നിക്ഷേപത്തട്ടിപ്പ് കേസ് : എം.സി കമറുദ്ദീൻ എം.എൽ.എയ്‌ക്കെതിരെ 14 വഞ്ചനാ കേസുകൾ കൂടി ; കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന പൊലീസ് മേധാവി
സ്വന്തം ലേഖകൻ
കാസർഗോഡ് : ചെറുവത്തൂർ ഫാഷൻ ഗോൾഡ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. എം സി കമറുദ്ദീൻ എം.എൽ.എ ഉൾപ്പടെയുള്ളവർ പ്രതിയായ നിലവിൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
സ്വർണക്കടയുടെ പേരിൽ നിരവധി പേരിൽ നിന്നും നിക്ഷേപമായി സ്വീകരിച്ച കോടിക്കണക്കിനു രൂപയും സ്വർണവും തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്നാണു കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീനെതിരെ കഴിഞ്ഞ ദിവസം വഞ്ചനാ കേസുകൾ കൂടി കാസർഗോട് ചന്ദേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് . 14 പേരിൽ നിന്നായി ഒരു കോടിയിലധികം രൂപ വാങ്ങിയെന്നാണ് പുതിയ വിവരം.
ഇതോടെ എം.എൽ.എക്കെതിരെ 29 കേസുകൾ ആയി. എം.സി കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടേയും വീട്ടിൽ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. എം.സി കമറുദ്ദീന്റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്ദേരിയിലെ വീട്ടിലുമാണ് തിരച്ചിൽ നടന്നത്.
എന്നാൽ വീട്ടിൽ തിരച്ചിൽ നടക്കുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നില്ല. ജ്വല്ലറി നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ചില രേഖകൾ കണ്ടെടുത്തെന്നാണ് പൊലീസ് പറയുന്നത്.
വഞ്ചന കേസുകൾക്ക് പുറമേ ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയിൽ എം.സി കമറുദ്ദീൻ എം.എൽ.എക്കും മുസ്ലീംലീഗ് നേതാവ് പൂക്കോയ തങ്ങൾക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു.