സഖാവ് മനസ്സില്‍ കൂടിയത് ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജില്‍ പഠനത്തിനിടെ; സന്ദീപിൻ്റെ ജന്മദിനം ഇന്ന്; ‘ഞാന്‍ വാങ്ങിയ പിറന്നാള്‍ ഉടുപ്പ് ഇടിയിച്ചേ ചേട്ടനെ കൊണ്ടുവരാവൂ’ എന്ന് പൊട്ടിക്കരഞ്ഞ് സുനിത; പ്രിയപ്പെട്ടവൾ വാങ്ങിയ മെറൂണ്‍ ഷര്‍ട്ട് അവസാനമായി ഇട്ട് സന്ദീപ്; കണ്ടുനിന്നവരെ കണ്ണീരണിയിച്ച് പ്രിയ സഖാവിൻ്റെ അന്ത്യയാത്ര
സ്വന്തം ലേഖിക
ചങ്ങനാശേരി: ‘ഞാന്‍ വാങ്ങിയ പിറന്നാള്‍ ഉടുപ്പ് ഇടിയിച്ചേ ചേട്ടനെ കൊണ്ടുവരാവൂ’. നെഞ്ചുപൊട്ടി കരയുന്ന സുനിതയെ ആശ്വാസിപ്പിക്കാൻ കണ്ടു നിന്നവർക്ക് സാധിക്കുന്നില്ലായിരുന്നു.
മകള്‍ക്കൊപ്പമുള്ള ആദ്യ ജന്മദിനാഘോഷത്തിന് മണിക്കൂറുകള്‍മുമ്പായിരുന്നു ആ കൊലപാതകം.
പ്രസവാനന്തര ശുശ്രൂഷയ്ക്ക് തൃക്കൊടിത്താനം കുന്നുംപുറത്ത് പ്ലാംപറമ്പില്‍ വീട്ടിലായിരുന്നു സുനിതയോട് ജന്മദിനമായ ശനിയാഴ്ച പിറന്നാളിന് എത്താമെന്ന് സന്ദീപ് പറഞ്ഞിരുന്നു. അന്ന് നല്‍കാന്‍ കാത്തുവച്ചതായിരുന്നു ആ മെറൂണ്‍ ഷര്‍ട്ട്. ഒടുവില്‍ ആ ഷര്‍ട്ടണിഞ്ഞ് അവൻ യാത്രയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച രാത്രി സന്ദീപിന് എന്തോ അപകടം പറ്റിയതായി സുനിത അറിഞ്ഞിരുന്നു. രാത്രിതന്നെ വീട്ടുകാര്‍ മരണവിവരം അറിഞ്ഞെങ്കിലും മകളോട് അത് പറയാന്‍ അവര്‍ക്കായില്ല. അച്ഛന്‍ പി കെ കുമാരസ്വാമിയും അമ്മ ജ്യോതിയും മരണവിവരം മകളില്‍ നിന്ന് മറച്ചുവയ്ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ചങ്ങനാശേരി എന്‍എസ്‌എസ് കോളേജിലാണ് ഇരുവരും ഡിഗ്രി പഠിച്ചത്. എസ്‌എഫ്‌ഐ നേതാവായ സന്ദീപുമായുള്ള പരിചയമാണ് വിവാഹത്തില്‍ എത്തിയത്. ”എല്ലാര്‍ക്കും ഇഷ്ടമായിരുന്നു. ചേട്ടന് ശത്രുക്കള്‍ ഇല്ലായിരുന്നു, പിന്നെ എന്തിനാണവര്‍ അത് ചെയ്തത്” സുനിതയുടെ ചോദ്യങ്ങള്‍ക്ക് ആര്‍ക്കും ഉത്തരമില്ല.
രാവിലെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തി സന്ദീപിൻ്റെ മൃതദേഹം കണ്ടശേഷമാണ് ചാത്തങ്കേരിയിലെ വീട്ടിലേക്ക് സുനിതയെ കൂട്ടിക്കൊണ്ടുവന്നത്. പൊതുദര്‍ശനങ്ങള്‍ക്കുശേഷം വൈകിട്ട് ആറോടെയാണ് സന്ദീപിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചത്. ബന്ധുക്കളുടെ അന്ത്യാഞ്ജലിക്കുശേഷം ആയിരങ്ങളെ സാക്ഷിനിര്‍ത്തി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ആഞ്ഞിലിപ്പറമ്പ് പാടത്തിനു നടുവിലെ കലുങ്ക് സന്ദീപിന് പ്രിയപ്പെട്ട ഇടമാണ്. ഏവര്‍ക്കും അറിയാവുന്ന വസ്തുത. വീട്ടില്‍ മൊബൈല്‍ ഫോണിനു റേഞ്ച് ഇല്ലാത്തതിനാല്‍ ഇവിടെയിരുന്നാണ് അത്യാവശ്യ ഫോണ്‍ വിളികളൊക്കെ നടത്തുന്നത്. അങ്ങനെ ഒരു ഫോണ്‍ വിളിക്കിടെയാണ് മരണം എത്തിയത്. സന്ദീപിനേക്കാള്‍ 10 വയസ്സു കുറവാണ് കൊലപാതകത്തില്‍ അറസ്റ്റിലായ ജിഷ്ണുവിന്. അടുത്തടുത്ത താമസക്കാര്‍. എന്നും കാണുന്നവര്‍. ഏറെ നാളായി ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ട്.
രാഷ്ട്രീയമായി ഇരു ചേരികളിലായതിനാല്‍ തമ്മിലുള്ള ഉരസല്‍ ഇടയ്ക്കിടെ ഉണ്ടായിരുന്നു. ഭ്രാന്തു പിടിച്ച മനസുമായി ജിഷ്ണു കൂട്ടാളികളുമൊത്തു വരുമ്പോള്‍ അതൊരു കൊലപാകമാകുമെന്ന് സന്ദീപ് കരുതിക്കാണില്ല. എല്ലാ പ്രതീക്ഷകളും തെറ്റിച്ച് ജിഷ്ണു ക്രൂരനായി. ബൈക്ക് ഉള്‍പ്പടെ സന്ദീപിനെ പത്ത് അടി താഴ്ചയുള്ള പാടത്തെ ചെളിയിലേക്ക് ജിഷ്ണു തള്ളിയിട്ടു. അരിശം തീരുംവരെ സന്ദീപിനെ കുത്തി. ഒപ്പം കൂട്ടാളികള്‍ കരയിലും വെള്ളത്തിലുമുണ്ടായിരുന്നു.
വടിവാളും കഠാരയും എപ്പോഴും കയ്യില്‍ കരുതുന്നവരാണ് ജിഷ്ണുവിൻ്റെ ക്വട്ടേഷന്‍ സംഘം. ഇതേ സംഘം ഈ വര്‍ഷം ഇത് മൂന്നാമത്തെ ക്രിമിനല്‍ കേസാണ് ഈ കുട്ടരുടേയും. ജിഷ്ണുവിൻ്റെ ബന്ധുവും സന്ദീപിൻ്റെ സന്തത സഹചാരിയുമായ രാകേഷാണ് ആദ്യം രക്ഷയ്ക്ക് എത്തിയത്. സംഘത്തിലൊരാള്‍ കൊടുവാളുമായി രാകേഷിനു നേരെ നീങ്ങിയപ്പോള്‍ ജിഷ്ണു തടഞ്ഞു. അതെൻ്റെ ബന്ധുവാണ്, കൊല്ലരുതെന്നു പറഞ്ഞു.
ദാ അവിടെ വെട്ടിയിട്ടിട്ടുണ്ട്, വേണേല്‍ എടുത്തോണ്ടു പൊയ്‌ക്കോ, എന്ന് രാകേഷിനോടു പറഞ്ഞ ശേഷമാണ് ജിഷ്ണുവും സംഘവും കരുവാറ്റയിലേക്കും മറ്റ് ഒളിസങ്കേതങ്ങളിലേക്കും പോയത്. ബൈക്കിലാണ് സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചത്. മൊത്തം 18 മുറിവാണ് ശരീരത്തിലുള്ളത്.
സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിനെ ആര്‍എസ്‌എസ്- ബിജെപി ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയത് നേതൃത്വത്തിൻ്റെ അറിവോടെയെന്ന് സിപിഎം ആരോപിക്കുന്നുണ്ട്. പത്തനംതിട്ടയില്‍ ബിജെപിയില്‍ നിന്ന് പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നത് തടയുന്നതിന് അരാജത്വം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൊല എന്നാണ് ആരോപണം.
ആദ്യ മൂന്നു പേരെയും ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പിടികൂടിയത്. കൊലപാതകത്തിന്റെ സൂത്രധാരന്‍ ജിഷ്ണുവാണെന്നാണ് പ്രഥമീക പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. പ്രതി ജിഷ്ണു മുഹമ്മദ് ഫൈസലിനെ ജയിലില്‍ വച്ചാണ് പരിചയപ്പെട്ടത്. ഗുണ്ടാ സംഘങ്ങളില്‍പ്പെട്ടവരാണ് പിടിയിലായവരെല്ലാം. നേരത്തെ ജയിലിലും കിടന്നിട്ടുണ്ട്.