play-sharp-fill
എന്നെ എല്ലാവരും ഒറ്റപ്പെടുത്തുന്നു: എനിക്കിനി ജീവിക്കേണ്ട; പ്ലാസ്റ്റിക്ക് കയർ അരയിൽ കെട്ടി മുകേഷ് ബൈക്കോടിച്ചത് മരണത്തിലേയ്‌ക്കോ; മുകേഷ് ജീവനൊടുക്കിയതെന്ന് പൊലീസ്: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും

എന്നെ എല്ലാവരും ഒറ്റപ്പെടുത്തുന്നു: എനിക്കിനി ജീവിക്കേണ്ട; പ്ലാസ്റ്റിക്ക് കയർ അരയിൽ കെട്ടി മുകേഷ് ബൈക്കോടിച്ചത് മരണത്തിലേയ്‌ക്കോ; മുകേഷ് ജീവനൊടുക്കിയതെന്ന് പൊലീസ്: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും

തേർഡ് ഐ ബ്യൂറോ

കോട്ടയം: ശരീരത്തിനെയും ബൈക്കിനെയും കൂട്ടിക്കെട്ടി പാറക്കുളത്തിന്റെ ആഴത്തിലേയ്ക്ക് ബൈക്കോടിച്ച് കയറിയ കൈനടി സ്വദേശി മുകേഷി (31) ന്റെ മരണത്തിൽ ദുരൂഹതയേറുന്നു. ആലപ്പുഴ നീലംപേരൂർ കൈനടി വടക്കാട്ട് വീട്ടിൽ മുകേഷിന്റെ മരണം സംബന്ധിച്ചുള്ള പൊലീസിന്റെ കണ്ടെത്തലുകളാണ് ഇപ്പോൾ സംശയത്തിനും ദുരൂഹതയ്ക്കും ഇടനൽകിയിരിക്കുന്നത്. മുകേഷ് മരണത്തിലേയ്ക്ക് ബൈക്കോടിച്ച് കയറിയതാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ, പൊലീസിന്റെ ഈ നിഗമനം തൊണ്ടതൊടാതെ വിഴുങ്ങാൻ നാട്ടുകാരും സുഹൃത്തുക്കളും മുകേഷിന്റെ ബന്ധുക്കളും തയ്യാറാകുന്നില്ല.
ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് മുകേഷിന്റെ മൃതദേഹം കറുകച്ചാലിലെ പാറക്കുളത്തിൽ നിന്നും കണ്ടെത്തിയത്. ബൈക്കിന്റെ ക്രാഷ് ഗാർഡിൽ ചുറ്റിയെടുത്ത ചരട് മുകേഷിന്റെ അരയിൽകെട്ടിയ നിലയിലായിരുന്നു. ബൈക്ക് ഫസ്റ്റ് ഗിയറിലാണ് കുളത്തിൽ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തിൽ കാര്യമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം. അതുകൊണ്ടു തന്നെയാണ് മരണം ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്. മുകേഷിനെ ആരെങ്കിലും കൊലപ്പെടുത്തിയതാണെങ്കിൽ, ബൈക്ക് ന്യൂട്ടറിൽ ഇട്ട് പാറക്കുളത്തിലേയ്ക്ക് തള്ളിയിടാനുള്ള സാധ്യതയാണ് ഉള്ളതെന്നാണ് പൊലീസ് നിഗമനം. ഇതു കൂടാതെ മുകേഷിന്റെ ശരീരത്തിലെ കെട്ട് തീരെ ദുർബലമായിരുന്നു. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആരെങ്കിലും കെട്ടിയിരുന്നതെങ്കിൽ ഇത്ര ദുർബലമാകില്ലെന്ന് പൊലീസ് കരുതുന്നു.
ചങ്ങനാശേരിയിലാണ് മുകേഷ് ജോലി ചെയ്തിരുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു സമീപത്തെ ഷാപ്പിൽ നേരത്തെ എത്തി മദ്യപിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അതുകൊണ്ടു തന്നെ ഈ സ്ഥലം മുകേഷിനു പരിചിതമാണെന്നാണ് പൊലീസിന്റെ വാദം. ഇതുകൂടാതെ മുകേഷ് കഴിഞ്ഞ ദിവസം സുഹൃത്തിനെ വിളിച്ച് തന്നെ ആരും അംഗീകരിക്കുന്നില്ലെന്നും, ഒറ്റപ്പെടുത്തുകയാണെന്നും പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു. ഇതു കൊണ്ടു തന്നെയാണ് ആത്മഹത്യ സാധ്യത പൊലീസ് തള്ളിക്കളയാത്തത്.
എന്നാൽ, മുകേഷ് ആത്മഹത്യ ചെയ്യാൻ കാരണങ്ങളൊന്നുമമില്ലെന്നാണ് ബന്ധുക്കളുടെ വാദം. ഇയാൾക്ക് സാമ്പത്തികമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. മറ്റുള്ള ബന്ധങ്ങളോ പ്രശ്‌നങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ മുകേഷ് ആത്മഹത്യ ചെയ്യുമെന്ന് കരുതാനാവില്ലെന്നാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വാദം. ഞായറാഴ്ച പോസ്റ്റ് മാർട്ടം റിപ്പോർട്ട് പുറത്ത് വരുന്നതോടെ മാത്രമേ മരണ കാരണം വ്യക്തമാകൂ.