും അമ്മ ക്ളാരയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇരുവരെയും കോടാലികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. പൂർണമായി തെളിവ് നശിപ്പിക്കണമെന്ന ചിന്തയിൽ ആന്റണി മറ്റുള്ളവർ വരാൻ കാത്തിരുന്നു. പിന്നീട് അഗസ്റ്റ്യനെയും ഭാര്യയെയും രണ്ട് മക്കളെയും കോടാലികൊണ്ട് തന്നെ വെട്ടി വീഴ്ത്തി.
തുടർന്ന് തീവണ്ടികയറി മുംബൈയിലെത്തി, അവിടെനിന്ന് ദമ്മാമിലേക്ക് കടന്നു. എന്നാൽ കുറ്റവാളിയാണെന്ന് മനസിലായ ആന്റണിയെ പൊലീസ് തന്ത്രപൂർവം വിളിച്ചുവരുത്തി മുംബൈയിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പക്ഷേ, ആന്റണിയെ പിടികൂടിയെങ്കിലും ആറ് കൊലപാതകവും ആന്റണി ഒറ്റയ്ക്ക് ആണ് നടത്തിയതെന്ന് പൊലീസ് വിശ്വസിച്ചില്ല. കൂട്ടുപ്രതികൾ ഉണ്ടോയെന്ന് ഉറപ്പു വരുത്താൻ കൂടുതൽ അന്വേഷിച്ചെങ്കിലും ആരേയും കണ്ടെത്താൻ പൊലീസിനായില്ല. ചുവരിൽ രക്തംകൊണ്ടെഴുതിയ അമ്പും വില്ലും വരച്ചതാരെന്നും രക്തം പുരണ്ട പത്തോളം കാൽപ്പാടുകൾ ആരുടേതെന്നും ഇന്നും കണ്ടെത്തിയിട്ടില്ല. അതേസമയം മറ്റാർക്കോ വേണ്ടി ആന്റണി കുറ്റമേറ്റെടുക്കുകയായിരുന്നുവെന്നും സ്വന്തം കൂട്ടുകാരി കൊച്ചുറാണിയെ കൊല്ലാൻ ആന്റണിക്ക് കഴിയില്ലെന്നുമാണ് ആലുവ സ്വദേശികൾ ഇപ്പോഴും പറയുന്നത്.