ദുരിതപ്പെരുമഴയിൽ കോട്ടയം മുങ്ങി; എം.സി റോഡ് വെള്ളത്തിലായി: പെരുമഴപ്പെയ്ത്തിൽ വിറങ്ങലിച്ച് നാട്
സ്വന്തം ലേഖകൻ
കോട്ടയം: ദുരിതപ്പെരുമഴയിൽ മുങ്ങിത്താഴ്ന്ന് കോട്ടയത്തെ നാടും നഗരവും. നാഗമ്പടത്ത് എം.സി റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. കോട്ടയം കുമരകം റോഡിൽ ഇല്ലിക്കലിലും, താഴത്തങ്ങാടിയിലും അടക്കം അഞ്ചിടത്താണ് ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരിക്കുന്നത്. ഇതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ 90 ശതമാനവും വെള്ളത്തിനിടിയിലായി.
കഴിഞ്ഞ അഞ്ചു ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയാണ് ജില്ലയെ പൂർണമായും മുക്കിയത്. പ്രധാന നദികളായ മീനച്ചിലാറും, കൊടൂരാറും, മണിമലയാറും മൂന്നു കിലോമീറ്ററെങ്കിലും പല സ്ഥലത്തം കരകവിഞ്ഞൊഴുകുകയാണ്. കൃഷിയ്ക്കായി തയ്യാറാക്കിയിരുന്ന പാടശേഖരങ്ങളിൽ ഏതാണ്ട് എല്ലായിടത്തും വെള്ളം കയറിയിരിക്കുകയാണ്. ഇതോടെ കർഷകരുടെ നഷ്ടം കോടികൾ കടക്കുമെന്ന് ഉറപ്പായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എംസി റോഡിൽ നാഗമ്പടം പാസ്‌പോർട്ട് ഓഫിസ് മുതൽ അരകിലോമീറ്ററോളം ദൂരം രണ്ടു വശത്തേയ്ക്കും വെള്ളം കയറി കിടക്കുകയാണ്. ഇതുവഴിയുള്ള വാഹനഗതാഗതം ഏതാണ്ട് ഭാഗീകമായി പൊലീസ് നിരോധിച്ചിട്ടുണ്ട്. വാഹനങ്ങൾ വളരെ വേഗം കുറച്ചാണ് ഈ റോഡിലൂടെ കടത്തിവിട്ടുകൊണ്ടിരിക്കുന്നത്.
കോട്ടയം കുമരകം റോഡിൽ താഴത്തങ്ങാടിയിലും, ഇല്ലിക്കലിലും, ചെങ്ങളത്തും അടക്കം വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്.
താഴത്തങ്ങാടിയിൽ മീനച്ചിലാർ കരകവിഞ്ഞൊഴുകി റോഡും, പ്രദേശത്തെ വീടുകളും പൂർണമായും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ജില്ലയിലെ ഏതാണ്ട് അരലക്ഷത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കു മാറ്റിയിരിക്കുകയാണ്. അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനായി പട്ടാളത്തെ വിളിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
പലയിടത്തും വൈദ്യുതി ബന്ധവും ഫോണുകളും തകരാറിലായിട്ടുണ്ട്. ഇതോടെ വാർത്താവിനിമയ മാർഗങ്ങളെല്ലാം പൂർണമായും ഇല്ലാതെയായി. ഈ സാഹചര്യത്തിലാണ് അടിയന്തര സഹായം തേടിയിരിക്കുന്നത്.