2020 ൽ കോട്ടയം തരിശ് രഹിത ജില്ലയായി മാറും : മന്ത്രി സുനിൽ കുമാർ: മുപ്പായിക്കാട് പൂഴിക്കുന്ന് പാടശേഖരത്തിൽ വിത്തിറക്കി ആഘോഷത്തോടെ തുടക്കം: സാക്ഷിയായത് നൂറുകണക്കിന് കർഷകർ
സ്വന്തം ലേഖകൻ
കോട്ടയം: 2020 ഓടെ കോട്ടയം തരിശ് രഹിത ജില്ലയാക്കി മാറ്റുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. ജില്ലയിൽ കൃഷി ചെയ്യുന്ന ജനകീയ കൂട്ടായ്മ മാതൃക സംസ്ഥാനത്ത് എല്ലായിടത്തേയ്ക്കും വ്യാപിപ്പിക്കും. ഇത് വഴി മൂന്ന് ലക്ഷം ഹെക്ടറിൽ നെൽകൃഷി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോടിമത മുപ്പായിക്കാട് പൂഴിക്കുന്ന് പാടശേഖരത്തിൽ വിത മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി സുനിൽ കുമാർ.
ജനകീയ കൂട്ടായ്മയുടെയും സർക്കാരിന്റെയും സഹായത്തോടെ തരിശ് കിടന്ന പാടശേഖരങ്ങളിൽ അടക്കം വിത്തിറക്കി കൃഷി ചെയ്തതോടെ പാടശേഖരങ്ങളുടെ വിസ്തൃതിയിലും നെൽ ഉത്പാദനത്തിലും വൻ മാറ്റമുണ്ടായിട്ടുണ്ട്. പ്രളയത്തിന് ശേഷം മാത്രം കുട്ടനാട് മേഖലരിൽ 14000 ഹെക്ടറിൽ കൃഷി ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ച് ടൺ വരെ വിളവ് ഈ മേഖലയിൽ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 40000 ഏക്കറിൽ അധികം തരിശ് കൃഷി ചെയ്യുന്നുണ്ട്. ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷമാണ് ഇത്തരത്തിൽ വിളവ് വർധിപ്പിച്ചത്. ഇത് പുതിയ പ്രതീക്ഷകളാണ് നൽകുന്നത്. ഇതിൽ ഏറ്റവും കൂടുതൽ തരിശ് ഭൂമിയിൽ കൃഷിയിറക്കിയത് കോട്ടയത്താണ്. ഇതിനു കോട്ടയത്തെ ജനകീയ കൂട്ടായ്മയ്ക്കാണ് നന്ദി പറയേണ്ടത്. സർക്കാർ പറയുന്ന രീതിയിൽ കൃഷി ചെയ്താൽ കർഷകന് നഷ്ടം ഉണ്ടാകില്ല.
സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ 1.96 ഹെക്ടറിലാണ് കൃഷി ചെയ്തിരുന്നത്. 2.20 ലക്ഷം ഹെക്ടറിലാണ് ഇപ്പോൾ നെൽകൃഷി ചെയ്യുന്നത്. അടുത്ത രണ്ടു വർഷം കൊണ്ട് മൂന്നു ലക്ഷം ഹെക്ടറിൽ നെൽകൃഷി ചൈയ്യുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.നിലവിൽ അഞ്ചു ടണ്ണാണ് ഉത്പാദനക്ഷമത. ഇത് പത്ത് ടണ്ണാക്കി മാറ്റും. കൃഷി ചെയ്യാതെ തരിശിടുന്ന ഭൂമി ഉടമകളിൽ നിന്ന് പിടിച്ചെടുക്കില്ല. ഉടമസ്ഥാവകാശം ഇവരിൽ തന്നെ നിലനിർത്തി, കൃഷി ചൈയ്യണമെന്നാവശ്യപ്പെട്ട് കൃഷി വകുപ്പ് നോട്ടീ നൽകും. പതിനഞ്ച് ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ സമ്മതമാണെന്ന് കണക്കാക്കി ഭൂമിയിൽ കൃഷിയിറക്കും. സമ്മതിച്ചാലും ഇല്ലെങ്കിലും കൃഷിയിലെ ലാഭത്തിന്റെ ഒരു വിഹിതം ഭൂ ഉടമയുടെ അക്കൗണ്ടിൽ ഇട്ടു നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
കോടിമത മുപ്പായിക്കാട് പൂഴിക്കുന്ന് പാടശേഖരത്തിൽ വിത മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി സുനിൽ കുമാർ.
കർഷകർക്ക് ചെറിയ ലാഭമെങ്കിലും കിട്ടുന്ന രീതിയിലായിരിക്കണം കൃഷി ചെയ്യാൻ എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇത് ഉണ്ടെങ്കിൽ മാത്രമേ കർഷകർക്ക് കൃഷി ശാശ്വതമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ ഡോ.പി.ആർ സോന , നഗരസഭ അംഗങ്ങളായ സനൽ തമ്പി , അരുൺ ഷാജി , പി.എൻ സരസമ്മാൾ , മീനച്ചിലാർ മീനന്തറയാർ കൊടൂരാർ നദീ സംയോജന പദ്ധതി കോ ഓർഡിനേറ്റർ കെ.അനിൽകുമാർ , സി പി ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ എന്നിവർ പ്രസംഗിച്ചു.