
മുണ്ടക്കയം: ടിആര്‍ ആന്‍ഡ് ടി എസ്‌റ്റേറ്റില്‍ ഇന്നലെ വനപാലകരും തൊഴിലാളികളും നടത്തിയ തെരച്ചിലില്‍ കടുവയെ കണ്ടെത്താനായില്ല.
എന്നാല്‍ കാടുകയറിക്കിടക്കുന്ന റബര്‍ എസ്റ്റേറ്റില്‍ കടുവയുടെ സാന്നിധ്യം മാസങ്ങളായുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇനി കടുവയുടെ സാന്നിധ്യമുണ്ടായാല്‍ കെണി ഒരുക്കുന്നതുള്‍പ്പെടെ സംവിധാനങ്ങള്‍ എസ്റ്റേറ്റില്‍ ഏര്‍പ്പെടുത്തും.
പന്ത്രണ്ടു കിലോമീറ്റര്‍ വിസ്തൃതമായ എസ്‌റ്റേറ്റില്‍ നാല് കടുവകളുടെ സാന്നിധ്യമുള്ളതായാണ് തൊഴിലാളികള്‍ പറയുന്നത്. രാത്രി ഒന്നിലേറെ കടുവകളുടെ മുരള്‍ച്ച വിവിധ ലയങ്ങളില്‍ കഴിയുന്നവര്‍ കേള്‍ക്കാറുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമീപവര്‍ഷങ്ങളില്‍ മേയാൻവിട്ട 30 ആടുകളെയും 20 പശുക്കളെയും കൂടാതെ അന്‍പതിലേറെ നായകളെയും പലപ്പോഴായി കാണാതെ വന്നിട്ടുണ്ട്. കടുവയ്ക്ക് പുറമേ പുള്ളിപ്പുലിയും കരടിയും കാട്ടുപോത്തും തോട്ടത്തില്‍ എത്തുന്നതായി സംശയിക്കുന്നു.
മുപ്പതോളം കാട്ടാനകള്‍ സമീപവനങ്ങളില്‍നിന്ന് ടിആര്‍ടി റബര്‍ എസ്റ്റേറ്റിലേക്ക് വരുന്നുണ്ട്. ഇത്രയേറെ ഭയാനകമായ സാഹചര്യത്തില്‍ തോട്ടത്തിലെ അടിക്കാട് തെളിക്കാതെ ഇനി ടാപ്പിംഗ് ജോലിക്ക് പോകില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.
യൂണിയനുകളുടെ ഇടപെടലില്‍ കാടുവെട്ടിത്തെളിക്കാമെന്ന് മാനേജ്‌മെന്‍റ് ഉറപ്പുനല്‍കിയിട്ടുണ്ട്. ഓരോ തൊഴിലാളിക്കും 400 വീതം റബറുകളുള്ള നാല് ബ്ലോക്കുകളാണ് ടാപ്പിംഗിന് അനുവദിക്കുക. ഓരോ വര്‍ഷവും കുറിയിട്ടാണ് ഓരോരുത്തര്‍ക്കും ബ്ലോക്കുകള്‍ നിശ്ചയിക്കുക. ആഴ്ചയില്‍ ആറു ദിവസവും ഈ ബ്ലോക്കുകള്‍ മാറിമാറി ടാപ്പ് ചെയ്ത് ലാറ്റക്‌സ് സംഭരണ കേന്ദ്രങ്ങളില്‍ എത്തിക്കണം.