കോട്ടയം പൊൻകുന്നത്തും മാവോയിസ്റ്റ് സാന്നിധ്യം: ജലീലിന്റെ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്ന് പോസ്റ്റർ; ഇന്റലിജലൻസ് അന്വേഷണം ആരംഭിച്ചു

കോട്ടയം പൊൻകുന്നത്തും മാവോയിസ്റ്റ് സാന്നിധ്യം: ജലീലിന്റെ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്ന് പോസ്റ്റർ; ഇന്റലിജലൻസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: വയനാട്ടിൽ പൊലീസ് ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് സി.പി ജലീൽ കൊല്ലപ്പെട്ടതിൽ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് മാവോയിസ്റ്റ് പോസ്റ്റർ. കാര്യമായ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് വിശ്വസിക്കപ്പെട്ടിരുന്ന കോട്ടയം പൊൻകുന്നത്താണ് ഇപ്പോൾ മാവോയിസ്റ്റ് പോസ്റ്റർ പതിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് ഈ പ്രദേശത്ത് പോസ്റ്റർ പതിച്ചതെന്നാണ് സംശയിക്കുന്നത്.
പൊൻകുന്നം ഗ്രാമദീപം ജംഗ്ഷനിലാണ് പോസ്റ്റർ പതിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ജലീലിന്റെ മരണം, പൊറുക്കില്ല ഒരിക്കലും എന്നു രേഖപ്പെടുത്തിയിരിക്കുന്ന പോസ്റ്റർ പ്രദേശത്തെ മൂന്നിടത്താണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഈ മൂന്നു പോസ്റ്ററുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തിയിട്ടുണ്ട്. ഈ പോസ്റ്ററുകൾ പതിച്ചത് ആരാണെന്ന് കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് സംഘം ശേഖരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗവും ഇതു സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചു. രണ്ടു ദിവസത്തിനുള്ളിൽ പോസ്റ്റർ ഒട്ടിച്ചവരെ സംബന്ധിച്ചു വ്യക്തമായ സൂചന ലഭിക്കുമെന്നാണ് വിവരം.
മാർച്ച് ഏഴിന് വയനാട് വൈത്തിരി റിസോർട്ടിലാണ് തണ്ടർ ബോൾട്ട് സംഘവുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് സി.പി ജലീൽ കൊല്ലപ്പെട്ടത്. ജലീലിന്റെ മരണം ഏറ്റുമുട്ടലല്ലെന്നും, തണ്ടർ ബോൾട്ട് സംഘം പിടിച്ച ശേഷം വെടിവച്ച് കൊന്നതാണെന്നും ആരോപണം ഉയർന്നിരുന്നു.