മോഴയാനയുടെ പുറത്ത് കുടുങ്ങിപ്പോയ രണ്ടാം പാപ്പാന്‍ മരണം മുന്നില്‍ കണ്ട് കഴിഞ്ഞത് 12 മണിക്കൂർ; രവീന്ദ്രന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് ആത്മധൈര്യം ഒന്നു കൊണ്ടു മാത്രം; മയക്കുവെടി വയ്ക്കാന്‍ ഡോക്ടറില്ലാത്തത് തിരിച്ചടിയായി; ഇലന്തൂരിനെ വിറപ്പിച്ച് മോഴയാന

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പത്തനംതിട്ട: മോഴയാനയുടെ പുറത്ത് കുടുങ്ങിപ്പോയ രണ്ടാം പാപ്പാന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് ആത്മധൈര്യം ഒന്നു കൊണ്ടു മാത്രം.

ഇലന്തൂരില്‍ ബുധനാഴ്ച രാവിലെ ഒമ്പതിന് തുടങ്ങിയ ആനയോട്ടത്തിന് പരിസമാപ്തിയായത് ഒന്നാം പാപ്പാന്റെ ബുദ്ധിപരമായ നീക്കത്തിനൊടുവിൽ വൈകിട്ട് ആറു മണിക്ക്. പല തവണ തള്ളി താഴെയിടാന്‍ ആന ശ്രമിച്ചു. ഇതിനിടെ നിലവിളിക്കുന്ന ബന്ധുക്കളുടെ മുഖവും നിസഹായരായ നാട്ടുകാരുടെ ബഹളവുമെല്ലാം ഭീതി അന്തരീക്ഷം തന്നെയാണ് സൃഷ്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുത്തന്‍ കുഴിയില്‍ വ്യക്തിയുടെ പുരയിടത്തിലെ തടി പിടിക്കാന്‍ കൊണ്ടുവന്ന ഹരിപ്പാട് സ്വദേശിയുടെ അപ്പു എന്ന മോഴയാനയാണ് നാടിനെ 12 മണിക്കൂര്‍ മുള്‍മുനയില്‍ നിര്‍ത്തിയത്. രാവിലെ ഒൻപതു മണിയോടെയാണ് അപ്പു ഇടഞ്ഞത്.

ഈ സമയം രണ്ടാം പാപ്പാനും പ്രദേശവാസിയുമായ രവീന്ദ്രന്‍ ആനയുടെ പുറത്ത് ഉണ്ടായിരുന്നു. വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടര്‍ തട്ടി മറിച്ച ശേഷം ഏതാനും റബര്‍ മരങ്ങളും പിഴുതെറിഞ്ഞ ആന ഒന്നാം പാപ്പാനെ ആക്രമിക്കാനും ശ്രമിച്ചു.

ഇയാള്‍ ജനവാസമില്ലാത്ത കുന്നിലേക്ക് ആനയെ ബുദ്ധിപൂര്‍വം ഓടിച്ച്‌ കയറ്റിയതു കൊണ്ട് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാനായി. മണിക്കൂറുകളോളം മുത്തന്‍ കുഴിയിലെ റബ്ബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ച ആനയെ 12 മണിക്കൂറിന് ശേഷം വൈകിട്ട് ആറു മണിയോടെയാണ് മറ്റ് ആനകളുടെ പാപ്പാന്മാര്‍ ചേര്‍ന്ന് തളച്ച്‌ രവീന്ദ്രനെ താഴെയിറക്കിയത്.

ഇടഞ്ഞ ആനയുടെ മുകളില്‍, ആശങ്കാകുലരായ ബന്ധുക്കളുടെ മുന്നിലാണ് രവീന്ദ്രന്‍ 12 മണിക്കൂര്‍ കഴിച്ചു കൂട്ടിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഗോപകുമാര്‍. പൊലീസ് ഇന്‍സ്പക്ടര്‍ ജി. സുനില്‍, റാന്നി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.പി.പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയെങ്കിലും വെറ്റിനറി ഡോക്ടറില്ലാത്തതിനാല്‍ കാഴ്‌ച്ചക്കാരാകേണ്ടി വന്നു.

ഏതാനും വര്‍ഷം മുന്‍പ് എലിഫന്റ് സ്‌ക്വാഡിന്റെ തലവനായിരുന്ന ഡോ. ഗോപകുമാര്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ എലിഫന്റ് സ്‌ക്വാഡില്‍ സ്ഥിരം മയക്ക് വെടി വിദഗ്ധരായ വെറ്റിനറി ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ല എന്ന് ആക്ഷേപമുണ്ട്. നിലവില്‍ തേക്കടിയില്‍ നിന്നും വിദഗ്ദ്ധര്‍ എത്തിച്ചേരേണ്ട അവസ്ഥയാണുള്ളത്.