ഭക്ഷണമൊന്നും വേണ്ട സാറേ..വിശപ്പില്ല, ഞാനിപ്പോ കുറച്ച് എലിവിഷം കഴിച്ചിട്ട് വന്നേയുള്ളു ; കള്ളന്റെ മറുപടി കേട്ട് എസ് ഐയടക്കം ഞെട്ടി

സ്വന്തം ലേഖിക

കൊച്ചി: എന്താ ഒരു ക്ഷീണം, ഒന്നും കഴിച്ചിട്ടില്ലെങ്കിൽ പുറത്ത് പോയി കഴിച്ചിട്ട് വരൂ… മാലപൊട്ടിക്കൽ പതിവായതോടെ സ്റ്റേഷനിൽ ഹാജരാകണമെന്ന നിർദ്ദേശത്തെ തുടർന്ന് എത്തിയ ഇടപ്പള്ളി സ്വദേശിയായ അജിത്തിനോട് വിശാല മനസിനുടമായ പൊലീസുകാരൻ പറഞ്ഞു. തലകുലുക്കി പുറത്ത് പോയ അജിത് കുറച്ച് കഴിഞ്ഞ് തിരിച്ചെത്തി. കണ്ടപാടെ പൊലീസുകാരൻ വീണ്ടും ചോദിച്ചു എന്താടോ ഒന്നും കഴിച്ചില്ലേ ? ഉടൻ മറുപടിയെത്തി. വിശപ്പില്ല സാർ, ഞാൻ എലിവിഷം കഴിച്ചിട്ടാ വന്നേ ! എസ്.ഐ അടക്കം ഞെട്ടാൻ വേറെന്തുവേണം. പിന്നെ സ്റ്റേഷൻ ആകെ ജഗപൊകയായിരുന്നു.

ഉടൻ തന്നെ അജിത്തുമായി ജീപ്പ് കളമശ്ശേരി ആശുപത്രിയിലേക്ക് പാഞ്ഞു. അജിത്തിന്റെ മൊഴിയെടുത്തു. പിന്നീട് ഇയാളെ അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടനില തരണം ചെയ്ത അജിത് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇന്നലെയാണ് കൊച്ചി സിറ്റി പൊലീസിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. മാല പൊട്ടിക്കൽ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിലെ മാല കവർച്ചക്കാരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ അന്വേഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അജിത്തിനെ വിളിപ്പിച്ചത്. തുടർന്നാണ് സ്റ്റേഷനിൽ എത്തിയ അജിത് നാടകീയ അന്തരീക്ഷം സൃഷ്ടിച്ചത്. എന്നാൽ, വിളിപ്പിച്ച സ്റ്റേഷനിലല്ല ഇയാൾ എത്തിയെന്നതാണ് കൗതുകം. ഇയാളുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുള്ളതായി പൊലീസ് പറഞ്ഞു.