നഗരമധ്യത്തിലെ കൊലപാതകം: പ്രതിയെ തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് എത്തിച്ച് തെളിവെടുത്തു; കുത്താനുപയോഗിച്ച കത്തി കണ്ടെത്തി
ക്രൈം ഡെസ്ക്
കോട്ടയം: നഗരമധ്യത്തിൽ തിരുവഞ്ചൂർ സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കേസിലെ പ്രതിയെ സംഭവം നടന്ന തിരുനക്കര എത്ര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് എത്തിച്ച തെളിവെടുപ്പ് നടത്തി. കുമരകം ചൂളഭാഗം കുടിലിൽ രഞ്ജിത്തി (46) നെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്. രഞ്ജിത്ത് സ്വകാര്യ ബസ് കണ്ടക്ടറെ കുത്തിയ കേസിൽ പ്രതിയാണ്. മൂന്നുമാസം മുമ്പ് മാത്രമാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്താണ് സംഭവമുണ്ടായത്. തിരുവഞ്ചൂർ വലിയപറമ്പിൽ സുമിത്ത് തോമസി (38) നെയാണ് രഞ്ജിത്ത് കുത്തി കൊലപ്പെടുത്തിയത്. രഞ്ജിത്തും സുമിത്തും തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട് ഇരുവരെയും പിടിച്ച് മാറ്റാൻ ശ്രമിച്ച മാന്താറ്റിൽ വാടകയ്ക്ക് താമസിക്കുന്ന സംക്രാന്തി സ്വദേശി ഷാനു നജീബിന് ( 23) കുത്തേറ്റിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതി രഞ്ജിത്തിനെ ബുധനാഴ്ച വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. ഇയാളെ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സുമിത്തിനെ കുത്താനുപയോഗിച്ച കത്തി മാലിന്യ കൂനയിലേക്ക് വലിച്ചെറിഞ്ഞതായി പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു. പഴയ പൊലീസ് സറ്റേഷൻ മൈതാനത്തിന് സമീപത്തെ മാലിന്യക്കൂനയിൽ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി.
നഗരത്തിലെ ഒരു കടയിൽ നിന്നും ആറ് മാസം മുമ്പാണ് കത്തി വാങ്ങിയതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു. വെസ്റ്റ് എസ് ഐ ടി. ശ്രീജിത്ത്, എ എസ് ഐ പി.എൻ.മനോജ്, സി പി ഒ ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു, കൊല്ലപ്പെട്ട സുമിത്തും ശ്രീജിത്തും തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
സിഎംഎസ് കോളജിന് സമീപത്ത് വച്ച് സ്വകാര്യ ബസ് കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറു മാസം മുൻപാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ ആലപ്പുഴയിലെ ഒരു ലോഡ്ജിലാണ് താമസിച്ചിരുന്നത്. കയ്യിൽ എപ്പോഴും കത്തിയുമായി നടക്കുന്ന സ്വഭാവം ഉള്ളയാളാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു.