പ്ലസ് വൺ വിദ്യാർത്ഥിയെ കല്യാണം കഴിക്കാൻ കാരാപ്പുഴയിൽ ഗുണ്ടാ സംഘാംഗങ്ങളായ യുവാക്കൾ ഏറ്റുമുട്ടി: കാരാപ്പുഴ സ്വദേശിയായ യുവാവിനെ വില്ലൂന്നിയിലെ ഗുണ്ട കുത്തി വീഴ്ത്തി; വയറിൽ ആഴത്തിലുള്ള മൂന്ന് കുത്തേറ്റ യുവാവ് ആശുപത്രിയിൽ

പ്ലസ് വൺ വിദ്യാർത്ഥിയെ കല്യാണം കഴിക്കാൻ കാരാപ്പുഴയിൽ ഗുണ്ടാ സംഘാംഗങ്ങളായ യുവാക്കൾ ഏറ്റുമുട്ടി: കാരാപ്പുഴ സ്വദേശിയായ യുവാവിനെ വില്ലൂന്നിയിലെ ഗുണ്ട കുത്തി വീഴ്ത്തി; വയറിൽ ആഴത്തിലുള്ള മൂന്ന് കുത്തേറ്റ യുവാവ് ആശുപത്രിയിൽ

Spread the love
ക്രൈം ഡെസ്‌ക്
കോട്ടയം: പ്ലസ് വൺ വിദ്യാർത്ഥിനിയായ കാമുകിയുമായുള്ള പ്രണയ ബന്ധത്തിൽ നിന്നും പിൻമാറണമെന്നാവശ്യപ്പെട്ട ഗുണ്ട യുവാവിനെ കുത്തി വീഴ്ത്തി.
കാരാപ്പുഴ സ്വദേശിയായ യുവാവിനെയാണ് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ യുവാവ് കുത്തി വീഴ്ത്തിയത്.
വയറിൽ ആഴത്തിൽ മൂന്ന് കുത്തേറ്റ കാരാപ്പുഴ പയ്യമ്പള്ളിച്ചിറയിൽ ഗണേഷന്റെ മകൻ സുജിത്തിനെ (22) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരവധി ക്രിമിനൽ ഗുണ്ടാ ആക്രമണക്കേസുകളിൽ പ്രതിയായ വില്ലൂന്നി ആർപ്പൂക്കര സ്വദേശി ജിബിനെതിരെ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു.
ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വില്ലൂന്നി സ്വദേശിയും നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയുമായ ജിബിനും കാരാപ്പുഴയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയുമായി സൗഹൃദത്തിലായിരുന്നു.
ഈ സൗഹൃദത്തിനിടയിലേയ്ക്കാണ് സുജിത് കടന്നു വന്നത്. ഇതോടെ സുജിത്തും, ജിബിനും തമ്മിൽ ശത്രുതയിലായി.
പെൺകുട്ടിയുമായുള്ള അടുപ്പത്തിൽ നിന്നും സുജിത്ത് പിൻമാറണമെന്ന് നിരവധി തവണ ജിബിൻ ഇയാളോട് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. നേരത്തെ ഇരുവരും തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടായിരുന്നു.
ഇതിന്റെ തുടർച്ചയായി ജിബിന്റെ കഞ്ചാവ് കച്ചവടത്തെപ്പറ്റി സുജിത്ത് പൊലീസിനും എക്‌സൈസിനും വിവരം നൽകി. ഇതു സംബന്ധിച്ച് ജിബിന് വിവരം ലഭിച്ചു.
തുടർന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ജിബിൻ കത്തിയുമായി എത്തി സുജിത്തിനെ കുത്തി വീഴ്ത്തി.
വയറ്റിൽ ആഴത്തിൽ മൂന്ന് കുത്തേറ്റ് സുജിത്ത് വീണതോടെ ജിബിൻ ഭീഷണി മുഴക്കിയ ശേഷം ഇവിടെ നിന്നും രക്ഷപെട്ടു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ സുജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ജിബിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഒരു മാസം മുൻപ് മാത്രമാണ് ജിബിനും, അച്ഛൻ ബിനോയിയും ജയിലിൽ നിന്നും പുറത്തിറങ്ങിയത്.