കറുകച്ചാലിൽ ദൃശ്യം മോഡലിൽ പാറക്കുളത്തിൽ മൃതദേഹം: ബൈക്കിൽ കെട്ടിവച്ച നിലയിൽ യുവാവിന്റെ മൃതദേഹം കറുകച്ചാലിലെ പാറക്കുളത്തിൽ: മരിച്ച യുവാവിനെ കാണാതായിട്ട് രണ്ട് ദിവസം
സ്വന്തം ലേഖകൻ
കോട്ടയം: ബൈക്കിൽ പ്ലാസ്റ്റിക്ക് കയർ ഉപയോഗിച്ച് കെട്ടിവച്ച നിലയിൽ യുവാവിന്റെ മൃതദേഹം കറുകച്ചാലിലെ പാറക്കുളത്തിൽ. കറുകച്ചാൽ കാഞ്ഞിരംപാറയിലെ പാറക്കുളത്തിലാണ് കൈനടി സ്വദേശി മുകേഷി(31)ന്റെ മൃതേേദഹം കണ്ടെത്തിയത്. 28 ന് രാവിലെ മുതൽ മുകേഷിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ കൈനടി പൊലീസിൽ പരാതി നൽകിയിരുന്നു. കൈനടി പൊലീസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഇപ്പോൾ മൃതദേഹം കറുകച്ചാലിലെ പാറക്കുളത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് കറുകച്ചാൽ കാഞ്ഞിരംപാറയിലെ പാറക്കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹം പാറക്കുളത്തിൽ പൊങ്ങിയത് കണ്ട നാട്ടുകാർ വിവരം കറുകച്ചാൽ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ കറുകച്ചാൽ എസ്.ഐ എം.കെ ഷെമീറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൃതദേഹം പുറത്തെടുക്കാൻ ശ്രമിച്ചപ്പോഴാണ് ബൈക്കിൽ കെട്ടിവച്ച നിലയിലാണ് പാറക്കുളത്തിൽ മൃതദേഹം കിടക്കുന്നതെന്ന് കണ്ടെത്തിയത്. തുടർന്ന് മുങ്ങൽവിദഗ്ധരുടെയും അഗ്നിരക്ഷാ സേന അധികൃതരുടെയും സഹായത്തോടെ മൃതദേഹവും ബൈക്കും പാറക്കുളത്തിൽ നിന്നു പുറത്തെടുത്തു.
വണ്ണം കുറഞ്ഞ പ്ലാസ്റ്റിക്ക് കയർ ഉപയോഗിച്ച് അരയിൽകെട്ടിയ ശേഷം ബൈക്കിന്റെ ക്രാഷ് ഗാർഡിലേയ്ക്ക് കയറിന്റെ മറ്റൊരു ഭാഗം കെട്ടിവച്ചിരിക്കുകയാണ്. ഇത്തരത്തിലാണ് മൃതദേഹം ആറ്റിൽ കിടന്നിരുന്നത്. വെള്ളത്തിൽ വീണതോടെ കയറിന്റെ ഒരു ഭാഗത്തെ കെട്ട് അഴിഞ്ഞ് മൃതദേഹം വെള്ളത്തിനു മുകളിലേയ്ക്ക് പൊങ്ങി വന്നതാണെന്ന് സംശയിക്കുന്നു. തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് മരിച്ചത് കൈനടിയിൽ നിന്നു കാണാതായ മുകേഷാണെന്ന് കണ്ടെത്തിയത്. തുടർന്ന് ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ ഉടൻ പൂർത്തിയാക്കും. തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റും.
സംഭവത്തിനു പിന്നിലെ ദുരൂഹത പൊലീസ് പരിശോധിച്ച് വരികയാണ്. കൊലപാതക സാധ്യത പൊലീസ് പൂർണമായും തള്ളിക്കളയുന്നില്ല. മുകേഷിനെ മദ്യമോ, മറ്റെന്തിങ്കിലും ലഹരിയോ നൽകിയ മയക്കിയ ശേഷം പാറക്കുളത്തിൽ ആരെങ്കിലും തള്ളാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ഇയാൾ സ്വയം ബൈക്ക് പ്ലാസ്റ്റിക്ക് കയറുമായി കെട്ടിവച്ച ശേഷം പാറക്കുളത്തിലേയ്ക്ക് ഓടിച്ചിറങ്ങാനുള്ള സാധ്യതയും പൊലീസ് പൂർണമായും തള്ളിക്കളയുന്നില്ല. മൃതദേഹത്തിന്റെ പോസ്റ്റ്മാർട്ടത്തിനു ശേഷം മാതൃമേ മരണകാരണം വ്യക്തമാകുകയുള്ളൂ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മാർട്ടം നടക്കുക.