
അറവുശാലക്ക് പൂട്ട് വീണു, ഈസ്റ്ററിന് ഇറച്ചി വാങ്ങാൻ കോട്ടയംകാർ കുറച്ചു വിയർക്കും
സ്വന്തംലേഖകൻ
കോട്ടയം : വർഷങ്ങളുടെ പഴക്കമുള്ള കോട്ടയം നഗരസഭയുടെ അറവുശാല പൂട്ടിയതു ഈസ്റ്ററിന് പണിയാകും. കാലപ്പഴക്കം കാരണം നഗരസഭ അടച്ചുപൂട്ടിയ അറവുശാലയെ ആശ്രയിച്ചിരുന്നത് നിരവധി ആളുകളായിരുന്നു. ഏപ്രില്‍ ഒന്നിനാണ് അറവ് ശാല പൂട്ടിയത്, ഇതോടെ ഇവിടുത്തെ അമ്പതോളം തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ഈസ്റ്ററിന്റെ തിരക്കുള്ള സമയമായതിനാൽ നഗരസഭാ അധികൃതര്‍ ഇടപെട്ട് താല്‍ക്കാലിക അറവുശാലക്കുള്ള സംവിധാനം ഒരുക്കണമെന്ന് ജില്ലാ മട്ടണ്‍ ആന്‍ഡ് ബീഫ് സ്റ്റാള്‍ എംപ്ലോയീസ് യൂണിയന് (ഐഎന്‍ടിയുസി) ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് , ജനറല്‍ സെക്രട്ടറി ടോണി തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു. അതേ സമയം ആഘോഷ പരിപാടിക്ക് താല്‍ക്കാലിക അറവുശാലയ്ക്ക് ലൈസന്‍സ് നല്‍കുന്നതിന് തടസമില്ലെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ.പി.ആർ സോനയും അറിയിച്ചു.
നിലവിലുള്ള കെട്ടിടം എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞു വീഴാമെന്നും അവിടെ അറവു ശാല അനുവദിക്കാനാവില്ലെന്നും മറ്റ് സ്ഥലം കണ്ടെത്തി അപേക്ഷ നല്കിയാല് അനുവദിക്കുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. കോടിമതയില്‍ നിർമ്മാണം പൂർത്തിയാക്കിയിട്ടും സാങ്കേതിക തടസം ചൂണ്ടിക്കാട്ടി നഗരസഭയുടെആധുനിക അറവ് ശാല വർഷങ്ങളായി തുറന്നു കിടക്കുകയാണ്. ഉപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റുമുള്ള എഗ്രിമെന്റ് തെരഞ്ഞെടുപ്പിനു ശേഷമേ വയ്ക്കാനാവു. അതിനാലാണ് വൈകുന്നത് എന്നാണ് സംഭവത്തിൽ നഗരസഭയുടെ പ്രതികരണം. അതുവരെ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തുന്നതിന് തടസമില്ലെന്നും അവര്‍ പറഞ്ഞു.