സ്വന്തം ലേഖകൻ
കോട്ടയം : കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം വച്ച് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുമാരനല്ലൂർ ഭാഗത്ത് പരിയത്ത് കാലായിൽ വീട്ടിൽ ഷംനാദ് എസ്.പി (36), പെരുമ്പായിക്കാട് തെളകം എസ്.എൻ.ഡി.പി ഭാഗത്ത് കുന്ന് കാലായിൽ വീട്ടിൽ പാണ്ടൻ പ്രദീപ് എന്ന് വിളിക്കുന്ന പ്രദീപ് (30) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇരുവരും ചേർന്ന് ഇന്നലെ (10.05.2024) പുലർച്ചെ 12.30 മണിയോടുകൂടി കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുൻവശം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ ചാന്നാനിക്കാട് സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയും,കയ്യിൽ കരുതിയിരുന്ന വടിവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷംനാദിന്റെ സഹോദരൻ ഉൾപ്പെട്ട കേസിലെ പരാതിക്കാരനെ യുവാവ് സഹായിച്ചു എന്നതിനുള്ള വിരോധംമൂലമാണ് ഇവർ ആക്രമിച്ചത്. ആക്രമണത്തിൽ യുവാവിന്റെ ഇടതു കൈക്ക് വെട്ടേല്‍ക്കുകയും സാരമായി പരിക്കുപറ്റുകയും ചെയ്തു. തുടർന്ന് ഇവർ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഇവിടെ നിന്ന് കടന്നുകളയുകയുമായിരുന്നു.
വിവരമറിഞ്ഞ് കോട്ടയം വെസ്റ്റ് പോലീസ് ഇവരെ പിന്തുടർന്നെത്തി കോടിമത മീൻമാർക്കറ്റിന് സമീപം വെച്ച് സാഹസികമായി പിടികൂടുകയായിരുന്നു. ഷംനാദിന് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലും, പ്രദീപിന് ഗാന്ധിനഗർ, അയർക്കുന്നം എന്നീ സ്റ്റേഷനുകളിലും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീകുമാർ എം, എസ്.ഐ മാരായ റിൻസ് എം തോമസ്, അജയൻ പി.ആർ, അനീഷ് വിജയൻ, എ.എസ്.ഐ സജി ജോസഫ്, പ്രശാന്ത് എം.പി, സി.പി.ഓ മാരായ രാജേഷ് സി.എ, ദിലീപ് വർമ്മ, ശരത്, ദിലീപ് സി , അനീഷ് ശശീന്ദ്രൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.