ഗൂഗിൾ മാപ്പ് നോക്കി ഇടവഴിയിലൂടെ പോകുന്നവരോട് മുരളി തുമ്മാരുകുടിക്ക് പറയാനുള്ളത്

ഗൂഗിൾ മാപ്പ് നോക്കി ഇടവഴിയിലൂടെ പോകുന്നവരോട് മുരളി തുമ്മാരുകുടിക്ക് പറയാനുള്ളത്

കൊച്ചി: എന്തിനും ഏതിനും സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നവരാണ് പുതുതലമുറ. വാഹനമോടിക്കുമ്പോൾ പോലും ഗൂഗിൾ മാപ്പ് നോക്കി റൂട്ട് കണ്ടുപിടിച്ചാണ് കൂടുതൽപ്പേരുടെയും യാത്ര. എന്നാൽ ഗൂഗിൾ മാപ്പ് നോക്കിയുള്ള യാത്രയിലെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ഐക്യരാഷ്ട്രസഭ ദുരന്തനിവാരണ തലവൻ മുരളി തുമ്മാരുകുടി. വളരെ തിരക്ക് കുറഞ്ഞ വഴികളിൽ പോലും യാത്രക്കാരുടെ എണ്ണം വളരെയധികം വർദ്ധിച്ചതിന് കാരണം ഗൂഗിൾ മാപ്പാണെന്ന് അദ്ദേഹം തൻറെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

പ്രധാന വഴികൾ ട്രാഫിക്കിൽ മുങ്ങിക്കിടക്കുമ്പോൾ വാഹനങ്ങൾ ഗൂഗിൾ മാപ്പ് പിൻതുടർന്ന് ചെറു വഴികളിലൂടെ കടന്നു പോകുകയാണ്. ഇതോടെ വേണ്ടത്ര സംവിധാനങ്ങളില്ലാത്ത ഇടവഴികളിലെ അപകട സാധ്യതകളും വർദ്ധിക്കുന്നതായി മുരളി തുമ്മാരുകുടി കുറിപ്പിൽ വ്യക്തമാക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുരന്തം ഉണ്ടാക്കുന്ന ഗൂഗിൾ മാപ്പ്…

പെരുന്പാവൂർ നഗരത്തിലെ തിരക്കിൽ നിന്നും മാറിയാണ് ഞാൻ വീട് വെച്ചിരിക്കുന്നത്. ചെറിയൊരു വഴിയാണ് അങ്ങോട്ടുള്ളത്. അവിടെ ജീവിക്കുന്നവർ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്, പത്തിലൊരു വീട്ടിൽ പോലും കാറില്ല. യാതൊരു തിരക്കുമില്ലാതെ നടക്കാനും സൈക്കിൾ ഓടിക്കാനും പറ്റുന്ന സ്ഥലം. അതൊക്കെ കണ്ടാണ് അവിടെ വീട് വെച്ചതും.

പക്ഷെ കഴിഞ്ഞ ഒരു വർഷമായി ഈ സ്ഥിതി മാറി, ഞങ്ങളുടെ വഴിയിൽ വാഹനങ്ങളുടെ വലിയ തിരക്കാണ്. അവിടെ താമസിക്കുന്നവരുടെ എണ്ണമോ സാന്പത്തിക ശേഷിയോ കൂടിയിട്ടില്ല, പിന്നെ ഇതെങ്ങനെ സംഭവിക്കുന്നു?

അന്വേഷണം എത്തി നിൽക്കുന്നത് ഗൂഗിൾ മാപ്പിൽ ആണ്. ആലുവ മൂന്നാർ റോഡും മെയിൻ സെൻട്രൽ റോഡും (എം സി റോഡും) സന്ധിക്കുന്ന നഗരമാണ് പെരുന്പാവൂർ. അവിടെ നഗരത്തിൽ ഒരു ബൈപാസ്സ് റോഡോ ഈ രണ്ടു പ്രധാന പാതകൾ സന്ധിക്കുന്നിടത്ത് ഒരു ഫ്ലൈ ഓവറോ ഇല്ല. പെരുന്പാവൂർ നഗര ഹൃദയമായ ഒരു കിലോമീറ്റർ കടന്നു കിട്ടാൻ ഒരു മണിക്കൂർ എടുക്കുന്നത് ഇപ്പോൾ അസാധാരണമല്ല.

എന്തുകൊണ്ടാണ് പെരുന്പാവൂരിന് വേണ്ടി പദ്ധതികൾ ഉണ്ടേക്കേണ്ടവർ ഈ നഗരത്തെ ട്രാഫിക്കിൽ മുക്കി കൊല്ലുന്നതെന്ന് പിന്നെ പറയാം. ഇന്നത്തെ വിഷയം അതല്ല. നഗര ഹൃദയം ട്രാഫിക്കിൽ മുങ്ങിക്കിടക്കുന്നതിനാൽ ആളുകൾ ഇടവഴികൾ തേടുകയാണ്, പ്രത്യേകിച്ചും വിമാനത്താവളത്തിലേക്ക് പോകേണ്ടവർ. ഗൂഗിൾ മാപ്പ് ആ പണി എളുപ്പമാക്കുന്നു. അങ്ങനെയാണ് ഞങ്ങളുടെ വഴി അപ്രഖ്യാപിത ബൈപാസ്സ് ആയിരിക്കുന്നത്.

ഏതു വഴിയും ആരും ഉപയോഗിക്കുന്നതിൽ നിയമപരമായി ഒരു തെറ്റുമില്ല. പക്ഷെ ഒട്ടും പരിചയമില്ലാത്ത വഴികളിൽ കൂടി ആളുകൾ ഗൂഗിളിന്റെ സഹായത്തോടെ വണ്ടി ഓടിച്ചു വരുന്പോൾ അപകട സാധ്യത കൂടുന്നു. വഴിയോട് ഡ്രൈവർമാരും, കൂടി വരുന്ന ട്രാഫിക്കിനോട് നാട്ടുകാരും പരിചയപ്പെട്ടിട്ടില്ല. നിലവിൽ കാറുകൾ മാത്രമാണ് ഗൂഗിളിലേക്ക് തിരിഞ്ഞിരിക്കുന്നത്. വലിയ വാഹനങ്ങൾ കൂടി ഗൂഗിൾ മാപ്പിൽ എത്തുന്നതോടെ അപകട സാധ്യത പലമടങ്ങാവും. ഇത് വരെ ഒരു മേജർ അപകടവും നടന്നിട്ടില്ലാത്ത ഞങ്ങളുടെ വഴിയിൽ അപകട മരണം സംഭവിക്കാൻ ഇനി അധികം സമയം വേണ്ട. ആ വഴിയുള്ള നടപ്പൊക്കെ ഞാൻ ഇത്തവണ കൊണ്ട് നിറുത്തി. സൈക്കിളിന്റെ കാര്യം ചിന്തിക്കുക കൂടി വേണ്ട. പക്ഷെ ഭൂരിഭാഗം നാട്ടുകാരുടെ കാര്യം അതല്ലല്ലോ.

ഇത് പെരുന്പാവൂരിലെ മാത്രം കാര്യമല്ല. കേരളത്തിൽ അങ്ങോളമിങ്ങോളം ഗൂഗിൾ മാപ്പ് പുതിയ ബൈ പാസ്സുകളും കുറുക്കു വഴികളും ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്. ആ വഴിയിൽ ഉള്ളവരും വാഹനം ഓടിക്കുന്നവരും ഈ മാറ്റം മനസ്സിലാക്കിയിട്ടില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എങ്കിലും ഇക്കാര്യം ശ്രദ്ധിക്കണം, കൂടുതൽ വാഹനങ്ങൾ ഒരു വഴി വരുന്നുണ്ടെങ്കിൽ കൂടുതൽ സൈൻ ബോർഡുകളും, വളവും തിരിവും തിരിച്ചറിയാനുള്ള റിഫ്ലെക്ടറുകളും, വഴി അവസാനിക്കുന്ന സ്ഥലം ഉണ്ടെങ്കിൽ അവിടെ എന്തെങ്കിലും പ്രതിരോധവും ഉണ്ടാക്കിവെക്കണം. ഇല്ലെങ്കിൽ അപകടങ്ങളുണ്ടാകും, വാഹനങ്ങൾ പാടത്തും തോട്ടിലും വീഴും, ആളുകളുടെ ജീവൻ പോകും.

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവർ ഇടവഴികളിലേക്ക് കയറുന്പോൾ കൂടുതൽ ശ്രദ്ധയോടെ വണ്ടി ഓടിക്കണം. രാത്രി ആയാൽ ഗൂഗിൾ മാപ്പ് വേണ്ടെന്ന് വെക്കുന്നതാണ് കൂടുതൽ ബുദ്ധി.

ഇതൊന്നും സാങ്കേതിക വിദ്യയുടെ കുറ്റമല്ല. നേരിട്ടുള്ള വഴികളിൽ ഗതാഗതം സുഗമമാക്കുകയാണ് ശരിക്കും ചെയ്യേണ്ടത്. പക്ഷെ, വഴി വാണിഭക്കാരുടെ ചിന്താഗതിയാണ് നമ്മുടെ നഗരങ്ങളിലെ പ്രമുഖ കച്ചവടക്കാർക്ക് പോലും. പരമാവധി വാഹനങ്ങൾ അവരുടെ മുൻപിൽ കൂടെ കടന്നു പോകുന്നതാണ് ശരിയായ ബിസിനസ്സ് തന്ത്രം എന്നാണ് അവരുടെ ചിന്ത. അതുകൊണ്ട് കടക്ക് മുന്നിലൂടെ ട്രാഫിക്ക് കുറയുന്ന എല്ലാ പരിഷ്കാരങ്ങളും അവർ എതിർത്ത് തോൽപ്പിക്കുന്നു. ലോക്കൽ രാഷ്ട്രീയത്തിലെ മൂവേഴ്‌സും ഷെക്കേഴ്സും ഒക്കെ തന്നെ ഇത്തരം കച്ചവടക്കാരായതിനാൽ അതിനെതിരെ ശക്തമായ സ്റ്റാൻഡ് എടുക്കാൻ ലോക്കൽ രാഷ്ട്രീയക്കാർക്കോ ഉദ്യോഗസ്ഥർക്കോ കഴിയുന്നുമില്ല. ഇതും ഒരു പെരുന്പാവൂർ സ്റ്റോറി അല്ല, കേരളത്തിലെ നഗര വികസനത്തിന്റെ ട്രാജഡി ആണ്.