പെട്രോളിയം റിഫൈനറിയേക്കുറിച്ച് വാർത്ത നൽകി; മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ചു കൊലപ്പെടുത്തി; പ്രതി പിടിയിൽ
സ്വന്തം ലേഖകൻ
രത്നഗിരി: പെട്രോളിയം റിഫൈനറിയേക്കുറിച്ചുള്ള വാർത്ത നൽകിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ചു കൊലപ്പെടുത്തി. മറാത്തി ദിനപത്രമായ മഹാനഗരി ടൈംസിലെ മാധ്യമ പ്രവര്‍ത്തകനായ ശശികാന്ത് വരിഷെയാണ് കൊല്ലപ്പെട്ടത്.
മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് സംഭവം. പ്രാദേശികരുടെ കനത്ത എതിര്‍പ്പ് നേരിടുന്ന രത്നഗിരിയിലെ നാണാറിലുള്ള എണ്ണശുദ്ധീകരണ ശാലയ്ക്ക് എതിരെ ശശികാന്ത് വാര്‍ത്തകള്‍ ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഭൂമി ഇടപാടുകാരനായ പണ്ഡാരിനാഥ് അംബേദ്കര്‍ ശശികാന്ത് വരിഷെ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിലേക്ക് കാറ് ഇടിച്ചു കയറ്റിയത്.
പെട്രോള്‍ പമ്പിന് അടുത്ത് നില്‍ക്കുമ്പോഴാണ് ശശികാന്തിനെ പണ്ഡാരിനാഥ് കാറിടിച്ച് വീഴ്ത്തിയത്. ഏറെ ദൂരം ശശികാന്തിനെ കാര്‍ ഇടിച്ച് വീഴ്ത്തി വലിച്ചിഴയ്ക്കുകയും പണ്ഡാരിനാഥ് ചെയ്തിരുന്നു. ആളുകള്‍ ഓടിക്കൂടിയപ്പോഴേയ്ക്കും ഇയാള്‍ കടന്നുകളയുകയായിരുന്നു.
ഗുരുതര പരിക്കുകളുമായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ശശികാന്ത് ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങിയത്.
റിഫൈനറിയെ പിന്തുണയ്ക്കുന്ന വിഭാഗം ആളുകളിലൊരാളായ പണ്ഡാരിനാഥ് ശശികാന്തിനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. റിഫൈനറിക്ക് എതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ വാദങ്ങള്‍ നിരത്തിയ ലേഖനത്തില്‍ പണ്ഡാരിനാഥിന്‍റെ കുറ്റകൃത്യങ്ങളിലെ ഇടപെടലുകളേക്കുറിച്ച് ശശികാന്ത് വിശദമാക്കിയിരുന്നു.
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കൊപ്പവും പണ്ഡാരിനാഥ് നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടത്.
സംഭവത്തില്‍ പണ്ഡാരിനാഥിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ആയിരുന്നു തുടക്കത്തില്‍ പണ്ഡാരിനാഥിനെതിരെ കേസ് ചുമത്തിയിരുന്നത്. പ്രതിഷേധം ശക്തമായതോടെ കൊലപാതക്കുറ്റം ചുമത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പണ്ഡാരിനാഥിനെ 14ാം തിയതി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.