
മുണ്ടക്കയത്ത് ലോട്ടറി വില്പനക്കാരിയെ വ്യാജ നോട്ട് നൽകി കബളിപ്പിച്ച് ലോട്ടറിടിക്കറ്റ് തട്ടിയെടുത്തതായി പരാതി; 93 വയസുള്ള ദേവയാനിക്ക് 2000 രൂപയുടെ നോട്ട് നല്കി കബളിപ്പിച്ചത് കാറിലെത്തിയ യുവാവ്; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
മുണ്ടക്കയം: ലോട്ടറി വില്പനക്കാരിയായ 93 കാരിയെ വ്യാജ നോട്ട് നൽകി കബളിപ്പിച്ച് ലോട്ടറിടിക്കറ്റ് തട്ടിയെടുത്തതായി പരാതി. മൂന്ന് സെന്റ് നരിവേലിയിൽ ദേവയാനിയെയാണ് 2000 രൂപയുടെ വ്യാജ നോട്ട് നൽകി യുവാവ് കബളിപ്പിച്ചത്. കുറുവാമുഴിയിൽ ലോട്ടറി വിൽപ്പനയ്ക്കിടെ കാറിലെത്തിയ യുവാവ് ദേവയാനിയുടെ കൈയിൽ ഉണ്ടായിരുന്ന 100 ടിക്കറ്റുകൾ എടുത്ത് ടിക്കറ്റ് തുകയായ 4000 രൂപ നൽകി.
2000ത്തിന്റെ രണ്ടു നോട്ടുകളാണ് ഇയാൾ നൽകിയത്. ചതി മനസിലാകാത്ത ദേവയാനി തിരികെ വീട്ടിലേക്ക് മടങ്ങുവാൻ ഓട്ടോയിൽ കയറി ഓട്ടോഡ്രൈവരെ കാണിച്ചപ്പോഴാണ് യുവാവ് നൽകിയ നോട്ട് വ്യാജമെന്ന് മനസിലാകുന്നത്. ഉടൻതന്നെ മുണ്ടക്കയം പൊലീസിൽ പരാതി നൽകി. ഭർത്താവും മക്കളും മരിച്ചുപോയ ദേവയാനി ഒറ്റയ്ക്കാണ് താമസിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

15 വർഷമായി തുടരുന്ന ലോട്ടറി കച്ചവടത്തിനിടെ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുന്നതെന്ന് നിറകണ്ണുകളോടെ ദേവിയാനി പറയുന്നു.
25 വയസുമാത്രം തോന്നിക്കുന്ന യുവാവാണ് കാറിൽ ഉണ്ടായിരുന്നതെന്നും, യുവാവിന്റെ മുഖം ഓർമ്മയുണ്ടെന്നും ദേവയാനി പറഞ്ഞു. ടിക്കറ്റ് എടുത്ത് കച്ചവടം നടത്തുവാൻ കഴിയാത്തത് മൂലം ദുരിതത്തിലായിരിക്കുകയാണ് ഇവർ.