ആലപ്പുഴ: ബാറിലെ അടിപിടിക്ക് പിന്നാലെ ബാർ ജീവനക്കാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്.
അരൂക്കുറ്റി സ്വദേശികളായ ദീപു സത്യൻ, വൈശാഖ് എന്നിവരാണ് പിടിയിലായത്. ഒരു വർഷം മുൻപ് നടന്ന സംഭവത്തിലാണ് പ്രതികളെ പിടികൂടിയത്.
2023 മെയ് 17 ന് ആണ് അരൂർ എ ആർ റെസിഡൻസി ബാറിലെ ജീവനക്കാരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. മുപ്പതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാർ ഹോട്ടലിലെ ജോലിക്ക് ശേഷം തൊട്ടടുത്ത റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ച് തിരികെ ദേശീയ പാതയിലൂടെ നടന്ന് വരുമ്പോഴാണ് കോട്ടയം സ്വദേശിയായ ശ്രീജിത്തിനെ ഒരു കാർ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെപോകുന്നത്. സാധാരണ അപകടമാണെന്ന് കരുതിയ കേസിലാണ് കഴിഞ്ഞ ദിവസം രണ്ട് പേർ അറസ്റ്റിലായത്. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടായത്.
മുൻവൈരാഗ്യത്തിൻ്റെ പേരിലാണ് ബാർ ജീവനക്കാരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ആന്വേഷണത്തില്‍ വ്യക്തമായി. 2023 ജനുവരിയില്‍ ദീപുവും കൂട്ടുകാരും ചേർന്ന് ബാർഹോട്ടലില്‍ മദ്യം വാങ്ങാനായി എത്തി. ഈ സമയം ബാർ ജീവനക്കാരുമായി അടിപിടിഉണ്ടായി.
ഇതില്‍ പ്രകോപിതനായാണ് കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. വൈരാഗ്യം മനസ്സില്‍ സൂക്ഷിച്ച് പിന്നീട് അവരെ ആക്രമിക്കുന്ന സ്വഭാവക്കാരനാണ് ദീപു എന്ന് പോലീസ് പറഞ്ഞു. ദീപുവിന്റെ കൂടെ കാറില്‍ ഉണ്ടായിരുന്ന വൈശാഖും അരൂർ, പൂച്ചാക്കല്‍ സ്റ്റേഷനുകളിലെ അടിപിടികേസുകളില്‍ പ്രതിയാണ്. ചേർത്തല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.