Spread the love

ആലപ്പുഴ: നവകേരള സദസ്സിനിടെ ആലപ്പുഴയില്‍ വെച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട ‘വിവാദ രക്ഷാപ്രവര്‍ത്തന’ കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരായ സുരക്ഷാ ഉദ്യോഗസ്ഥര്‍ കടുത്ത പ്രതിസന്ധിയിലേക്ക്.

video
play-sharp-fill

കേസില്‍ പ്രതികളായ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ഒളിവിലാണെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. പ്രതികളായ അഞ്ച് പേരുടെയും മൊബൈല്‍ ഫോണുകള്‍ നിലവില്‍ സ്വിച്ച്‌ഡ് ഓഫ് ചെയ്ത നിലയിലാണ്. പ്രതികള്‍ക്കായി കേരളത്തിന് അകത്തും അയല്‍ സംസ്ഥാനങ്ങളിലും ഒരേസമയം അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.

അതേസമയം, പ്രതിപ്പട്ടികയിലുള്ള അനില്‍ കല്ലിയൂര്‍, എസ്. സന്ദീപ് എന്നിവരുള്‍പ്പെടെ മൂന്ന് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. മുന്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ സമര്‍പ്പിച്ച ഈ മുന്‍കൂര്‍ ജാമ്യാപേക്ഷയെ കോടതിയില്‍ അതിശക്തമായി എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കാതെ ഒളിവില്‍ പോയതും, ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തന്നെ നിയമത്തില്‍ നിന്ന് ഒളിച്ചോടിയതും ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി വാദിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം പ്രതികള്‍ പോലീസിനെ വെട്ടിച്ച്‌ മുങ്ങിയത് ആലപ്പുഴ ജില്ലാ കോടതി വളപ്പില്‍ വെച്ചാണ്. കോടതിയില്‍ ചില നിയമനടപടികള്‍ക്കായി എത്തിയ പ്രതികള്‍, തങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ മണത്തറിഞ്ഞ് അതിവേഗം സ്ഥലം വിടുകയായിരുന്നു. ഇത്രയും വലിയ സുരക്ഷാ സന്നാഹങ്ങളുള്ള കോടതി വളപ്പില്‍ നിന്ന് പ്രതികള്‍ എങ്ങനെ അപ്രത്യക്ഷമായി എന്നത് അന്വേഷണ സംഘത്തെയും പ്രതിരോധത്തിലാക്കുന്നുണ്ട്. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളുടെ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

കേസില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതോടെയാണ് അണിയറയില്‍ നാടകീയ നീക്കങ്ങള്‍ അരങ്ങേറിയത്. നവകേരള സദസ്സിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട തുടക്കത്തിലെ ലഘുവായ വകുപ്പുകള്‍ മാറ്റി, കടുത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പുതിയ കടുത്ത വകുപ്പുകള്‍ ചേര്‍ത്തെതോടെ പ്രതികള്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ തന്നെ നേരിട്ട് അറസ്റ്റ് ചെയ്യാനുള്ള നിയമപരമായ അധികാരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന കൃത്യമായ സൂചന ലഭിച്ചതോടെയാണ് ഗണ്‍മാന്‍മാര്‍ ഒളിവില്‍ പോകാന്‍ തീരുമാനിച്ചതെന്ന് കരുതുന്നു.
അറസ്റ്റ് ഭീഷണി ശക്തമായി നിലനില്‍ക്കുന്നതിനാല്‍ കോടതിയില്‍ നിന്നും താല്‍ക്കാലിക ആശ്വാസം നേടാനാണ് പ്രതിഭാഗം വക്കീലന്മാര്‍ ഇപ്പോള്‍ പരമാവധി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അനില്‍ കല്ലിയൂര്‍, എസ്. സന്ദീപ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഇതിനോടകം തന്നെ ഓണ്‍ലൈന്‍ മുഖേന കോടതിയില്‍ സമര്‍പ്പിച്ചത്. തങ്ങള്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തിച്ചതെന്ന വാദമാകും ഇവര്‍ കോടതിയില്‍ ഉയര്‍ത്താന്‍ സാധ്യത. എന്നാല്‍ ഒളിവിലിരുന്ന് ജാമ്യത്തിനായി നീക്കം നടത്തുന്നത് പ്രോസിക്യൂഷന്‍ ആയുധമാക്കും.

മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതികളായ കേസില്‍ പോലീസ് ഒളിച്ചുകളിക്കുകയാണെന്ന ആക്ഷേപം ഇതിനോടകം തന്നെ ശക്തമാണ്. സ്വന്തം സേനയിലെ ഉദ്യോഗസ്ഥര്‍ പ്രതികളാകുമ്പോള്‍ പോലീസ് മൃദുസമീപനം സ്വീകരിക്കുന്നു എന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ബാധ്യത ഇപ്പോള്‍ ആഭ്യന്തര വകുപ്പിനുണ്ട്. ഈ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലാണ് എസ്.ഐ.ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.

പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ ഹാജരാക്കിയില്ലെങ്കില്‍ അത് വലിയ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമെന്ന് ആഭ്യന്തര വകുപ്പ് ഭയപ്പെടുന്നുണ്ട്. വരും മണിക്കൂറുകളില്‍ അയല്‍ സംസ്ഥാനങ്ങളിലെ പോലീസ് സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള ഊര്‍ജ്ജിത നീക്കത്തിലാണ് എസ്.ഐ.ടി. മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയ സംഭവത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ നാടകീയമായ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.