കോട്ടയം നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണം: സംസ്ഥാനത്തെമ്പാടും മോഷണം നടത്തിയ ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ; മോഷ്ടിച്ച സ്വർണവും കണ്ടെത്തി

കോട്ടയം നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണം: സംസ്ഥാനത്തെമ്പാടും മോഷണം നടത്തിയ ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ; മോഷ്ടിച്ച സ്വർണവും കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കുമാരനല്ലൂരിൽ കോട്ടയം നഗരസഭ കൗൺസിലറുടെ വീട്ടിൽ മോഷണം നടത്തിയ മോഷ്ടാവ് നാലു മാസത്തിനു ശേഷം പിടിയിൽ. ഈരാറ്റുപേട്ട ആനയിളപ്പ് മുണ്ടക്കൽപറമ്പിൽ വീട്ടിൽ മുഹമ്മദ് ഫൈസലിനെ(40)യാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ക്ലീറ്റസ് കെ.ജോസഫ്, എസ്.ഐ ടി.എസ് റെനീഷ് എന്നിവർ അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

കോട്ടയം ജില്ലയിൽ വിവിധ സ്ഥലങ്ങളിലും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. കുമാരനല്ലൂരിൽ നഗരസഭ അംഗമായ അഡ്വ.ജയകുമാറിന്റെ വീട്ടിൽ കയറിയാണ് ഇയാൾ മോഷണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന്റെ ഒരു വശത്തെ ജനൽപാളി കുത്തിയിളക്കിയ പ്രതി, ഈ വിടവിലൂടെ അകത്തു കയറി മോഷണം നടത്തുകയായിരുന്നു. വളയും, മാലയും, കമ്മലും മോതിരവും അടക്കം 17 പവൻ തൂക്കം വരുന്ന സാധനങ്ങളാണ് ഇവർ മോഷ്ടിച്ചെടുത്തത്. മൂന്നര ലക്ഷം രൂപയായിരുന്നു ഈ സ്വർണാഭരണങ്ങളുടെ വില. വീട്ടിൽ നിന്നും 25,000 രൂപയും പ്രതി കവർന്നിരുന്നു.

സംഭവത്തിനു ശേഷം ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയ പ്രതി ആഭരണങ്ങൾ, പൊതിഞ്ഞുകെട്ടി രഹസ്യമായി അലമാരയിലേയ്ക്കു മാറ്റി. മോഷണം സംബന്ധിച്ചു മാധ്യമങ്ങളിൽ വാർത്ത വന്നതോടെ പ്രതി കണ്ണൂരിലേയ്ക്കു കടന്നു. തുടർന്ന് ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ പൊലീസ് സംഘം മൊബൈൽ ഫോൺ നമ്പരുകളും, ടവർ ലൊക്കേഷനും, കുമാരനല്ലൂർ ഭാഗത്തു നിന്നും ലഭിച്ച സിസിടിവി ക്യാമറാ ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഇതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പകൽ മോഷണം നടത്തുകയും, രാത്രിയിൽ വീട്ടിലെത്തുകയും ചെയ്യുകയായിരുന്നു പ്രതി. പ്രതി രാത്രികളിൽ ഈരാറ്റുപേട്ടയിലെ വീട്ടിൽ എത്തുന്നതായി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു.

തുടർന്ന് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ, ഗാന്ധിനഗർ ഗ്രേഡ് എസ്.ഐ ടി.കെ സജിമോൻ, എ.എസ്.ഐ സജി എം.പി, സിവിൽ പൊലീസ് ഓഫിസർ വി.കെ അനീഷ്, സ്‌ക്വാഡ് അംഗങ്ങളായ ഗ്രേഡ് എസ്.ഐ ഷിബുക്കുട്ടൻ , എ.എസ്.ഐ പി.എൻ മനോജ്, സിവിൽ പൊലീസ് ഓഫിസർ കെ.ആർ ബൈജു, ശ്യാം എസ്.നായർ, ഡിവൈ.എസ്.പി ഓഫിസിലെ നാസർ പി.എം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കഴിഞ്ഞ വർഷം നവംബർ 28 ന് തിരുനക്കരയിൽ ഇന്ദ്രപ്രസ്ഥലം ഓഡിറ്റോറിയത്തിനു സമീപത്തെ വനിതാ ഹോസ്റ്റൽ നടത്തിയ മോഷണത്തിനു പിന്നിലും താനാണെന്ന് മുഹമ്മദ് ഫൈസൽ സമ്മതിച്ചു. ഇവിടെ നിന്നും 1.25 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. ഇത് കൂടാതെ കോഴിക്കോട് വെള്ളയിൽ ഭാഗത്തെ വീട്ടിൽ 2019 ഡിസംബർ നാലിനു നടത്തിയ മോഷണത്തിനു പിന്നിലും ഇയാൾ തന്നെയാണെന്നു പൊലീസ് പറഞ്ഞു.

70,000 രൂപയും ആറു പവനും വജ്രമോതിരവുമാണ് ഇയാൾ ഇവിടെ നിന്നും മോഷ്ടിച്ചത്. പകൽ സമയത്ത് മാത്രമാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. മോഷണം നടത്തിയ ശേഷം സ്ഥലം വിടുന്ന പ്രതി, വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. രാത്രിയിൽ മാത്രം ഈരാറ്റുപേട്ടയിലെ വീട്ടിലെത്തുന്ന പ്രതി ഭാര്യയെയും മകനെയും കണ്ട ശേഷം മടങ്ങുകയായിരുന്നു.

ബൈക്കിലും, ബസിലും, കാറിലുമായി ആളൊഴിഞ്ഞ പ്രദേശങ്ങളിൽ എത്തുന്ന പ്രതി, ആളില്ലാത്ത വീടുകൾ തപ്പി കണ്ടെത്തി. ആദ്യം വീടിന്റെ മുന്നിൽ എത്തി കോളിംങ് ബെൽ മുഴക്കും. കോളിംങ് ബെൽ മുഴക്കുമ്പോൾ ആരും പുറത്ത് വരുന്നില്ലെന്നും കണ്ടാലാണ് മോഷണം നടത്തിയിരുന്നത്. വീടിന്റെ പിന്നിലെ വാതിലോ, ജനലോ തകർത്താണ് ഇവർ ഉള്ളിൽ കയറിയിരുന്നത്.