
കൊറോണയിൽ മഹാരാഷ്ട്ര വിറയ്ക്കുന്നു: ഡോക്ടർമാർക്കും നേഴ്‌സുമാർക്കും കൂട്ടത്തോടെ രോഗം; ധാരാവിയിലെ മത്സ്യ തൊഴിലാളി കോളനിയിലും വൈറസ്; മുംബൈയിൽ സമൂഹ വ്യാപനം
സ്വന്തം ലേഖകൻ
മുംബൈ: മഹാരാഷ്ട്രയിൽ കൊറോണയിൽ സമൂഹ വ്യാപനം ഉണ്ടായെന്ന കണ്ടെത്തലിലേയ്ക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ. തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 120 പേർക്കെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 868 ആയി. ഇതിനോടകം 52പേർക്കാണ് മഹാരാഷ്ട്രയിൽ കൊറോണ വൈറസ് മൂലം ജീവൻ നഷ്ടമായത്. ഇതിൽ ഏഴുപേർ മരിച്ചത് തിങ്കളാഴ്ചയാണ്. ഇത് മഹാരാഷ്ട്രയെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുംബൈയിൽ മാത്രം 526 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 34പേരാണ് മുംബൈയിൽ മാത്രം മരിച്ചത്. ഇതു വരെയുള്ള കണക്കു പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന വിശേഷണമുള്ള മുംബൈയിൽ ജോലി നോക്കുന്ന ആരോഗ്യ പ്രവർത്തകരും ആശങ്കയുടെ മുൾ മുനയിൽ ആണ്. 746 ആക്ടീവ് കേസുകളാണുള്ളത്. 70 പേർ മാത്രമാണ് ഇവിടെ രോഗ വിമുക്തി നേടിയത്. അതായത് രാജ്യത്ത് മരണ നിരക്ക് കൂടുതലുള്ള സംസ്ഥാനമായി മഹാരാഷ്ട്ര്.
ദിവസവും നൂറു കണക്കിന് പേർക്ക് രോഗം സ്ഥിരീകരിക്കുമ്പോൾ ചികിൽസിക്കാൻ ഡോക്ടറും നേഴ്സും പോലും ഇല്ലാത്ത അവസ്ഥയിലേക്ക് മഹാരാഷ്ട്ര മാറുമെന്ന ആശങ്ക സജീവമാണ്. ആരോഗ്യ പ്രവർത്തകർക്ക് മതിയായ മാസ്‌ക് പോലുമില്ല.
ഇതും ഭീതി പടർത്തുന്നു. നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർ ഇപ്പോഴും മുംബൈയിലും പരിസര പ്രദേശത്തും ഉണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ രോഗമെത്തിയതും മഹാരാഷ്ട്രയെ ഭയത്തിലാഴ്ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക് ഡൗൺ ഇനിയും നീട്ടുമെന്ന് ഏകദേശം ഉറപ്പായി.
മുംബൈ ചേരിപ്രദേശങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. വർളിയിലെ മത്സ്യത്തൊഴിലാളി കോളനിയായ കോളിവാഡയിൽ 10 പേരും ധാരാവിയിൽ രണ്ടു പേരുമടക്കം 120 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചു. എട്ടു പേർ മരണമടയുകയും ചെയ്തു.
കോളിവാഡയിൽ രോഗബാധക്ക് അതിസാധ്യതയുള്ള 135 പേരെ നഗരസഭ ആരോഗ്യ വകുപ്പ് മാറ്റിപ്പാർപ്പിച്ചു. വർളിയിൽ 57കാരനായ ഹെഡ്കോൺസ്റ്റബിളിനും ഭാര്യക്കും രോഗം പകർന്നതോടെ പൊലീസ് ക്യാമ്പിൽ പൊലീസുകാർ താമസിക്കുന്ന കെട്ടിടം മുദ്രവെച്ചു.
മുംബൈ, പുണെ, ഔറംഗാബാദ് എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണമുണ്ടായത്. 423 കേസുകളിൽ നടത്തിയ പരിശോധനയിൽ 11 ശതമാനം പേരുടെ രോഗപ്പകർച്ചയുടെ ഉറവിടത്തിന്റെ സൂചനപോലും ലഭിച്ചിട്ടില്ല.
55 ശതമാനം പേരുടെ ഉറവിടം കണ്ടെത്തിയിട്ടില്ലെങ്കിലും അന്വേഷണം പുരോഗമിക്കുകയാണ്. 154 കേസുകളിൽ 20 ശതമാനം പേർക്ക് വിദേശയാത്രക്കിടെയാണ് രോഗബാധയുണ്ടായത്. 11 ശതമാനം പേർക്ക് ഇവരുമായുള്ള സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു.
സൗത്ത് മുംബൈയിലെ വൊക്കാഡെ ആശുപത്രിയിലുള്ള മലയാളികൾ അടക്കമുള്ള നഴ്സുമാർക്കും ഡോക്ടർമാർക്കുമാണ് രോഗം കണ്ടെത്തിയത്. 40 നഴ്സുമാർക്കും മൂന്ന് ഡോക്ടർമാർക്കുമാണ് രോഗം .
ഇവിടെയുള്ള 200 പേരുടെ സാമ്പിളുകൾ സ്രവപരിശോധനയ്ക്കായി അയച്ചു. ഇവരുടെയും ഫലം കാത്തിരിക്കുകയാണ്. മൂന്ന് പേര് കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയിൽ മരിച്ചു.
ഇവരിൽ നിന്നാകാം നഴ്‌സുമാരിലേക്ക് രോഗം പകർന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ഇവരെ കൂടാതെ വിദേശികളടക്കമുള്ള 15 കോവിഡ് രോഗികൾ ഇവിടെ ചികിത്സയിലുണ്ട്.
രോഗബാധിതരായ ഭൂരിഭാഗം നഴ്സുമാരും മലയാളികളാണ്. ഇവരെ തൽക്കാലം ആശുപത്രിയിൽത്തന്നെ ക്വാറന്റൈൻ ചെയ്തു. ഈ ആശുപത്രിയെ കണ്ടെയ്‌ന്മെന്റ് മേഖല (അടച്ചുപൂട്ടിയ മേഖല) ആയി പ്രഖ്യാപിച്ചു.
ആശുപത്രിക്ക് അകത്തേക്കോ പുറത്തേക്കോ ഇനി ആരെയും കടത്തി വിടില്ല. ഇവിടെയുള്ളവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും, വസ്തുക്കളും ഇവിടേക്ക് തന്നെ എത്തിക്കാനാണ് മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.ആശുപത്രിയിലാകെ മുന്നൂറോളം നഴ്‌സുമാരുള്ളതിൽ 200 പേരും മലയാളികളാണ്.
ആശുപത്രിയിലെ ഏഴു നഴ്‌സുമാർക്ക് നേരത്തെ രോഗബാധയുണ്ടായിരുന്നതായും എന്നാൽ അധികൃതർ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നതുമാണ് രോഗവ്യാപനത്തിന് ഇടയാക്കിയതെന്നാണ് ആരോപണം.
അതേസമയം കേവിഡ് ബാധ മഹാരാഷ്ട്രയിൽ അതീവഗുരുതരമായി തുടരുകയാണ്. രോഗികളുടെ എണ്ണം 700 കടന്നു. ഇന്നലെ 113 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 748 ആയി. ഇന്നലെ മാത്രം 13 പേരാണ് മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 45 ആയി വർദ്ധിച്ചു.