
മുണ്ടക്കയത്തെ പെൺകുട്ടികളുടെ ആത്മഹത്യാ ശ്രമം: പ്രതികൾക്കു പെൺവാണിഭ – അശ്ലീല വീഡിയോ സംഘങ്ങളുമായി ബന്ധമെന്നു സൂചന; പെൺകുട്ടികളുടെ ജീവൻ രക്ഷിച്ചത് പൊലീസിന്റെ കൃത്യ സമയത്തെ ഇടപെടൽ
തേർഡ് ഐ ബ്യൂറോ
മുണ്ടക്കയം: മുണ്ടക്കയത്ത് രണ്ടു പെൺകുട്ടികൾ കൈകൾകൂട്ടിക്കെട്ടി വിഷം കഴിച്ച് ആറ്റിൽ ചാടി മരിക്കാൻ ഇടയാക്കിയ സംഭവത്തിൽ പിടിയിലായ പ്രതികൾക്ക് സെക്‌സ്‌റാക്കറ്റുമായി ബന്ധമുണ്ടെന്നു പൊലീസിനു സൂചന. പെൺകുട്ടികളുടെ അശ്ലീല വീഡിയോയും ചിത്രവും പ്രതികൾ സൂക്ഷിച്ചു വച്ചത് അശ്ലീല സൈറ്റുകൾക്കു വിൽക്കാൻ വേണ്ടിയായിരുന്നുവെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതികളുടെ മൊബൈൽ ഫോണുകളും ഇവരുമായി ബന്ധമുള്ളവരുടെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു പരിശോധിച്ചേയ്ക്കും.
കോരൂത്തോട്, 116 ഭാഗത്ത് കണ്ണൻകീരിയിൽ മഹേഷ് (22), എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ, ചീരൻ പടവ് വീട്ടിൽ രാഹുൽ രാജ് (22), മടുക്ക, ഏന്തപ്പടിക്കൽ അനന്ദു (20) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു പ്രതിയെ കൂടി പിടികൂടാനുണ്ട്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടികളിലൊരാളെ പല കാലഘട്ടങ്ങളിലായി ലൈംഗികമായി ഉപദ്രവിച്ച നാലു പ്രതികൾക്കും വെവ്വേറെ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എല്ലാവർക്കും എതിരെ പോക്‌സോ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ പെൺകുട്ടികൾ മണിമലയാറ്റിൽ ചാടി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിഷം കഴിച്ച ശേഷം ഇരുവരും കൈകൾ ഷാൾ ഉപയോഗിച്ച് ബന്ധിച്ച ശേഷം ആറ്റിൽ ചാടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ ഇരുവരെയും രക്ഷപെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടികളോടു കൃത്യ സമയത്തു കാര്യങ്ങൾ ചോദിച്ചറിയാൻ പൊലീസ് സംഘം നടത്തിയ നീക്കമാണ് കാര്യങ്ങൾ കൂടുതൽ ഗുരുതരമായ അവസ്ഥയിലേയ്ക്കു പോകാതെ സഹായിച്ചത്. കൃത്യമായി ഇടപെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥർ, പെൺകുട്ടികളുടെ ഫോൺ പരിശോധിക്കുകയും, പ്രതികളായ യുവാക്കളെ കണ്ടെത്തുകയുമായിരുന്നു. തുടർന്നു, നടത്തിയ പരിശോധനയിൽ രാത്രികാലങ്ങളിൽ പോലും കുട്ടികളുടെ മൊബൈൽ ഫോണിലേയ്ക്കു പ്രതികൾ വീഡിയോ കോൾ വിളിച്ചിരുന്നതായും, അശ്ലീല ചുവയുള്ള സന്ദേശങ്ങൾ അയച്ചിരുന്നതായും കണ്ടെത്തി.
ഇതേ തുടർന്ന് വനിതാ പോലീസ് നടത്തിയ കൗൺസിലിങിലാണ് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഉപദ്രവിച്ചവരെ പറ്റിയുള്ള വിവരംഒരു പെൺകുട്ടി വെളിപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന പെൺകുട്ടി എന്തിനാണ് ആത്മഹത്യാശ്രമം നടത്തിയതെന്ന് കൂടുതൽ അന്വേഷണ ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ.
ഇരയായ പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ നിർദ്ദേശമനുസരിച്ച് പുനരധിവാസ കേന്ദ്രത്തിലേയ്ക്ക് മാറ്റും. സംഭവത്തിൽ കുട്ടികൾ സാധാരണ ജീവിതത്തിലേയ്ക്കു മടങ്ങി വരാനുള്ള നീക്കം നടത്തിയത് പൊലീസിന്റെ നിർണ്ണായകമായ ഇടപെടലാണ്.