video
play-sharp-fill

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാദം പൊളിഞ്ഞു ; ജീപ്പിൽ നിന്ന് തെറിച്ചുവീണ പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തിയത് ഓട്ടോ ഡ്രൈവർ

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാദം പൊളിഞ്ഞു ; ജീപ്പിൽ നിന്ന് തെറിച്ചുവീണ പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തിയത് ഓട്ടോ ഡ്രൈവർ

Spread the love

മൂന്നാർ: രാജമലയിൽ ഓട്ടത്തിനിടെ ജീപ്പിൽ നിന്നും തെറിച്ചുവീണ പിഞ്ച് കുഞ്ഞിനെ രക്ഷപെടുത്തിയെന്ന വനംവകുപ്പ് ഉദ്യേസ്ഥരുടെ വാദം തെറ്റെന്നും താനാണ് കുഞ്ഞിനെ വനം വകുപ്പ് ഉദ്യേഗസ്ഥരെ ഏൽപ്പിച്ചതെന്നും അവകാശപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവർ രംഗത്ത് വന്നു. മൂന്നാറിലെ ഓട്ടോ ഡ്രൈവർ കനകരാജ് ഇത്തരത്തിൽ ഒരു മൊഴി നൽകിയെന്നും ഇതേ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും മൂന്നാർ എസ് ഐ അറിയിച്ചു. കുട്ടി റോഡിലൂടെ ഇഴഞ്ഞു വരുന്ന സി സി ടി വി ദൃശ്യമാണ് വനം വകുപ്പ് പൊലീസിനും മാധ്യമങ്ങൾക്കും നൽകിയത്. ഈ ദൃശ്യത്തിന് മുമ്പുള്ള ഭാഗം മന:പ്പൂർവ്വം മറച്ചു വച്ച് കുഞ്ഞിനെ തങ്ങൾ രക്ഷപെടുത്തിയെന്ന് വനം വകുപ്പ് ജീവനക്കാർ മാധ്യമങ്ങളെയും പൊലീസിനെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പരക്കെ ഉയർന്നിരിക്കുന്ന ആരോപണം.

പ്രേതഭയം മൂലം കുട്ടിയെ വനംവകുപ്പ് വാച്ചർമാർ രക്ഷിച്ചില്ലെന്നതാണ് വസ്തുത. വനംവകുപ്പ് രഹസ്യമാക്കി വച്ച സി.സി ടി.വി ദൃശ്യങ്ങൾ പുറത്തു വരികയും ചെയ്തു. ഇതോടെയാണ് വനം വകുപ്പ് വാച്ചർമാരാണ് കുട്ടിയെ രക്ഷിച്ചതെന്നായിരുന്നു വാദം പൊളിയുന്നത്. സെ്ര്രപംബറിലായിരുന്നു സംഭവം. പഴനിയിൽ നിന്നും കമ്പിളിക്കണ്ടത്തിലേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച ജീപ്പിൽ നിന്നാണ് കുഞ്ഞ് തെറിച്ച് റോഡിൽ വീണത്. രാജമല ചെക്ക് പോസ്റ്റിന് അടുത്ത് വച്ചായിരുന്നു കുഞ്ഞ് തെറിച്ചുവീണത്. തെറിച്ചുവീണതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ട വനപാലകരാണ് പുറത്തുവിട്ടിരുന്നത്. കുഞ്ഞ് നഷ്ടപ്പെട്ട കാര്യം വീട്ടിലെത്തിയതിന് ശേഷമാണ് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അശ്രദ്ധമായി കുട്ടിയെ കൈകാര്യം ചെയ്തതിനായിരുന്നു ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുത്തത്.

പ്രേതഭീതിയെ തുടർന്ന് വനംവാച്ചർമാർ മാറി നിന്ന സമയം ഈ ഓട്ടോ ഡ്രൈവറാണ് കുഞ്ഞിനെ എടുത്ത് ചെക്ക്‌പോസ്റ്റിൽ എത്തിച്ചത്. സംഭവം നടക്കുന്ന സമയത്തേത് എന്ന് പറഞ്ഞ് വനപാലകർ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ പൂർണമല്ലാതിരുന്നതാണ് കനകരാജിന്റെ സാന്നിധ്യം തിരിച്ചറിയാനാവാത്ത വിധമാക്കിയത്. കുഞ്ഞ് മനുഷ്യ ജീവി തന്നെയാണോ എന്ന സംശയത്തെ തുടർന്നാണ് വനം വകുപ്പ് വാച്ചർമാർ മാറി നിന്നത്. ഓട്ടോ ഡ്രൈവർ കുഞ്ഞിനെ എടുത്തതിന് ശേഷം മാത്രമാണ് ഈ വാച്ചർമാർ കനകരാജിന്റെ ഒപ്പം ചേർന്നത്. ഇടമലക്കുടി നൂറടി കൈലേഷ്, വിശ്വനാഥ് എന്നിവരായിരുന്നു വാച്ചർമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞിന്റെ തല മൊട്ടയടിച്ചിരുന്നതും, വസ്ത്രം ഇല്ലാതിരുന്നതും, കുഞ്ഞ് ഇഴഞ്ഞു വന്നതുമാണ് ഇത് മനുഷ്യ ജീവിയല്ലെന്ന തോന്നലിലേക്ക് വാച്ചർമാരെ എത്തിച്ചത്. ആ സമയം രാജമലയിൽ ഓട്ടം പോയി വന്നതായിരുന്നു കനകരാജ്. ചെക്ക്‌പോസ്റ്റിൽ ഗേറ്റ് തുറക്കാൻ ഓട്ടം നിർത്തിയപ്പോൾ കുഞ്ഞിനെ കണ്ടു. തന്നെ കണ്ടതോടെ അമ്മേ എന്നാണ് കുഞ്ഞ് വിളിച്ചതെന്ന് കനകരാജ് പറയുന്നു. ഫോറസ്റ്റ് ഗാർഡും, മൂന്നാർ എസ്‌ഐയും, വനിതാ പൊലീസും വന്ന ശേഷമാണ് വീട്ടിലേക്ക് പോയതെന്നും കനകരാജ് പറയുന്നു.

മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എൽ ലക്ഷമി അടക്കമുള്ള ഉദ്യേഗസ്ഥർ ചേർന്നാണ് കുട്ടിയെ ടാറ്റാ ആശുപത്രിയിൽ എത്തിച്ചത്. രാത്രി 10 മണിക്ക് ശേഷമാണ് വിവരമറിയുന്ന തെന്നും ഉടൻ മൂന്നാറിലെ ക്വാർട്ടേസിൽ നിന്നും രാജമലയിലെ ടിക്കറ്റ് കൗണ്ടറിൽ എത്തിയെന്നും തലയിൽ മുറിവുണ്ടായിരുന്നതിനാൽ കുഞ്ഞിനെ ടാറ്റായുടെ ആശുപത്രിയിലെത്തിച്ച് ചികത്സ നൽകിയെന്നും തുടർന്ന് വിവരം
മൂന്നാർ പൊലീസിൽ അറിയിക്കുകയായിരുന്നെന്നുമായിരുന്നു സംഭവത്തേക്കുറിച്ച് വൈൽഡ് ലൈഫ് വാർഡൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. പുലർച്ചെ 2 മണിയോടെ ആശുപത്രിയിൽ എത്തി രക്ഷിതാക്കൾ കുഞ്ഞിനെ ഏറ്റെടുത്ത ശേഷമാണ് മടങ്ങിയതെന്നും ഇവർ വ്യക്തമാക്കിയിരുന്നു.

പഴനിയാത്ര കഴിഞ്ഞ് മടങ്ങിയ കമ്ബിളികണ്ടം സ്വദേശികളുടേതായിരുന്നു കുഞ്ഞ്.രാത്രി 11 മണിയോടെ വെള്ളത്തൂവലിൽ എത്തിയപ്പോഴാണ് കുഞ്ഞിനെ നഷ്ടപ്പെട്ടതായി ദമ്പതികൾക്ക് ബോദ്ധ്യമായത്.ജീപ്പിന്റെ പിൻ താൻ കുഞ്ഞിനെയും കൊണ്ട് ഇരുന്നിരുന്നതെന്നും ഉറക്കത്തിൽ കുഞ്ഞ് കൈയിൽ നിന്നും വഴുതിപ്പോയത് അറിഞ്ഞില്ലന്നുമാണ് ആശുപത്രിയിലെത്തിയപ്പോൾ മാതാവ് പൊലീസിനെ അറിയിച്ചത്. രാത്രി 10 മണിയോടടുത്ത് രാജമല വന്യജീവി സങ്കേതത്തിന്റെ ടിക്കറ്റ് കൗണ്ടറിന് സമീപത്തേയ്ക്ക് നിലവിളിച്ചുകൊണ്ട് കുഞ്ഞ് മുട്ടിലിഴഞ്ഞ് എത്തുകയായിരുന്നു എന്നാണ് ജീവനക്കാർ മേലധികാരിയെ അറിയിച്ചത്.

അന്വേഷണത്തിനിടെ റോഡിലൂടെ കുഞ്ഞ് ഇഴയുന്നത് കണ്ട വനംവകുപ്പ് ജീവനക്കാർ പ്രേതമെന്നുകരുതി മാറിനിന്നെന്ന് കനകരാജ് പൊലീസിന് മൊഴി നൽകി. വനംവകുപ്പ് ഉദ്യോഗസ്ഥർ ഭയന്നിരുന്നുവെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. കുട്ടിയെ താനാണ് എടുത്തുകൊടുത്തതെന്നും കനകരാജ് വ്യക്തമാക്കി. ഇതോടെയാണ് പുതിയ വിവാദം തുടങ്ങുന്നത്. വനപാലകർ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായ സിസിടിവിയിൽ മൂന്നാമതൊരാളെ കൂടി കണ്ടതോടെ മൂന്നാർ പൊലീസ് ഇതേ കുറിച്ച് അന്വേഷിക്കുകയായിരുന്നു. ഈ അന്വേഷണത്തിലാണ് റോഡിൽ വീണ കുഞ്ഞിന് യഥാർഥത്തിൽ രക്ഷകനായത് ഈ ഓട്ടോ ഡ്രൈവറാണെന്ന് കണ്ടെത്തിയത്.