play-sharp-fill
മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്ന് വ്യാജ പ്രചാരണം: സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി; വാട്‌സ്അപ്പിലെ ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ച ആൾക്കെതിരെ പൊലീസ് കേസെടുത്തു

മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്ന് വ്യാജ പ്രചാരണം: സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി; വാട്‌സ്അപ്പിലെ ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ച ആൾക്കെതിരെ പൊലീസ് കേസെടുത്തു

ശ്രീകുമാർ
കോട്ടയം: കേരളം നേരിടുന്ന അതിഭീകരമായ പ്രളയ ദുരന്തത്തെ കുട്ടിക്കളിയാക്കി സോഷ്യൽ മീഡിയയിലെ ഒരു പറ്റം മാനസിക രോഗികൾ. മലയാളികൾ ഒറ്റക്കെട്ടായി നിന്ന് ദുരന്തത്തെ അതിജീവിക്കാൻ ശ്രമിക്കുമ്പോഴാണ് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണവുമായി ഒറു സംഘം നിറഞ്ഞാടുന്നത്. മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്നും, മൂന്നു മണിക്കൂറിനുള്ളിൽ എറണാകുളം ജില്ല ഇല്ലാതാകുമെന്നുമുള്ള വ്യാജ പ്രചാരണവുമായാണ് യുവാവിന്റെ സോഷ്യൽ മീഡിയയിലെ ഓഡിയോ ക്ലിപ്പിംഗ് പ്രചരിക്കുന്നത്.
വ്യാഴാഴ്ച ഉച്ചയോടെ എറണാകുളത്തു നിന്നു റെക്കോർഡ് ചെയ്തതെന്ന പേരിലാണ് ഓഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഇത്തരത്തിൽ ഓഡിയോ സന്ദേശം വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ നിരവധി ആളുകളാണ് തേർഡ് ഐ ന്യൂസ് ലൈവ് എഡിറ്റോറിയൽ ടീമിനെ ബന്ധപ്പെട്ട് സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചത്. തുടർന്നു തേർഡ് ഐ ന്യൂസ് ലൈവ് സംഘം സംഭവത്തിനു പിന്നിലെ നിജസ്ഥിതി കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് ഓഡിയോ ക്ലിപ്പിൽ പ്രചരിപ്പിക്കുന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണെന്നു കണ്ടെത്തിയത്. തുടർന്നു ഇയാൾക്കെതിരെ രേഖാമൂലം പരാതി നൽകാൻ തേർഡ് ഐ ന്യൂസ് ലൈവ് മാനേജ്‌മെന്റും എഡിറ്റോറിയൽ ടീമും തീരുമാനിക്കുകയായിരുന്നു.
തുടർന്നു എഡിറ്റോറിയൽ ടീം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയെ ഫോണിൽ ബന്ധപ്പെട്ട് ഇത്തരത്തിൽ പ്രചരിക്കുന്ന ഓഡിയോ റെക്കോർഡിനെപ്പറ്റി വിവരം കൈമാറി. തുടർന്നു ഈ ഓഡിയോ റെക്കോർഡ് അദ്ദേഹത്തിനു വാട്‌സ്അപ്പ് വഴി കൈമാറുകയും ചെയ്തു. തുടർന്നു കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം വ്യാജ ഓഡിയോ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത്തരത്തിൽ പരിഭ്രാന്തി പടർത്തുന്നതും തെറ്റായതുമായ സന്ദേശങ്ങൾ പുറത്തു വന്നാൽ, ഉടൻ തന്നെ തേർഡ് ഐ ന്യൂസ് ലൈവിനു കൈമാറുകയും, ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെയോ അറിയിക്കുകയോ ചെയ്യേണ്ടതാണ്. വാട്‌സ്അപ്പിലും സോഷ്യൽ മീഡിയയിലും വരുന്ന ഓരോ സന്ദേശങ്ങളും കൃത്യമായി വിലയിരുത്തിയ ശേഷം മാത്രം ഫോർവേർഡ് ചെയ്യുക. ഇല്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് സൈബർ കേസും ജയിൽവാസവുമായിരിക്കും.
ടീം എഡിറ്റോറിയൽ
തേർഡ് ഐ ന്യൂസ് ലൈവ്