
എം.പി സന്തോഷ്‌കുമാറിന്റെ പത്രികയ്‌ക്കെതിരെ എതിർവാദവുമായി ഇടത് സ്ഥാനാർത്ഥി; പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു പത്രിക സ്വീകരിച്ചെന്നും സി പി എം സ്ഥാനാർത്ഥിയുടെ വാദം തെറ്റെന്നും എം.പി സന്തോഷ്‌കുമാർ
തേർഡ് ഐ ബ്യൂറോ
കോട്ടയം: മുൻ നഗരസഭ അദ്ധ്യക്ഷൻ എം.പി സന്തോഷ്‌കുമാറിന്റെ പത്രികയെച്ചൊല്ലി വിവാദം. സന്തോഷ്‌കുമാറിന്റെ പത്രിക സ്വീകരിച്ചതിനെതിരെ എതിർ സ്ഥാനാർത്ഥിയായ ഇടതു മുന്നണിയിലെ അർ.അഭിലാഷ് തുമ്പയിൽ നൽകിയ പരാതിയാണ് ഇപ്പോൾ എം.പി സന്തോഷ്‌കുമാറിന്റെ പത്രിക സ്വീകരിച്ചില്ലെന്ന വിവാദത്തിലേയ്ക്കു വഴി തിരിച്ചു വിട്ടത്. എന്നാൽ, വിവാദം തെറ്റാണെന്നും പത്രിക സ്വികരിച്ചതായും സന്തോഷ്‌കുമാർ തേർഡ് ഐ യോടു പറഞ്ഞു. യാതൊരു വിവാദവുമില്ലെന്നും കൃത്യമായ രേഖകൾ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ തന്റെ പത്രിക സ്വീകരിച്ചതായും, ഹൈക്കോടതി ഉത്തരവിൻ്റെ പകർപ്പ് ഹാജരാക്കിയതായും സന്തോഷ് വ്യക്തമാകുന്നു.
2001 -02 മുതൽ 2003- 04 വരെയുള്ള സാമ്പത്തിക വർഷത്തിൽ നഗരസഭ ഓഡിറ്റ് വിഭാഗവും പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയും ഓഡിറ്റ് വിഭാഗവും നഗരസഭയിലെ അന്നത്തെ ഭരണാധികാരികളുടെ ബാധ്യതയായി 2.17 ലക്ഷം രൂപയുള്ളതായി കണ്ടെത്തിയിരുന്നു. ഈ തുക അന്നത്തെ സെക്രട്ടറി, ചെയർമാൻ, ധനകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ എന്നിവരിൽ നിന്നും ഈടാക്കുന്നതിനു നിയമസഭാ സമിതി ശുപാർശ ചെയ്തിരുന്നതുമാണ്. ഇതാണ് സ്ക്രൂട്ടിണി സമയത്ത് തർക്കമായി അഭിലാഷ് ഉന്നയിച്ചത്
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നാണ്, തർക്കവും വിവാദവും ഉടലെടുത്തത്. ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ എം.പി സന്തോഷ്‌കുമാർ പത്രികയ്‌ക്കൊപ്പം സമർപ്പിച്ചിട്ടില്ലെന്നും ഇവർ വാദം ഉയർത്തിയിരുന്നു. ഇതേ തുടർന്നാണ്, എം.പി സന്തോഷ്‌കുമാറിന്റെ പത്രികയിൽ എതിർവാദം കേൾക്കാൻ മാറ്റി വച്ചതായും, പത്രിക തള്ളുമെന്നും വരെ ഒരു വിഭാഗം പ്രചാരണം നടത്തിയത്.
എന്നാൽ, ഇതു സംബന്ധിച്ചുള്ള സത്യാവസ്ഥ എന്താണ് എന്നു തേർഡ് ഐ ന്യൂസ് ലൈവിനോട് എം.പി സന്തോഷ്‌കുമാർ തന്നെ വെളിപ്പെടുത്തി. വനിതാ ഹോസ്റ്റൽ പണിയുന്നതായി സംബന്ധിച്ചു ഓഡിറ്റ് ഒബ്ജക്ഷൻ ഉണ്ടായിരുന്നു. അന്നു സണ്ണി കല്ലൂരായിരുന്നു ചെയർമാൻ. ഇതു സംബന്ധിച്ചു നിയമസഭാ സമിതിയുടെ ഓഡിറ്റ് ഒബ്ജക്ഷൻ ഉണ്ടാകുകയും ചെയ്തിരുന്നു. അന്ന് ധനകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിലാണ് തന്റെ പേര് പരാമർശിച്ചിരുന്നതെന്നു എം.പി സന്തോഷ് കുമാർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. എന്നാൽ, താനിരുന്ന കമ്മിറ്റിയോ, താനോ കണ്ട് ഒരു ശുപാശയും ചെയ്തിട്ടില്ല.
അന്നത്തെ വികസന സ്റ്റാൻഡിംങ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ചുള്ള ശുപാർശ നൽകിയത്. വികസന കമ്മിറ്റിയുടെ ശുപാർശയാണ് കൗൺസിലിൽ വച്ച് അംഗീകരിച്ചത്. ഇതിൽ ഏതെങ്കിലും രീതിയിലുള്ള കേസോ നിയമ നടപടിയോ ഉണ്ടായാൽ ഇത് വരേണ്ടത് നഗരസഭയിലെ അംഗങ്ങൾ എല്ലാവരുടേയും പേരിലാണ്. ഇതിനെതിരെ താൻ ഹൈക്കോടതിയെ സമീപിക്കുകയും, തനിക്ക് അനൂകൂലമായി വിധിയുണ്ടാകുകയും ചെയ്തതായും എം.പി സന്തോഷ്‌കുമാർ പറയുന്നു. നിയമസഭാ സമിതിയുടെ നടപടി ശരിയല്ലെന്നും, ഓഡിറ്റ് വിഭാഗം മറ്റൊരു പരിശോധന നടത്തണമെന്നും ഹൈക്കോടതി ഇതു സംബന്ധിച്ചുള്ള അന്തിമ വിധിയിൽ പ്രഖ്യാപനം നടത്തിയിരുന്നു. ഇത് മാറ്റി വച്ച് നാമനിർദേശം നൽകാമെന്നും ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു.
ഇത് കൂടാതെ ഡിമാന്റ് ചെയ്തതിൽ മൂന്നിലൊന്നു തുക ഡിപ്പോസിറ്റായി അടയ്ക്കണമെന്നും, ബാധ്യതയൊന്നുമില്ല എന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും ഹൈക്കോടതി വിധിച്ചിരുന്നതായി സന്തോഷ് കുമാർ വിശദീകരിക്കുന്നു. മൂന്നിലൊന്നു തുക അടച്ച ശേഷം മാത്രമേ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാവൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു.ടി തുക ഡെപ്പോസിറ്റായി അടച്ചതിൻ്റെ രേഖകൾ സന്തോഷ്കുമാർ വരണാധികാരിക്ക് മുൻപാകെ ഹാജരാക്കിയിരുന്നു. ഇതിനെ തുടർന്ന് വരണാധികാരി പത്രിക സ്വീകരിക്കുകയായിരുന്നു