പിതാവിനെ ക്രൂരമായി മർദ്ദിച്ചു കൊന്നു; മകൻ അറസ്റ്റിൽ.
സ്വന്തം ലേഖകൻ
വാടാനപ്പള്ളി: തളിക്കുളം പുതുക്കുളം കിഴക്ക് ഗൃഹനാഥനെ മർദിച്ചുകൊലപ്പെടുത്തിയ കേസിൽ മകനെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. എടത്തിരുത്തി കൊട്ടുക്കൽ സത്യനെ(65) കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന മകൻ സലീഷിന്റെ(30) അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്.
ഭീകരമായ മർദനമാണ് ജന്മം നൽകിയ പിതാവിന് മകനിൽനിന്ന് ഏറ്റതെന്ന് സത്യന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൊല്ലപ്പെട്ട സത്യൻ ഡ്രൈവറും സലീഷ് നിർമാണ തൊഴിലാളിയുമാണ്.
കോൺക്രീറ്റ് ഇഷ്ടിക ചീളുകൊണ്ട് ഇടിച്ചാണ് കൊലപ്പെടുത്തിയതെന്നും ശരീരമാസകലം മർദനമേറ്റിട്ടുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹൃദയത്തിനും തലയ്ക്കുമേറ്റ ക്ഷതവും തലയിലെ ആന്തരിക രക്തസ്രാവവുമാണ് മരണ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടതുവശത്തെ രണ്ടുമുതൽ നാലു വരെയും വലതുവശത്തെ ഒന്നുമുതൽ ആറു വരെയും വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. കോൺക്രീറ്റ് കട്ടകൊണ്ട് ഇടിച്ചതിനു പുറമെ ചവിട്ടുകയും കൈമുട്ടുകൊണ്ട് ഇടിക്കുകയും നിലത്ത് വലിച്ചിഴക്കുകയും ചെയ്തിട്ടുണ്ട്. തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ ആണ് പോസ്റ്റ് മോർട്ടം നടത്തിയത്.
മദ്യലഹരിയിൽ പിതാവിനെ വീട്ടുമുറ്റത്ത് വച്ച് വഴക്കിടുകയും മർദിക്കുകയും വലിച്ചിഴച്ച് കിടപ്പ് മുറിയിൽ കൊണ്ടുവന്നിടുകയുമായിരുന്നു. പല ദിവസങ്ങളിലും സലീഷ് പിതാവിനെ മർദിക്കാറുണ്ടായിരുന്നു. പിന്നീട് വീട്ടിലെത്തിയ ഭാര്യയും മകളും നാട്ടുകാരുടെ സഹായത്തോടെയാണ് സത്യനെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തും മുമ്പേ മരണം സംഭവിച്ചിരുന്നു. പ്രതിയെ ഉടനെതന്നെ പിടികൂടാൻ കഴിഞ്ഞുവെന്നുള്ളത് പോലീസിന് അഭിമാനിക്കാവുന്ന കാര്യമാണ്. മെഡിക്കൽ പരിശോധന കൂടി നടത്തിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്‌ക്വാഡ് അംഗങ്ങളായ മുഹമ്മദ് അഷറഫ്, എൻ.കെ. ഗോപി, ഇ.എസ്. ജീവൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.